കോവിഡ്: രാജ്യത്ത് തൊഴിൽ നഷ്ടമായത് 10 കോടി പേർക്ക്; 40 കോടി ആളുകൾ ദാരിദ്ര്യത്തിലേക്ക്

കോവിഡ്: രാജ്യത്ത് തൊഴിൽ നഷ്ടമായത് 10 കോടി പേർക്ക്; 40 കോടി ആളുകൾ ദാരിദ്ര്യത്തിലേക്ക്

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ രാജ്യത്ത് പത്തുകോടിയിലേറേ പേർക്ക് തൊഴിൽ നഷ്ടമായതായി തൊഴിലാളി സംഘടനകൾ. 40 കോടി പേർ ദാരിദ്ര്യ ഭീതിയിലാണ്. തൊഴിലാളി യൂണിയനുകളും വ്യവസായരംഗത്തെ സംഘടനകളുമാണ് ഇതു സംബന്ധിച്ച കണക്കുകൾ പാർലമെന്ററി സമിതിക്കു മുന്നിൽ നിരത്തിയത്.

നിക്ഷേപം ആകർഷിക്കാൻ നിലവിലെ നയങ്ങൾ പുനഃപരിശോധിക്കണമെന്ന് വ്യവസായസമൂഹം ആവശ്യപ്പെട്ടപ്പോൾ തൊഴിൽ സംരക്ഷിക്കണമെന്നാണ് ബി.എം.എസ്. ഉൾപ്പെടെയുള്ള യൂണിയനുകൾ തൊഴിൽകാര്യ പാർലമെന്ററി സമിതിയോട് ആവശ്യപ്പെട്ടത്.

കോവിഡിനെത്തുടർന്ന് ഗാർഹികവരുമാനം 97 ശതമാനം കുറഞ്ഞതായി തൊഴിലാളി യൂണിയനുകൾ പറഞ്ഞു. ആദ്യതരംഗത്തിൽ 32 കോടി പേർ ദാരിദ്ര്യരേഖയ്ക്കു കീഴിലായി. രാജ്യത്തെ 40 കോടി പേർ ദാരിദ്ര്യത്തിലാവുമെന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കുകൂട്ടൽ. രണ്ടാംതരംഗത്തിനുശേഷം രാജ്യത്തെ മധ്യവർഗം ദാരിദ്ര്യത്തിലേക്ക്‌ നീങ്ങുകയാണ്.

ലോക്ക്ഡൗൺ നഗരങ്ങളിലെ തൊഴിലാളികളിൽ 80 ശതമാനത്തിന്റെയും ജീവനോപാധിയെ ബാധിച്ചിട്ടുണ്ടെന്ന് വിവിധ സർവേകൾ ചൂണ്ടിക്കാട്ടി സംഘടനകൾ വിശദീകരിച്ചു. വരുമാനത്തിൽ 40-50 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നാണ് അസിംപ്രേംജി സർവകലാശാല നടത്തിയ പഠനത്തിലെ വിലയിരുത്തൽ. മാസവരുമാനത്തിൽ 65 ശതമാനം കുറവുണ്ടായെന്ന് ദാൽബെർഗ് സർവേയും വെളിപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.