തെലുങ്കാന നല്‍കിയത് രാജകീയ സ്വീകരണം; കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ല, എംഎല്‍എമാര്‍ക്ക് നന്ദി: കിറ്റക്സ് എംഡി

തെലുങ്കാന നല്‍കിയത് രാജകീയ സ്വീകരണം; കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ല, എംഎല്‍എമാര്‍ക്ക് നന്ദി: കിറ്റക്സ് എംഡി

കൊച്ചി: ഇനി ഒരു രൂപ പോലും കേരളത്തില്‍ നിക്ഷേപിക്കില്ലെന്ന് കിറ്റക്സ് എംഡി സാബു ജേക്കബ്. രാജകീയ സ്വീകരണമാണ് തെലുങ്കാനയില്‍ ലഭിച്ചത്. ആദ്യഘട്ടത്തില്‍ ആയിരം കോടി രൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. അതിന് വേണ്ടിയുള്ള ഉറപ്പ് കൊടുത്തിട്ടുണ്ട്.

രണ്ടാഴ്ചക്കുള്ളില്‍ ബാക്കി കാര്യങ്ങള്‍ തീര്‍പ്പാക്കും. അതിന് ശേഷമായിരിക്കും കൂടുതല്‍ നിക്ഷേപം വേണമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

തെലുങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവുവുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കൊച്ചിയില്‍ തിരികെ എത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. എറണാകുളത്തെ എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് കേരളത്തില്‍ ഇനി നിക്ഷേപം നടത്തില്ലെന്ന് അദേഹം തുറന്നടിച്ചത്.

പ്രധാനമായും രണ്ട് പാര്‍ക്കുകളാണ് തെലങ്കാനയില്‍ കണ്ടത്. ഒന്ന് ടെക്സറ്റൈയില്‍സിന് വേണ്ടി വാറങ്കലും രണ്ടാമത്തേത് ജനറല്‍ പാര്‍ക്കുമാണ്. രണ്ടു തവണ വ്യവസായ മന്ത്രിയുമായി ചര്‍ച്ച ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരുമായി അവസാന വട്ട ചര്‍ച്ചക്ക് ശേഷമാണ് തിരികെ എത്തിയത്.

എറണാകുളത്തെ എംഎല്‍എമാര്‍ക്കെതിരെ തുറന്നടിച്ച അദേഹം, താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട് എം എല്‍ എയോടാണെന്ന് പരിഹസിച്ചു. കൂടാതെ എറണാകുളം ജില്ലയില്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് എംഎല്‍എമാരും ഒരു എം പിയുമുണ്ട്. പെരുമ്പാവൂര്‍ എംഎല്‍എ, മൂവാറ്റുപുഴ എംഎല്‍എ, തൃക്കാക്കര എംഎല്‍എ, എറണാകുളം എംഎല്‍എ, ചാലക്കുടി എംപി എന്നിവരോടും കടപ്പെട്ടിരിക്കുന്നു.

കാരണം വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് എങ്ങനെ കോടികള്‍ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നത്. അതുകൊണ്ട് തന്നെ ഈ അഞ്ച് എം എല്‍ എയോടും എം പിയോടും നന്ദിയാണ് പറയാനുള്ളത്. അതേസമയം മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനോട് അദ്ദേഹം എന്ത് പറഞ്ഞാലും അതിനെതിരേ പ്രതികരിക്കില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

തെലങ്കാന നല്‍കിയ വാഗ്ദാനങ്ങള്‍ കേട്ടാല്‍ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കി ഉണ്ടാകില്ലെന്നതാണ് സാരം. ഞാന്‍ ബിസിനസുകാരനാണ് രാഷ്ട്രീയമായ ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയ വേദിയില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്കാണ് ക്ഷണിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയില്‍ താന്‍ നിക്ഷേപിക്കുന്നതുകൊണ്ട് കേരളത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. ആരുമായിട്ടും ചര്‍ച്ച ചെയ്യുന്നതിന് ഞാന്‍ തയാറാണ്. 61 ലക്ഷം ചെറുപ്പക്കാര്‍ ജോലി തേടി കേരളം വിട്ടു പോയിട്ടുണ്ട്. ബിരുദാനന്തര ബിരുദമുള്ള 75 ലക്ഷം യുവാക്കള്‍ ഇന്നും കേരളത്തിലുണ്ട്. കഴിഞ്ഞ 57 വര്‍ഷമായി 15,000 ആളുകള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ സാധിച്ചത് വലിയ കാര്യമായിട്ടാണ് കാണുന്നത്.

്ഇത്രയധികം സൗകര്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഒരുക്കി കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ആട്ടും തുപ്പും തൊഴിയും എല്ലാം സഹിച്ച് ഇവിടെ പിടിച്ചു നില്‍ക്കുകയായിരുന്നു. ഭരണപക്ഷത്തുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ അതിനെതിരേ യുദ്ധം ചെയ്യാം. പക്ഷേ നമ്മുടെ ജീവിതം എന്തിനാണ് അതിന് വേണ്ടി മാറ്റി വെക്കുന്നത്. കേരളത്തിലോ തെലങ്കാനയിലോ മാത്രമല്ല ഇന്ത്യയില്‍ എവിടെയാണെങ്കിലും കേരളീയര്‍ക്ക് ജോലി ഉറപ്പാക്കിയിരിക്കും എന്നും അദേഹം വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.