തെലുങ്കാനയില്‍ 1000 കോടിയുടെ നിക്ഷേപം; വാറങ്കലില്‍ പുതിയ ഫാക്ടറി, 4,000 പേര്‍ക്ക് തൊഴില്‍: കുതിച്ചുയര്‍ന്ന് കിറ്റക്‌സിന്റെ ഓഹരി വില

 തെലുങ്കാനയില്‍ 1000 കോടിയുടെ നിക്ഷേപം; വാറങ്കലില്‍ പുതിയ ഫാക്ടറി, 4,000 പേര്‍ക്ക് തൊഴില്‍: കുതിച്ചുയര്‍ന്ന് കിറ്റക്‌സിന്റെ ഓഹരി വില

ഹൈദരാബാദ്: കിറ്റക്സ് ഗ്രൂപ്പ് തെലുങ്കാനയില്‍ ആദ്യഘട്ടത്തില്‍ 1,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ടെക്‌സ്‌റ്റൈല്‍ പ്രോജക്ടിനായി വാറങ്കലില്‍ പുതിയ ഫാക്ടറി നിര്‍മ്മിക്കും. ഇവിടെ 4,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും തെലുങ്കാന വ്യവസായ മന്ത്രി കെ.ടി. രാമ റാവുവും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം കിറ്റക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് വ്യക്തമാക്കി.

പുതിയ പ്രഖ്യാപനത്തോടെ കിറ്റെക്‌സിന്റെ ഓഹരി വില കുതിച്ചുയര്‍ന്നു. പെട്ടെന്നുണ്ടായ ഈ നേട്ടം കമ്പനി നിലപാടിനുള്ള ബിസിനസ് കമ്മ്യൂണിറ്റിയുടെ പിന്തുണയുടെ സൂചനയായി. ഓഹരി മൂല്യം കൂടിയത് തങ്ങളുടെ നിലപാടുമായി മുന്നോട്ടു പോകാന്‍ കമ്പനിക്ക് ധൈര്യം പകരുകയും ചെയ്തിട്ടുണ്ട്.

തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചിക നഷ്ടത്തില്‍ ക്ലോസ് ചെയ്തപ്പോഴാണ് കിറ്റെക്‌സിന്റെ മിന്നും പ്രകടനം. ഒറ്റ ദിവസം കൊണ്ട് 19.72 ശതമാനത്തിന്റെ വര്‍ധന. 117.4 രൂപയില്‍ വ്യാപാരം തുടങ്ങിയ കിറ്റെക്സ് ഓഹരി വില 140.55 രൂപയിലേക്ക് ഉയര്‍ന്നു. ഒരുവേള മൂല്യം 140.85 രൂപവരെ ഉയര്‍ന്നിരുന്നു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുണ്ടായ പരിശോധനാ പീഡനം മൂലം കഴിഞ്ഞ മാസം കിറ്റെക്സിന്റെ ഓഹരി മൂല്യം ഇടിഞ്ഞിരുന്നു. ജൂണില്‍ ശരാശരി 130 രൂപയ്ക്കുമേല്‍ ഉണ്ടായിരുന്ന വില, ഈ മാസം ആദ്യവാരം 108 രൂപ വരെ താഴ്ന്നു. ഈ വര്‍ഷം ജനുവരി ഒന്നിന് 110-111 രൂപയായിരുന്നു ഓഹരി വില. ഏപ്രിലില്‍ ഇത് 93-94 രൂപയിലെത്തിയിരുന്നു.

കിറ്റെക്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബുമായി നടത്തിയ ചര്‍ച്ച വിജയകരമാണെന്ന്് തെലുങ്കാന വ്യവസായ മന്ത്രി കെ.ടി രാമ റാവു വ്യക്തമാക്കി. ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റെക്‌സ് തെലുങ്കാനയില്‍ രംഗ പ്രവേശം ചെയ്യുമെന്ന് അദേഹം ട്വിറ്റു ചെയ്തു.

കുട്ടികള്‍ക്കുള്ള വസ്ത്ര നിര്‍മാതാക്കളായ ലോകത്തെ പ്രമുഖ കമ്പനി തെലുങ്കാനയില്‍ ബിസിനസ് ആരംഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഉടനടിയുള്ള തീരുമാനത്തില്‍ കിറ്റെക്‌സ് എം.ഡി സാബു ജേക്കബിനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും തെലുങ്കാന വ്യവസായ മന്ത്രി പറഞ്ഞു.

തെലുങ്കാന സര്‍ക്കാരിന്റെ പ്രത്യേക്ഷ ക്ഷണം സ്വീകരിച്ചാണ് സാബു ജേക്കബും സംഘവും ഇന്നലെ ഹൈദരാബാദിലെത്തിയത്. യാത്രയ്ക്കായി തെലങ്കാന സര്‍ക്കാര്‍ പ്രത്യേക ജെറ്റ് വിമാനവും അയച്ചിരുന്നു. യാത്ര തിരിക്കും മുന്‍പ് കേരള സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് സാബു ഉന്നയിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.