കൊച്ചി: സീറോ മലബാര്‍ സഭയുടെ ഡല്‍ഹി ഫരീദാബാദ് രൂപതയ്ക്ക് കീഴില്‍ അന്ധേരി മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും ഖേദകരമാണെന്ന് സീറോ മലബാര്‍ സഭ.
പതിമൂന്ന് വര്‍ഷത്തോളമായി ദിവ്യബലിയും ആരാധനയും നടക്കുന്ന പള്ളിയും അനുബന്ധകെട്ടിടങ്ങളും ജെസിബി ഉപയോഗിച്ച് നിലംപരിശാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണ്. വിശുദ്ധ കുര്‍ബാനയും ആരാധനാ വസ്തുക്കളും മറ്റും ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് പ്രസ്തുത സംഭവം നടന്നത് എന്നതും ഏറെ ദുഃഖമുളവാക്കുന്നു.
നാനൂറ്റി അമ്പത് കുടുംബങ്ങളില്‍ നിന്നായി ആയിരത്തിയഞ്ഞൂറോളം വിശ്വാസികള്‍ പതിമൂന്ന് വര്‍ഷമായി ആശ്രയിച്ചിരുന്ന ദേവാലയമാണ് പൊളിച്ചുമാറ്റിയത്. നിര്‍മ്മാണത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ അധികൃതര്‍ ദേവാലയം ഇടിച്ചു നിരത്തിയത്.
ഡല്‍ഹിയിലെ ഈ നടപടി തികച്ചും അപലപനീയമാണ്. ക്രൈസ്തവ സമൂഹത്തിന് നേരെ ഉണ്ടായ ഈ അതിക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സീറോ മലബാര്‍ സഭാ കാര്യാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖകള്‍ മാത്രമല്ല, ഈ ദേവാലയത്തില്‍ ആരാധന തടയുകയോ പള്ളി പൊളിക്കുകയോ ചെയ്യരുത് എന്ന ഡല്‍ഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകളും തങ്ങളുടെ കൈവശമുണ്ടെന്ന് പള്ളി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ലാഡോ സരായി അന്ധേരി മോഡിലെ ഡോ. അംബേദ്കര്‍ കോളനിയില്‍ ഇടവകാംഗം നല്‍കിയ സ്ഥലത്താണ് ദേവാലയം നിലനിന്നിരുന്നത്.
സ്ഥലത്തിന്റെ രേഖകള്‍ കൈവശമുണ്ടാവുകയും ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബലം പ്രയോഗിച്ച് ദേവാലയം പൊളിച്ചത് ഭാരതത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
അതിനാല്‍ ഈ വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിരമായി ഇടപെടുകയും തങ്ങളുടെ ആരാധനാലയം നഷ്ടപ്പെട്ട വിശ്വാസികള്‍ക്ക് നീതി നടത്തി തരുകയും ചെയ്യണമെന്ന് സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.