ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യ വകുപ്പില്‍ കോവിഡ് ഡാറ്റ മാനേജ്മെന്റ്‌ നോഡല്‍ ഓഫീസറായി പുതിയ ചുമതല

ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യ വകുപ്പില്‍ കോവിഡ് ഡാറ്റ മാനേജ്മെന്റ്‌ നോഡല്‍ ഓഫീസറായി പുതിയ ചുമതല

തിരുവനന്തപുരം: കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡല്‍ ഓഫീസറായി ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല നൽകി. സംസ്ഥാനത്ത് ആകെയുള്ള രോഗികളുടെ എണ്ണം, ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍ സൗകര്യം തുടങ്ങിയവ ആഴ്ചയില്‍ വിശകലനം ചെയ്യുക എന്നതാണ് കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡല്‍ ഓഫീസറായി നിയമിച്ച ശ്രീറാം വെങ്കിട്ടരാമന്റെ പ്രധാന ചുമതല.

ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഇതു പരിശോധിക്കാന്‍ വിവിധ സംഘങ്ങളുണ്ട്. ഇവരെ നിയന്ത്രിക്കുക ഇനി ശ്രീറാം ആകും. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാമിനെ വിവാദത്തെ തുടര്‍ന്നു മറ്റു ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഫാക്‌ട് ചെക് വിഭാഗത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രതിനിധിയായി നിയോഗിച്ചതു വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മാറ്റിയത്. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിച്ചപ്പോഴും പ്രതിഷേധത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ തിരിച്ചു വിളിച്ചിരുന്നു.

2019 ഓഗസ്റ്റ് മൂന്നിന് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യ ലഹരിയില്‍ ഓടിച്ച കാറിടിച്ചു മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെട്ടെന്നാണു ശ്രീറാമിനെതിരായ കേസ്. എന്നാല്‍ കാര്‍ ഓടിച്ചതു താനല്ലെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഫിറോസായിരുന്നു എന്നുമായിരുന്നു ശ്രീറാമിന്റെ മൊഴി. കേസിനെത്തുടര്‍ന്നു സസ്പെന്‍ഷനിലായിരുന്ന ശ്രീറാം 2020 മാര്‍ച്ചിലാണ് സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.