'കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവള'; പ്രവാസികള്‍ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്ക് എത്തുന്നു: സാബു ജേക്കബ്

 'കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവള'; പ്രവാസികള്‍ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്ക് എത്തുന്നു: സാബു ജേക്കബ്

കൊച്ചി: പൊട്ടക്കിണറ്റില്‍ വീണ തവളയുടെ അവസ്ഥയിലാണ് കേരളത്തിന്റെ വ്യവസായ വകുപ്പെന്ന് കിറ്റക്‌സ് എം.ഡി സാബു ജേക്കബിന്റെ പരിഹാസം. ഇവിടെ ഒരു പ്രശ്‌നവുമില്ലെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രവാസികള്‍ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്ക് എത്തുകയാണ്.

കേരളമാണ് കിറ്റെക്‌സിനെ വളര്‍ത്തിയത്. പക്ഷേ 53 വര്‍ഷം കേരളത്തിലല്ല വ്യവസായം നടത്തിയിരുന്നതെങ്കില്‍ ഇരട്ടി വളര്‍ച്ചയുണ്ടാകുമായിരുന്നു. 53 വര്‍ഷം കൊണ്ടുണ്ടായ നഷ്ടം ഇനി 10 വര്‍ഷം കൊണ്ട് തിരിച്ച് പിടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നു. 18 വര്‍ഷമായി കുടുംബപരമായി ബന്ധമുള്ള ആളാണ് മുഖ്യമന്ത്രി. അദ്ദേഹത്തിനെതിരെ പ്രതികരിക്കുന്നില്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സാബു വ്യക്തമാക്കി.

കിറ്റെക്‌സിന്റെ മദര്‍ യൂണിറ്റ് തെലുങ്കാനയില്‍ ആരംഭിക്കും. ഈ മാസം അവസാനത്തോടെ ധാരണാപത്രം ഒപ്പുവയ്ക്കും. സംസ്ഥാന സര്‍ക്കാരിനെയും വ്യവസായ വകുപ്പിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച സാബു ജേക്കബ് തെലുങ്കാനയിലെത്തിയ തങ്ങള്‍ക്ക് ആനുകൂല്യങ്ങളുടെ പെരുമഴയാണ് ലഭിച്ചതെന്നും പറഞ്ഞു.

'വ്യവസായത്തിന് ആവശ്യമായ വൈദ്യുതി, വെള്ളം, ഭൂമി എന്നിവ കുറഞ്ഞനിരക്കില്‍ നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. വൈദ്യുതി ഒരിക്കലും മുടങ്ങില്ലെന്നും ഉറപ്പുണ്ട്. നിക്ഷേപമല്ല തൊഴിലാണ് വേണ്ടതെന്നാണ് തെലുങ്കാന സര്‍ക്കാരിന്റെ നിലപാട്. ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലുങ്കാനയിലായിരിക്കും. കേരളത്തിലും ഒരുപാട് വ്യവസായ പാര്‍ക്കുകള്‍ ഉണ്ട്. പക്ഷേ, തെലുങ്കാനയില്‍ ഉള്ളത് ഇവിടെയുള്ളതിനെക്കാള്‍ തികച്ചും വ്യത്യസ്തമാണ്.

റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങള്‍ അവിടെ ആധുനികമായി നടപ്പിലാക്കിയിരിക്കുന്നു. പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ കയറിയിറങ്ങില്ലെന്ന് മന്ത്രി തന്നെ ഉറപ്പു നല്‍കിയിട്ടുണ്ട്. ഒരു സാങ്കേതിക വിദഗ്ദ്ധന്റെ കഴിവോടു കൂടി വളരെ പ്രാക്ടിക്കലായി സംസാരിക്കുന്ന ഒരു വ്യക്തിയാണ് തെലുങ്കാന വ്യവസായ മന്ത്രി. ഒരു പ്രശ്നം അവതരിപ്പിക്കുമ്പോള്‍ തന്നെ ഒരു മിനിട്ടിനുള്ളില്‍ പരിഹാരവും മന്ത്രി പറഞ്ഞുതരുമെന്ന് സാബു ജേക്കബ് പറഞ്ഞു.

അതിനിടെ കിറ്റെക്‌സിന്റെ ഓഹരിവിലയില്‍ കുതിപ്പ് തുടരുകയാണ്. വില ഇരുപതുശതമാനം ഉയര്‍ന്നാണ് ഇന്നും വില്‍പന നടക്കുന്നത്. തെലങ്കാനയുമായുള്ള നിക്ഷേപ ചര്‍ച്ച നടന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയും കിറ്റെക്‌സിന്റെ ഓഹരി വില ഇരുപത് ശതമാനത്തോളം ഉയര്‍ന്നിരുന്നു. രണ്ടു ദിവസം കൊണ്ട് 40 ശതമാനം വര്‍ധനവാണ് ഓഹരിയില്‍ ഉണ്ടായത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.