ഡല്‍ഹിയില്‍ 2,500 കോടിയുടെ ഹെറോയിന്‍ പിടികൂടി; തീവ്രവാദബന്ധം അടക്കം പൊലീസ് അന്വേഷിക്കുന്നു

ഡല്‍ഹിയില്‍ 2,500 കോടിയുടെ ഹെറോയിന്‍ പിടികൂടി; തീവ്രവാദബന്ധം അടക്കം പൊലീസ് അന്വേഷിക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2500 കോടിയുടെ ഹെറോയിന്‍ പിടികൂടി. അഫ്ഗാന്‍ സ്വദേശി ഉള്‍പ്പെടെ നാലംഗ സംഘത്തില്‍ നിന്നാണ് ഹെറോയിന്‍ പിടികൂടിയത്. 345 കിലോഗ്രാം ഹെറോയിന്‍ പ്രതികളില്‍ നിന്ന് കണ്ടെടുത്തയായി ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം വ്യക്തമാക്കി.

ലഹരിമരുന്ന് ഇടപാടുകളില്‍ അന്താരാഷ്ട്ര ബന്ധമുള്ളവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത ഹെറോയിന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും എത്തിച്ചതാണ്. പഞ്ചാബിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ഡല്‍ഹിയിലേക്ക് ഇവ എത്തിക്കുന്നതിനിടെയാണ് പോലീസ് നടപടിയുണ്ടായത്.

അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിച്ച ഹെറോയിന്‍ മധ്യപ്രദേശിലെ ശിവപുരിയിലെ ഒരു ഫാക്ടറിയിലാണ് സൂക്ഷിച്ചിരുന്നത്. ലഹരിമരുന്ന് സൂക്ഷിക്കാന്‍ ഫരീദാബാദില്‍ വീട് വാടകയ്ക്ക് എടുത്തിരുന്നു. ഈ വീട് പോലീസ് കണ്ടെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇടപെടല്‍ നടന്നത്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് പാകിസ്ഥാനില്‍ നിന്നും സഹായം ലഭിച്ചിരുന്നോ എന്ന് അന്വേഷിക്കും. ഇത്രയും വലിയ തുകയുടെ ഹെറോയിന്‍ എത്തിച്ചതാണ് സംശയം ശക്തമാക്കുന്നത്. അതിനാല്‍ തീവ്രവാദബന്ധം അടക്കമുള്ളവ പോലീസ് അന്വേഷിക്കുന്നുണ്ട്.

പിടിയിലായവര്‍ക്ക് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ മാസം ഡല്‍ഹി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്താരാഷ്ട്ര ബന്ധമുള്ള ലഹരിമരുന്ന് കടത്തുകാരെ പിടികൂടിയിരുന്നു. ഈ മാസം ആദ്യം 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിത ബെംഗളൂരുവില്‍ പിടിയിലായിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് യുവതിയെ പിടികൂടിയത്. കോടികളുടെ ലഹരിവേട്ടയാണ് വിമാനത്താവളത്തില്‍ നടന്നത്. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അവരുടെ ബാഗ് പരിശോധിച്ചതോടെയാണ് ഹെറോയിന്‍ കണ്ടെത്തിയത്. എട്ട് കിലോ ഹെറോയിന്‍ പിടിച്ചെടുത്തുവെന്ന് ഡിആര്‍ഐ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.