മികച്ച ചികിത്സ എല്ലാവര്‍ക്കും സൗജന്യമായി ഉറപ്പാക്കണം; ആശുപത്രിയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് മാര്‍പാപ്പ

മികച്ച ചികിത്സ എല്ലാവര്‍ക്കും സൗജന്യമായി ഉറപ്പാക്കണം; ആശുപത്രിയില്‍  വിശ്വാസികളെ അഭിസംബോധന ചെയ്ത് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: രോഗത്താല്‍ കഷ്ടതയനുഭവിക്കുന്ന എല്ലാവര്‍ക്കും മികച്ച ചികിത്സ സൗജന്യമായി ഉറപ്പാക്കുന്ന സംവിധാനം ഉണ്ടാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആശുപത്രിയില്‍ കഴിയുന്ന ഈ ദിവസങ്ങളില്‍ മികച്ച ചികിത്സാ സംവിധാനത്തിന്റെ പ്രാധാന്യം തനിക്ക് അനുഭവിച്ചറിയാനായി. ഇറ്റലിയില്‍ മാത്രമല്ല, മറ്റു രാജ്യങ്ങളിലും ഇത്തരം സംവിധാനമുണ്ട്. ഈ വിലയേറിയ സേവനത്തിന്റെ പ്രയോജനം എല്ലാവര്‍ക്കും ലഭ്യമാകേണ്ടതുണ്ട്. ഈ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ച് എല്ലാവര്‍ക്കും അതിന്റെ പ്രയോജനം ലഭ്യമാക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരില്‍ അത്യാവശ്യ ആരോഗ്യ സേവനങ്ങള്‍ നല്‍കാതിരിക്കരുതെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.

ഉദര ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്ന മാര്‍പാപ്പ ഞായറാഴ്ച്ച നല്‍കിയ സന്ദേശത്തിലാണ് താന്‍ രോഗാവസ്ഥയിലായിരുന്ന സമയത്തെക്കുറിച്ച് വാചാലനായത്. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കൊപ്പമാണ് പാപ്പ സന്ദേശം നല്‍കാനായി എത്തിയത്.


ചികിത്സയില്‍ കഴിയുന്ന മാര്‍പാപ്പ ആശുപത്രി മുറിയുടെ മട്ടുപ്പാവില്‍ നിന്ന് സന്ദേശം നല്‍കിയപ്പോള്‍.

റോമിലെ ജെമേല്ലി ആശുപത്രിയുടെ പത്താം നിലയിലെ തന്റെ ചികിത്സാമുറിയുടെ മട്ടുപ്പാവില്‍നിന്നാണ് മാര്‍പാപ്പ താഴെ തടിച്ചുകൂടിയ നൂറുകണക്കിനു വിശ്വാസികള്‍ക്ക് ത്രികാല പ്രാര്‍ഥനയ്ക്കു മുന്നോടിയായി ആശീര്‍വാദം നല്‍കിയത്. വിശ്വാസികളുടെ സ്‌നേഹത്തിന് അദ്ദേഹം നന്ദി പറയുകയും സാന്ത്വന പരിചരണം ആവശ്യമുള്ളവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്തു. ഈ മാസം നാലിനു നടന്ന ശസ്ത്രക്രിയയ്ക്കുശേഷം ഇതാദ്യമാണ് മാര്‍പാപ്പ വിശ്വാസികളെ കാണുന്നത്. സാധാരണ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നിന്ന് നല്‍കുന്ന ആശീര്‍വാദം ഇന്നലെ അതേ സമയത്താണ് ആശുപത്രിയില്‍ നിന്ന് മാര്‍പാപ്പ നല്‍കിയത്. 



സുപ്രഭാതം ആശംസിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. രോഗികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കേണ്ടതിന്റെയും അവര്‍ക്ക് പിന്തുണ നല്‍കേണ്ടതിന്റെയും ആവശ്യകത പാപ്പ തന്റെ സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞു. കുഞ്ഞുങ്ങളുടെ സഹനം തന്നെ വേദനിപ്പിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു.


ഞായറാഴ്ച്ചത്തെ സുവിശേഷ വായനയെക്കുറിച്ച് പാപ്പ തന്റെ സന്ദേശത്തില്‍ വിശദീകരിച്ചു. യേശുവിന്റെ കല്‍പന അനുസരിച്ച് ശിഷ്യന്മാര്‍ രോഗികളായ അനേകം പേര്‍ക്ക് തൈലം കൊണ്ട് അഭിഷേകം നടത്തുകയും അവരെ സുഖപ്പെടുത്തുകയും ചെയ്തു. ഈ തൈലാഭിഷേകം ആത്മാവിനും ശരീരത്തിനും ആശ്വാസം പകരുന്നു. അതോടൊപ്പം, രോഗികളെ കേള്‍ക്കുകയും അവരോടു ചേര്‍ന്നു നില്‍ക്കുകയും ആര്‍ദ്രതതയോടെ പരിചരിക്കുകയും ചെയ്യുമ്പോള്‍ വേദന ലഘൂകരിക്കുകയും സൗഖ്യം വേഗത്തില്‍ അനുഭവപ്പെടുകയും ചെയ്യുന്നു.


മാര്‍പാപ്പ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ സന്ദേശം കേള്‍ക്കാനായി എത്തിയ വിശ്വാസികള്‍

ഈ അഭിഷേകം ജീവിതത്തിലും നമുക്ക് അനിവാര്യമാണ്. ഒരു സന്ദര്‍ശനം, ഫോണ്‍ കോള്‍, സഹായം എന്നിങ്ങനെ ലളിതമായ കാര്യങ്ങളിലൂടെ നമുക്കെല്ലാവര്‍ക്കും ഈ രോഗശാന്തി അഭിഷേകം മറ്റൊരാള്‍ക്കു പകരാനാകും എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

സന്ദേശം അവസാനിപ്പിക്കുന്നതിനു മുന്‍പായി, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരോട് മാര്‍പ്പാപ്പ തന്റെ ഹൃദയത്തില്‍ നിന്നുള്ള സ്‌നേഹം അറിയിച്ചു. രോഗികള്‍ക്കുവേണ്ടി നാം എല്ലാവരും പ്രാര്‍ഥിക്കണം. പ്രത്യേകിച്ച് അവരുടെ ഏറ്റവും ദുഷ്‌കരമായ സമയങ്ങളില്‍ അവരെ തനിച്ചാക്കരുത്. കേള്‍ക്കലിന്റെയും ആര്‍ദ്രതയുടെയും പരിചരണത്തിന്റെയും അഭിഷേകം എല്ലാവര്‍ക്കും ലഭിക്കട്ടെ എന്ന് മാര്‍പാപ്പ പ്രാര്‍ഥിച്ചു. രോഗികളുടെ ആശ്രയമായ കന്യക മറിയം അമ്മയുടെ മധ്യസ്ഥതയില്‍ നമുക്ക് പ്രാര്‍ഥിക്കാമെന്നു പറഞ്ഞാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.