രണ്ടാം സൂപ്പർ ഓവറില്‍ മുംബൈയില്‍ നിന്ന് വിജയം പിടിച്ചുവാങ്ങി കിംഗ്സ് ഇലവന്‍ പഞ്ചാബ്

രണ്ടാം സൂപ്പർ ഓവറില്‍ മുംബൈയില്‍ നിന്ന് വിജയം പിടിച്ചുവാങ്ങി കിംഗ്സ് ഇലവന്‍ പഞ്ചാബ്

ക്രിക്കറ്റെന്ന ഗെയിമിന്‍റെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ഞായറാഴ്ച നടന്നത്. സൂപ്പ‍ർ സണ്‍ഡെ. രണ്ട് മത്സരങ്ങള്‍ മൂന്ന് സൂപ്പ‍ർ ഓവറുകള്‍. ഐപിഎല്‍ ആരാധകർക്ക് ആവേശമായി രണ്ടുമത്സരങ്ങളും. കിംഗ്സ് ഇലവന്‍ പഞ്ചാബ് മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ , മുംബൈ വിചാരിച്ച പോലെയാണ് കാര്യങ്ങളെല്ലാം നടന്നത്. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട സമയത്ത് കൃണാല്‍ പാണ്ഡ്യയെ ഇറക്കുന്നു. അതിനുശേഷം ഹ‍ർദ്ദികും പൊളളാ‍ർഡും ക്വാ‍ർട്ടർ നീലും അടിച്ചു തകർത്ത് ഒരു നല്ല സ്കോറിലേക്ക് എത്തുന്നു.176 എന്നുളളത് വിജയിക്കാന്‍ പറ്റുന്ന ടോട്ടലായിരുന്നുവെന്നുളളതില്‍ സംശയമില്ല. കിംഗ്സ് ഇലവനിലേക്ക് വരുമ്പോള്‍ നിർഭാഗ്യം കൊണ്ട് വിജയം പലപ്പോഴും കൈവിട്ട് പോയ ടീമാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ആദ്യ മത്സരത്തില്‍ തന്നെ സൂപ്പർ ഓവർ. ജയിച്ചുവെന്ന് ഉറപ്പിച്ച മത്സരം സൂപ്പർ ഓവറിലൂടെ കൈവിട്ട് പോകുന്നു. അതിനുശേഷവും ഭാഗ്യം തുണക്കാത്ത മത്സരങ്ങള്‍ കളിച്ച ടീമാണ് കിംഗ്സ് ഇലവന്‍. പക്ഷെ മുംബൈയ്ക്കെതിരെയുളള മത്സരത്തില്‍ ഭാഗ്യം അവർക്കൊപ്പം നിന്നു.മുംബൈ ഇന്ത്യന്‍സ് നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തി കളയുന്നതും കാണാമായിരുന്നു. ഫീല്‍ഡിംഗ് പിഴവുകളും വിനയായി.

ദീപക് ഹൂഡയെന്ന താരത്തിന്‍റെ പ്രകടനം എടുത്തുപറയേണ്ടതാണ്. അവസരം ലഭിക്കാന്‍ വൈകിയെങ്കിലും കിട്ടിയ അവസരം ഗംഭീരമായി ഉപയോഗിക്കാന്‍ ഹൂഡയ്ക്ക് കഴിഞ്ഞു. ബുംറെയെ പോലുളള താരത്തിനെതിരെ കളിക്കുമ്പോള്‍ പ്രകടമാക്കിയ ശരീരഭാഷ, തനിക്ക് ഇത് ചെയ്യാന്‍ കഴിയുമെന്ന് കാണിക്കുന്നത് തന്നെയാണ്. 2014 അണ്ടർ 19 ലോകകപ്പില്‍ കളിച്ച ശേഷം ബറോഡയ്ക്ക് വേണ്ടി നല്ല പ്രകടനം കാഴ്ച വച്ചിട്ടുളളതാരമാണ് ഹൂഡ. എന്നാല്‍ വലിയ മത്സരങ്ങളില്‍ സ്ഥിരതയുളള പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. മുംബൈയ്ക്കെതിരെയുളള പ്രകടനം മുന്നോട്ടുളള യാത്രയില്‍ അദ്ദേഹത്തിന് ഗുണം ചെയ്യുമെന്ന് തീർച്ച. കെ എല്‍ രാഹുലിന്‍റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. പലപ്പോഴും അദ്ദേഹം ഓറ‍ഞ്ച് ക്യാപിന് വേണ്ടി കളിക്കുകയാണെന്നുളള വിമർശനം ഉയ‍ർന്നിരുന്നു. മുംബൈയ്ക്കെതിരെ വിജയത്തിനടുത്ത് വരെയെത്തിക്കാന്‍ രാഹുലിന്‍റെ ഇന്നിംഗ്സിന് കഴിഞ്ഞു. മത്സരത്തിലെ ടേണിംഗ് പോയിന്‍റെന്ന് വിലയിരുത്താന്‍ കഴിയുന്നത് ജസ്പ്രീത് ബുംറയുടെ ബൗളിംഗാണ്. ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരില്‍ ഒരാളാണ് താനെന്ന് അടിവരയിടുന്നതായിരുന്നു ബുംറയുടെ ബൗളിംഗ്. 72 റണ്‍സെടുത്ത് നിന്നിരുന്ന കെ എല്‍ രാഹുലിന്‍റെ വിക്കറ്റ് അദ്ദേഹം നേടിയത് ബൗളിംഗ് മികവിന്‍റെ മികച്ച ഉദാഹരണമായി. അവസാന ഓവറുകളിലേക്ക് പോകുമ്പോള്‍ ദീപക് ഹൂഡയ്ക്ക് മത്സരം ജയിക്കാന്‍ കഴിയുന്ന രീതിയിലേക്ക് എത്തിയെങ്കിലും വൈഡ് വിളിക്കാതിരുന്നത് അവ‍ർക്ക് തിരിച്ചടിയായി. ഇത് രണ്ടാം തവണയാണ് ക്രിസ് ജോർഡാനിലേക്ക് അത്തരത്തിലുളള ഒരു ചുമതലയെത്തുന്നത്.

