സിനിമയിലെ സൂപ്പര്‍ ഹീറോ ജീവിതത്തില്‍ 'റീല്‍ ഹീറോ' ആവരുത്; നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി

  സിനിമയിലെ സൂപ്പര്‍ ഹീറോ ജീവിതത്തില്‍ 'റീല്‍ ഹീറോ' ആവരുത്; നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആഡംബര കാറിന് ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി തള്ളിയ മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

ഇംഗ്ലണ്ടില്‍ നിന്ന് 2012ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിനാണ് ഇറക്കുമതി തീരുവയില്‍ ഇളവ് തേടി വിജയ് കോടതിയെ സമീപിച്ചത്. നികുതി കൃത്യമായി അടച്ച് ആരാധക ലക്ഷങ്ങള്‍ക്ക് മാതൃകയാകണമെന്ന് നടനോട് കോടതി പറഞ്ഞു.

സിനിമയിലെ സൂപ്പര്‍ ഹീറോ യഥാര്‍ത്ഥ ജീവിതത്തില്‍ 'റീല്‍ ഹീറോ' ആവരുതെന്നും പിഴത്തുക രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വിജയ് അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ അഴിമതിക്ക് എതിരെയുള്ളതാണ്. അത്തരം വേഷങ്ങളിലൂടെയാണ് ആരാധകരുണ്ടായതും. ടാക്സ് വെട്ടിപ്പ് നടത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ വിജയ് ഓര്‍ക്കണമായിരുന്നു.

അവര്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ടും സിനിമ കാണുന്നതുകൊണ്ടുമാണ് താരത്തിന് ആഡംബര കാര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് ഓര്‍ക്കാമായിരുന്നു. സാധാരണക്കാര്‍ നികുതി അടയ്ക്കാനും നിയമത്തിന് അനുസരിച്ച് ജീവിക്കാനും ശീലിക്കുമ്പോള്‍ സമൂഹത്തില്‍ അറിയപ്പെടുന്നവരുടെ ഇത്തരം പ്രവണതകള്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.