ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള സഹകരണ പ്രസ്ഥാനങ്ങളെ കൈപ്പിടിയിലാക്കാനുള്ള കേന്ദ്ര നീക്കമാണ് മന്ത്രാലയ രൂപീകരണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.
പൊതുമേഖല ബാങ്കുകളെ കൊള്ളയടിച്ച കേന്ദ്രം സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകള്‍ കൂടി കൊള്ളയടിക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളോട് ആലോചിക്കാതെ സഹകരണ മന്ത്രാലയം രൂപീകരിച്ചത് ഭരണഘടന വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.
മന്ത്രിസഭാ പുനസംഘടനക്ക് തൊട്ടുമുമ്പാണ് പുതുതായി സഹകരണ മന്ത്രാലയം രൂപീകരിച്ചതായുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയത്. രാജ്യത്തെ സഹകരണ മേഖലയില്‍ ഭരണപരവും നിയമപരവുമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് പുതിയ മന്ത്രാലയമെന്ന് കേന്ദ്രം വിശദീകരിക്കുന്നു.
സഹകരണ മന്ത്രാലയത്തിന്റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ്. കേരളം, കര്‍ണാടകം, മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വിജയകരമായി തുടരുന്ന സഹകരണ പ്രസ്ഥാനങ്ങളെ കൈപ്പിടിയിലൊതുക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന ആരോപണമാണ് ഉയരുന്നത്.
ഭരണഘടന പ്രകാരം സഹകരണ സംഘങ്ങളുടെ രൂപീകരണവും നിയന്ത്രണവും സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണ്. നിരവധി മേഖലകളിലായി പതിനയ്യായിരത്തിലധികം സഹകരണ സംഘങ്ങളാണ് കേരളത്തിലുള്ളത്. രണ്ട് ലക്ഷം കോടി രൂപയിലധികം വരുന്ന ഇതിലെ നിക്ഷേപത്തിലാണ് കേന്ദ്രം കണ്ണുവെക്കുന്നതെന്നാണ് സിപിഎം ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.