കിറ്റക്‌സിനു മുന്നില്‍ വാഗ്ദാനപ്പെരുമഴയുമായി തെലുങ്കാന; കേരളം അറിയണം, ഇതാണ് സംരംഭക സൗഹൃദ സര്‍ക്കാര്‍

കിറ്റക്‌സിനു മുന്നില്‍ വാഗ്ദാനപ്പെരുമഴയുമായി തെലുങ്കാന; കേരളം അറിയണം, ഇതാണ് സംരംഭക സൗഹൃദ സര്‍ക്കാര്‍

ഹൈദരാബാദ്: കേരളാ സര്‍ക്കാരിന്റെ വ്യവസായ വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് തെലുങ്കാനയില്‍ നിക്ഷേപത്തിനെത്തിയ കിറ്റെക്‌സ് ഗ്രൂപ്പിനു മുന്നില്‍ വാഗ്ദാനപ്പെരുമഴയുമായി തെലുങ്കാന സര്‍ക്കാര്‍. ഏതൊരു സംരംഭകനും ആത്മ വിശ്വാസത്തോടെ മുതല്‍ മുടക്കാവുന്ന പത്ത് ഓഫറുകളാണ് എന്‍.ടി രാമറാവുവിന്റെ സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്നത്.

ന്യൂതന ടെക്‌സ്‌റ്റൈല്‍ ഉല്‍പാദന രംഗത്തെ ഏറ്റവും പുതിയ നിക്ഷേപകര്‍ക്കായി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ആദ്യ വാഗ്ദാനം മൂലധന സബ്‌സിഡിയാണ്. 50 മുതല്‍ 100 പേര്‍ക്കു വരെ ജോലി നല്‍കിയാല്‍ സ്ഥാപനങ്ങള്‍ക്ക് മുതല്‍ മുടക്കില്‍ 35 ശതമാനം വരെ സബ്‌സിഡി നല്‍കും. പരമാവധി നാല്‍പ്പത് കോടി രൂപ വരെ ഇതുവഴി നിക്ഷേപകര്‍ക്ക് ലാഭിക്കാം.

പദ്ധതിക്കായി സര്‍ക്കാര്‍ ഭൂമി വാടകയ്‌ക്കെടുത്താല്‍ ആദ്യ അഞ്ച് വര്‍ഷത്തേക്ക് 25 ശതമാനം വരെ സബ്‌സിഡി ലഭിക്കും. വാതില്‍പ്പടി വരെ റോഡും വെള്ളവും സര്‍ക്കാര്‍ എത്തിക്കും. മാലിന്യ സ്ംസ്‌കരണ പ്ലാന്റ് സര്‍ക്കാര്‍ സ്ഥാപിച്ചു നല്‍കും. തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള കെട്ടിടം പണിയുന്നതിനും പ്രത്യേക സാമ്പത്തിക സഹായമുണ്ട്.

പുതിയ സംരംഭങ്ങള്‍ക്ക് സംവിധാനമൊരുക്കാനാവശ്യമുള്ള ലോണ്‍ തുകയുടെ 75 ശതമാനം വരെ പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തി എട്ടു ശതമാനം പലിശയ്ക്ക് സര്‍ക്കാര്‍ ലഭ്യമാക്കും. ഇതിന് എട്ടു വര്‍ഷം വരെ ഈ പലിശയിളവ് ലഭിക്കും. 50 മുതല്‍ 200 വരെ തൊഴിലാളികള്‍ ജോലി നല്‍കുന്ന സംരംഭങ്ങള്‍ക്ക് യൂണിറ്റിന് ഒരു രൂപാ നിരക്കില്‍ തടസമില്ലാതെ വൈദ്യുതി എത്തിക്കും.

വന്‍കിട സംരംഭങ്ങള്‍ക്ക് യൂണിറ്റിന് പരമാവധി രണ്ടു രൂപ മാത്രമാണ് ഈടാക്കുക. സംരംഭം തുടങ്ങാനായി ഭൂമി വാങ്ങുന്നതിനോ, പാട്ടത്തിനോ എടുക്കുന്നതിന് വേണ്ടി വരുന്ന സ്റ്റാമ്പ് ഡ്യൂട്ടി ഉല്‍പ്പെടെ എല്ലാ ചിലവുകളും സര്‍ക്കാര്‍ വഹിക്കും. ഉദ്യോഗസ്ഥര്‍ നേരിട്ടുവന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. സംരംഭം തുടങ്ങി ഏഴ് വര്‍ഷത്തേക്ക് വാറ്റ്, സിഎസ്ടി, സംസ്ഥാന ജിഎസ്ടി എന്നിവ നൂറ് ശതമാനം ഒഴിവാക്കും.

സംരംഭം തുടങ്ങിയ ശേഷം പുതിയ സംവിധാനം സ്ഥാപിക്കാന്‍ ഉല്‍പ്പന്നം ഒന്നിന് പത്ത് ലക്ഷം രൂപ വരെ സഹായം. കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംരംഭങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ 75 ശതമാനം വരെ നികുതിയിളവ് ലഭിക്കും.

ഉല്‍പ്പന്നങ്ങളുടെ ഡിസൈനിംഗിനായി ചെലവാകുന്ന തുകയുടെ 20 ശതമാനം വരെ സര്‍ക്കാര്‍ നല്‍കും. തൊഴിലാളികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാന്‍ ആളൊന്നിന് 3000 രൂപ മുതല്‍ 5000 രൂപവരെ സഹായം ലഭ്യമാക്കും. പുറത്തു നിന്നുള്ള നിക്ഷേപകരെ പരമാവധി ആകര്‍ഷിച്ച് സംസ്ഥാനത്ത് വ്യവസായ വിപ്ലവം സൃഷ്ടിക്കാന്‍ ഇത്തരത്തില്‍ നിരവധി പ്രത്യേക ആനുകൂല്യങ്ങളാണ് തെലുങ്കാന സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.