ചിട്ടയോടെയുള്ള ജീവിതം; പ്രകൃതിയോടിണങ്ങിയ ഭക്ഷണം

ചിട്ടയോടെയുള്ള ജീവിതം;  പ്രകൃതിയോടിണങ്ങിയ ഭക്ഷണം

കോട്ടയ്ക്കല്‍: അതിരാവിലെ നാലു മണിക്ക് എഴുന്നേല്‍ക്കുന്ന ശീലക്കാരനായിരുന്നു പത്മശ്രീ ഡോ. വാര്യര്‍. പ്രഭാതകര്‍മങ്ങള്‍ക്കു ശേഷം വിവിധ പ്രാര്‍ത്ഥനകള്‍. പിന്നീട് പത്തായപ്പുരയില്‍നിന്ന് താഴേക്കിറങ്ങും. അമ്മാവന്റെ സമാധിസ്ഥലത്ത് വിളക്കു കൊളുത്തി പ്രാര്‍ഥിച്ച് പ്രദക്ഷിണം വെക്കും.

പിന്നെ അല്പസമയം അഷ്ടാംഗ ഹൃദയം വായനയാണ്. 5.50-ന് വന്ദേമാതരം നിര്‍ബന്ധമായും കേള്‍ക്കും. അതിനു ശേഷം 7.30-ന് പ്രഭാത ഭക്ഷണം, ഒന്നോ രണ്ടോ ഇഡ്ഡലിയോ ദോശയോ. പിന്നെ രോഗികളെ കാണാനുള്ള സമയമാണ്. ആയുര്‍വേദ കുലപതി 100 വയസുവരെ ഇങ്ങനെ ചിട്ടയോടെയാണ് ജീവിച്ചത്.

ഉച്ചയ്ക്ക് ഒരു മണിയോടെ അല്പം ചോറും പഴങ്ങളും ഉണങ്ങിയ പഴങ്ങളും. സാമ്പാറും രസവുമൊന്നും ഉപയോഗിക്കാറില്ല. അല്പസമയം വിശ്രമിച്ചതിനു ശേഷം വീണ്ടും ഓഫീസിലേക്ക്. വൈകുന്നേരം കുറച്ച് ചായയോ കാപ്പിയോ. ലഘുഭക്ഷണം കൂടുതലും പഴങ്ങളാവും. ഇളനീര്‍വെള്ളം നന്നായി കുടിക്കും.

സന്ധ്യക്ക് കുളിയും പ്രാര്‍ഥനയും കഴിഞ്ഞ് ഏഴരയോടെ രാത്രി ഭക്ഷണം. അതുകഴിഞ്ഞാല്‍ പക്ഷിമൃഗാദികള്‍പോലും ഭക്ഷണം കഴിക്കാറില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മുമ്പൊക്കെ അരിമേദാദി തൈലം പഞ്ഞിയിലാക്കി പല്ലില്‍ വെക്കുമായിരുന്നു. പല്ലിന്റെ ഉറപ്പിനും ആരോഗ്യത്തിനുമാണത്. അണുതൈലം കൊണ്ട് നസ്യവും പതിവുണ്ടായിരുന്നു.

ഗോതമ്പിന്റെ ഭക്ഷണമാണ് കൂടുതലിഷ്ടം. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക എന്നതാണ് രീതി. ഇതിനിടയില്‍ പത്രം വായിക്കാനും ടി.വി. കാണാനും കുറച്ചു സമയം. തല കുളിക്കുന്നത് ആഴ്ചയില്‍ രണ്ടു പ്രാവശ്യം മാത്രം. രാത്രി ഒമ്പതരയോടെ ഉറങ്ങാന്‍ പോകും. അതിനു മുമ്പ് അല്പം അഗസ്ത്യ രസായനം കഴിക്കും.

പ്രകൃതിയോടിണങ്ങിയ ഭക്ഷണവും ജീവിതവും തന്നെയാണ് ഇഷ്ടം. പണ്ട് സ്ഥിരമായി ഖദര്‍ വസ്ത്രമായിരുന്നെങ്കിലും യാത്രയും മറ്റു തിരക്കുകളുമായപ്പോള്‍ സൗകര്യത്തെക്കരുതി പിന്നീടതു മാറ്റി. ഇപ്പോള്‍ കുറച്ചുകാലമായി യാത്രകളില്ല, രോഗികളെയും കാണാറില്ല. പൂര്‍ണ വിശ്രമത്തിലായിരുന്നു ആയുര്‍വേദത്തിന്റെ ഈ മഹാ പ്രതിഭ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.