ഇരുപതാം മാർപാപ്പ വി. ഫാബിയൻ (കേപ്പാമാരിലൂടെ ഭാഗം-21)

ഇരുപതാം  മാർപാപ്പ  വി. ഫാബിയൻ  (കേപ്പാമാരിലൂടെ ഭാഗം-21)

തിരുസഭയുടെ ഇരുപതാമത്തെ തലവനും ഇടയനുമായി തെരഞ്ഞെടുക്കപ്പെട്ട ഫാബിയന്‍ മാര്‍പ്പാപ്പ ഏ.ഡി. 200-ല്‍ ഇറ്റലിയിലെ ഉന്നത കുടുംബമായ ഫാബിയൂസ് കുടുംബത്തില്‍ ജനിച്ചു. വി. അന്ത്രസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ഫാബിയന്‍ മാര്‍പ്പാപ്പ ആദിമ സഭയിലെ പ്രമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു.

വെറും നാല്പത്തിമൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിച്ച അന്ത്രസ് മാര്‍പ്പാപ്പയുടെ ഭരണകാലത്തിനുശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്തുക എന്നത് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്തുവാന്‍ റോമില്‍ ഒത്തുകൂടിയവര്‍ക്ക് വളരെയധികം വിഷമകരമായ ഒരു കാര്യമായിരുന്നു. മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതിലെ നടപടിക്രമങ്ങളിലെ താത്പര്യമൂലം മറ്റുചിലരോടൊപ്പം മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിനു മുമ്പ് റോമിലേക്ക് വന്ന ഫാബിയന്‍ അത്ഭുതകരവും ദൈവികവുമായ രീതിയില്‍ തിരുസഭയുടെ ഇരുപതാമത്തെ ഇടയനും പത്രോസിന്റെ പിന്‍ഗാമയുമായി തിരഞ്ഞെടുക്കപ്പെട്ടു എന്ന സഭാചരിത്രകാരനായ യൗസേബിയൂസ് സാക്ഷ്യപ്പെടുത്തുന്നു. 

മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി റോമില്‍ ഒത്തുകൂടിയ പുരോഹിതരുടെയും വിശ്വാസികളുടെയും ഗണം അടുത്ത മാര്‍പ്പാപ്പയായി ആരെ തിരഞ്ഞെടുക്കണം എന്ന ചര്‍ച്ചകളില്‍ വ്യാപൃതരാവുകയും വിശുദ്ധരും ഉന്നതകുലജാതരുമായ പലരുടെയും പേരുകള്‍ ഉയര്‍ന്നുവരികയും ചെയ്തു. എന്നാല്‍ അത്ഭുതകരവും ദൈവികവുമായ രീതിയില്‍ ഒരു പ്രാവ് പെട്ടന്ന് വിശ്വാസികളുടെ കൂടെ നിന്നിരുന്ന ഫാബിയന്റെ തലയില്‍ വന്നിരുന്നു. ഇതു കണ്ടുനിന്ന അവിടെ കൂടയിരുന്ന സഭാനേതൃത്വവും വിശ്വസികളും ദൈവനിവേശിതരായി ഏക സ്വരത്തില്‍ സഭയെ നയിക്കുന്നതിനും വി. പത്രോസിന്റെ പിന്‍ഗാമയായി തെരഞ്ഞെടുക്കപ്പെടുന്നതിനുമായി യോഗ്യനായ ഫാബിയനാണ് എന്ന് ഉദ്‌ഘോഷിച്ചു. ഇതിനെ തുടര്‍ന്ന സഭാനേതൃത്വം അദ്ദേഹത്തെ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കുകയും അഭിഷേകം ചെയ്യുകയും ചെയ്തു. കാര്‍ത്തേജിലെ വി. സിപ്രിയന്‍ ഫാബിയന്‍ മാര്‍പ്പാപ്പയെ സമന്വയത്തോടെ സഭയെ നയിച്ച മഹാനായ മാര്‍പ്പാപ്പയാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു. 

ഫാബിയന്‍ മാര്‍പ്പ റോമന്‍ സഭയുടെ സുഗമമായ വളര്‍ച്ചയ്ക്കും ഭരണത്തിനുമായി റോമിനെ ഏഴു ജില്ലകളായി തിരിക്കുകയും അവയുടെ ചുമതല എഴു ഡീക്കന്മാരെ ഏല്‍പ്പിക്കുകയും ചെയ്തു. അതുപ്പോലെതന്നെ ഫാബിയന്‍ മാര്‍പ്പാപ്പ ചെയ്ത ഏറ്റവും വലിയ കാര്യമായിരുന്നു സാര്‍ദിന ഖനിയില്‍ നിര്‍ബന്ധിത അടിമവേലയ്ക്കായി അയക്കപ്പെടുകയും പിന്നീട് അവിടെവെച്ച് മരണപ്പെടുകയും ചെയ്ത പോന്‍സിയാനൂസ് മാര്‍പ്പാപ്പയുടെയും എതിര്‍ മാര്‍പ്പാപ്പയായിരുന്ന എന്നാല്‍ പിന്നീട് മാനസാന്തരപ്പെടുകയും ചെയ്ത വി. ഹിപ്പോളിറ്റസിന്റെയും ശരീരങ്ങള്‍ തിരികെ റോമിലേയ്ക്ക് തിരികെ കൊണ്ടുവരികയും സംസ്‌കരിക്കുകയും ചെയ്തു. വി. പോന്‍സിയാനൂസ് മാര്‍പ്പാപ്പയാല്‍ സഭാഭ്രഷ്ടനാക്കപ്പെട്ട സഭാപണ്ഡിതനായ ഒരിജന്‍ ഫാബിയന്‍ മാര്‍പ്പാപ്പയുടെ മുന്‍പില്‍ തന്റെ പഠനങ്ങളുടെ ആധികാരികതയും സഭാപഠനങ്ങളോടുള്ള തന്റെ വിധേയത്വവും തെളിയിച്ചു എന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഫാബിയന്‍ മാര്‍പ്പാപ്പയുടെ ഭരണകാലം ഡേസിയൂസ് റോമന്‍ ചക്രവര്‍ത്തിയാകുന്നതുവരെ സമാധാനപൂര്‍ണ്ണമായിരുന്നു. എന്നാല്‍ ഡേസിയൂസ് ചക്രവര്‍ത്തിയായ ഉടനെ അദ്ദേഹം ആദ്യം ചെയ്ത് ഫാബിയന്‍ മാര്‍പ്പാപ്പയെ പിടികൂടി കാരാഗൃഹത്തില്‍ അടയ്ക്കുകയ എന്നതായിരുന്നു. കാരാഗൃഹത്തില്‍ വെച്ചുള്ള നിഷ്ഠൂരവും നിര്‍ദയവുമായ പീഡനങ്ങളുടെ ഫലമായി ഏ.ഡി. 250-ല്‍ കാലം ചെയ്തു. തിരുസഭ അദ്ദേഹത്തെ രക്തസാക്ഷിയായി വണങ്ങുന്നു.

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.