തിരുവനന്തപുരം: സ്ത്രീധന, പീഡന പരാതികളും അസ്വഭാവിക മരണം സംബന്ധിച്ച പരാതികളും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നേരിട്ട് കേട്ട് അന്വേഷിക്കണമെന്ന് ഡിജിപി അനില്‍ കാന്ത്. ഇത്തരം കേസുകളില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പൊലീസുകാര്‍ രാഷ്ട്രീയം പറയരുതെന്നും സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഇറക്കിയ സര്‍ക്കുലറില്‍ പൊലീസ് മേധാവി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം. സ്ത്രീകളുടെ പരാതികള്‍ എസ്എച്ച്ഒ നേരിട്ട് കേള്‍ക്കണം. ഗൗരവമുള്ള പരാതിയില്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത്, അന്വേഷണം സമയബന്ധതിമായി പൂര്‍ത്തിയാക്കണം. അതിക്രമത്തിന് ഇരയായവരുടെ സംരക്ഷണം പൊലീസ് ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
പരാതി നല്‍കുന്നവര്‍ക്കെല്ലാം രസീത് നല്‍കണം. പൊലീസുകാരുടെ നവമാധ്യമങ്ങളിലെ ഇടപെടലുകള്‍ നിയന്ത്രിക്കണം. രാഷ്ട്രീയം പറയേണ്ട, സ്വകാര്യ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ഔദ്യോഗിക നമ്പറോ ഇ-മെയിലോ ഉപയോഗിക്കരുത്. പൊലീസ് ഷാഡോ സംഘങ്ങള്‍ പിടികൂടുന്നവരെ ചോദ്യം ചെയ്യുമ്പോള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറോ, അന്വേഷണ ഉദ്യോഗസ്ഥന്റെയോ സാന്നിധ്യമുണ്ടാകണം.
പൊലീസുകാര്‍ മനുഷ്യാവകാശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. കസ്റ്റഡിയിലെടുക്കുന്നവര്‍ മദ്യമോ ലഹരിവസ്തുക്കളോ ഉയോഗിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ വൈദ്യപരിശോധന നടത്തണം. നാട്ടുകാര്‍ പിടികൂടി കൈമാറുന്നവരുടെ ശരീര പരിശോധന നടത്തി പരിക്കുകളുണ്ടെങ്കില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഓരോ സ്റ്റേഷനുകളിലും എത്ര പേര്‍ കസ്റ്റഡയിലുണ്ടെന്ന് ഡിവൈഎസ്പിമാര്‍ അറിഞ്ഞിരിക്കണം. അന്യായ കസ്റ്റഡി പാടില്ലെന്നും ഡിജിപി കര്‍ശന നിര്‍ദ്ദേശം നല്‍കി.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെത്തുന്ന പരാതികള്‍ 15 ദിവസത്തിനകം തീര്‍പ്പാക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പ്രത്യേക കാരണമില്ലാതെ ചില ഉദ്യോഗസ്ഥര്‍ പരാതികള്‍ തീര്‍പ്പാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍, ഇത്തരം പരാതികള്‍ അടുത്ത ഏഴ് ദിവസത്തിനകം തീര്‍പ്പാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.