അവരുടെ ആദ്യമത്സരത്തില്‍ ഒരുപന്തില്‍ ഒരുറണ്‍ കിട്ടിയാല്‍ ജയിക്കുമായിരുന്നു. ആ സമയത്ത് അത് നേടാന്‍ സാധിച്ചില്ല. ഈ മത്സരത്തില്‍ ഒരു പന്തില്‍ രണ്ട് റണ്‍സ് വേണമായിരുന്നു. ഒരു റണ്‍ എടുക്കാനെ സാധിച്ചുളളൂ. മത്സരം സൂപ്പർ ഓവറിലേക്ക് പോയി. ജയപരാജയങ്ങള്‍ നേരിയ വ്യത്യാസത്തില്‍ മാറികൊണ്ടിരുന്ന മത്സരം. മനസാന്നിദ്ധ്യമുളള ഒന്ന് രണ്ട് പ്രകടനങ്ങള്‍ എടുത്തുപറയേണ്ടതാണെന്ന് തോന്നുന്നു. ആദ്യത്തേത് ദീപക് ഹൂഡ. രണ്ടാമത്തേത് രണ്ടാം സൂപ്പർ ഓവറില്‍ മായങ്ക് അഗർവാളെടുത്ത ഫീല്‍ഡിംഗ് എഫോർട്ട്. കീറോണ്‍ പൊള്ളാർഡിന്‍റെ ബാറ്റിന് താഴെ തട്ടി ബൗണ്ടറിക്ക് പുറത്ത് പോയിരുന്ന പന്ത് മായങ്ക് മനോഹരമായി പിടിച്ച് രണ്ട് റണ്‍സിലേക്ക് ഒതുക്കിയത് മത്സരത്തില്‍ നിർണായകമായി. രണ്ടാം സൂപ്പർ ഓവറിലെ നിയമവും കിംഗ്സ് ഇലവനെ ജയിക്കാന്‍ സഹായിച്ചു. ആദ്യ സൂപ്പർ ഓവറില്‍ കളിച്ചവർ രണ്ടാം സൂപ്പർ ഓവറില്‍ കളിക്കാന്‍ പാടില്ലെന്നുളളത് കിംഗ്സ് ഇലവന് ഗുണമായി. മുംബൈയ്ക്ക് തിരിച്ചടിയായത് ബുംറെയെ ഉപയോഗിക്കാന്‍ കഴി‍ഞ്ഞില്ലെന്നുളളതാണ്. ക്രിസ് ഗെയിലെന്ന താരം കിംഗ്സ് ഇലവന് ഭാഗ്യവും വിജയവും കൊണ്ടുതരുന്ന താരമായി മാറുകയാണ്. സമ്മർദ്ദമേറിയ മത്സരങ്ങളിലൂടെ കടന്നുപോയി വിജയപാതയിലേക്ക് വരുന്ന ടീമുകളെ പല ടൂർണമെന്‍റുകളിലും കണ്ടിട്ടുണ്ട്. ആ പാത പിന്തുടരാന്‍ കിംഗ്സ് ഇലവനും സാധിക്കട്ടെ.

സ്കോ‍ർ MI 176/6 (20)KXIP 176/6 (20)

സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.