വീട്ടമ്മയെ പഞ്ചായത്ത് മെംബറുടെ നേതൃത്വത്തില്‍ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം

വീട്ടമ്മയെ പഞ്ചായത്ത് മെംബറുടെ നേതൃത്വത്തില്‍ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം

നെടുങ്കണ്ടം: പട്ടാപ്പകല്‍ വീട്ടമ്മയെ പഞ്ചായത്ത് മെംബറുടെ നേതൃത്വത്തില്‍ പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമം. നെടുങ്കണ്ടം അഞ്ചാം വാര്‍ഡ് മെംബര്‍ അജീഷ് മുതുകുന്നേല്‍, എട്ടുപടവില്‍ ബിജു, അമ്മന്‍ചേരില്‍ ആന്റണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അജീഷ് മുതുകുന്നേല്‍ സിപിഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി അംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റുമാണ്.

സംഭവത്തെത്തുടര്‍ന്ന് അജീഷ് മുതുകുന്നേലിനെ മണ്ഡലം കമ്മിറ്റിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതായി സിപിഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി സെക്രട്ടറി വി.കെ.ധനപാല്‍ അറിയിച്ചു. പ്രകാശ്ഗ്രാം മീനു നിവാസില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ തങ്കമണിയമ്മയാണ് (68) അതിക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം പ്രദേശത്തുള്ള 2 പേര്‍ തമ്മില്‍ വാട്‌സാപ് ചാറ്റുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു.
തങ്കമണിയമ്മയുടെ ഭര്‍ത്താവ് ശശിധരന്‍പിള്ള നടത്തുന്ന കടയുടെ മുന്നില്‍ ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍, കടയുടെ മുന്നില്‍ തര്‍ക്കം പാടില്ലെന്ന് ശശിധരന്‍പിള്ള പറഞ്ഞു. തര്‍ക്കത്തില്‍ ഉള്‍പ്പെട്ട യുവാവ് ഭീഷണിപ്പെടുത്തിയതോടെ ശശിധരന്‍പിള്ള പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി തീര്‍പ്പാക്കിയതായി തങ്കമണിയമ്മ പറഞ്ഞു.
ഇന്നലെ രാവിലെ 7നു വാഹനത്തിലെത്തിയ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലെത്തിയ മൂന്നംഗ സംഘം കടയില്‍ അതിക്രമിച്ചു കയറി. കടയിലുണ്ടായിരുന്ന തങ്കമണിയമ്മയുടെ തലയില്‍ പെട്രോള്‍ ഒഴിച്ചു. കമ്പിവടികൊണ്ടുള്ള ആക്രമണത്തില്‍ പരുക്കേറ്റ തങ്കമണിയമ്മ പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കടയിലെ സാധനങ്ങള്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ അടിച്ചുതകര്‍ക്കുകയും തുടര്‍ന്ന് കടയ്ക്കു തീയിടുകയും ചെയ്തു. പൊലീസെത്തി വീടിനും കടയ്ക്കും കാവല്‍ ഏര്‍പ്പെടുത്തി. അക്രമിസംഘത്തെ അറസ്റ്റ് ചെയ്തു പൊലീസ് സ്റ്റേഷനിലെത്തിച്ചതോടെ പഞ്ചായത്തംഗം പൊലീസിനെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് മറ്റൊരു കേസും എടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.