മഹാ ഇടയന് വിട; ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെ കബറടക്കി

മഹാ ഇടയന് വിട; ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെ കബറടക്കി

കോട്ടയം: ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയില്‍ അന്ത്യവിശ്രമം. കര്‍ശന കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കബറടക്ക ശുശ്രൂഷയില്‍ 300 പേരാണ് പങ്കെടുത്തത്.

ബാവയെ അവസാനമായി കാണാന്‍ ആയിരങ്ങളാണ് ഇന്നും രാവിലെ മുതല്‍ ഒഴുകിയെത്തിയത്. കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വൈകുന്നേരം മൂന്ന് മണിയ്ക്കാണ് സംസ്‌ക്കാരം നിശ്ചയിച്ചിരുന്നതെങ്കിലും അനുശോചന പ്രവാഹം കാരണം ചടങ്ങുകള്‍ നീളുകയായിരുന്നു. വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി ഉച്ചകഴിഞ്ഞു മൂന്നോടെ കാതോലിക്കേറ്റ് അരമന ചാപ്പലിന്റെ മദ്ബഹായിലേക്കു മാറ്റി. തുടര്‍ന്ന് അഞ്ചരയോടെ ബാവാമാരുടെ കബറിനോടു ചേര്‍ന്നായിരുന്നു കബറടക്കം.

അര്‍ബുദ ബാധിതനായിരുന്ന ബാവാ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ കോവിഡ് അനന്തര ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 2.35നായിരുന്നു വിയോഗം. ആശുപത്രിയിലെ പ്രാര്‍ഥനയ്ക്ക് മലങ്കര അസോസിയഷേന്‍ അധ്യക്ഷന്റെ ചുമതല നിര്‍വഹിക്കുന്ന കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് നേതൃത്വം നല്‍കി.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കബറടക്കുന്ന നാലാമത്തെ കാതോലിക്കായാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.

ദേവലോകം അരമന പണി കഴിപ്പിച്ച പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ, പിന്‍ഗാമികളായ പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ എന്നിവരെയാണ് ഇവിടെ മുന്‍പ് കബറടക്കിയിട്ടുള്ളത്. അമേരിക്ക ഭദ്രാസനാധിപനായിരിക്കെ കാലം ചെയ്ത ഡോ. തോമസ് മാര്‍ മക്കാറിയോസിനെ കബറടക്കിയതും ദേവലോകം കാതോലിക്കേറ്റ് അരമനയിലാണ്.

മരണാനന്തര ചടങ്ങുകളുടെ ഭാഗമായി 40 ദിവസം വിശുദ്ധ കുര്‍ബാന നടക്കുന്നതായിരിക്കുമെന്ന് സഭാ അധികൃതര്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.