ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയം തകര്‍ത്തത് ഞെട്ടിക്കുന്ന സംഭവമെന്ന് മുഖ്യമന്ത്രി

ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയം തകര്‍ത്തത് ഞെട്ടിക്കുന്ന സംഭവമെന്ന്  മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി അന്ധേരിയ മോഡിലുള്ള ക്രൈസ്തവ ദേവാലയം തകര്‍ത്തത് ഞെട്ടിക്കുന്ന സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയത്തെ പ്രാര്‍ഥനയ്ക്കുള്ള ഇടമായിട്ടാണ് ഉപയോഗിക്കുന്നത്.

എന്നാല്‍, പള്ളി പൂര്‍ണമായും ഇടിച്ചുനിരത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് ചെയ്യാന്‍ കഴിയുകയെന്നത് പരിശോധിക്കും. പള്ളിയുമായി ബന്ധപ്പെട്ടവര്‍ക്ക് ആ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സീറോ മലബാര്‍ സഭ ഫരീദാബാദ് രൂപതയ്ക്ക് കീഴില്‍ ദക്ഷിണ ഡല്‍ഹി അന്ധേരി മോഡിലുള്ള ലിറ്റില്‍ ഫ്ളവര്‍ കാത്തോലിക്ക ദേവാലയമാണ് അധികൃതര്‍ ഇടിച്ചു തകര്‍ത്തത്. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് പള്ളി പൊളിച്ചത്. തിങ്കളാഴ്ച രാവിലെ വലിയ പോലീസ് സന്നാഹവും ജെസിബുകളുമെത്തിച്ച് പള്ളി പൊളിക്കുകയായിരുന്നു.

വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പള്ളി പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തി കണ്ടിരുന്നു. വിഷയം ഡല്‍ഹി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇടവക വികാരി ഫാ.ജോസ് കണ്ണങ്കുഴിയും പള്ളി കമ്മിറ്റി ഭാരവാഹികളും മാധ്യമങ്ങളോട് പറഞ്ഞു.

പള്ളി നിലനിന്നിരുന്ന സ്ഥലത്ത് പ്രാര്‍ഥന നടത്തുമെന്നും അവര്‍ വ്യക്തമാക്കി. പള്ളി തകര്‍ത്തതില്‍ കഴിഞ്ഞ ദിവസം നൂറുകണക്കിന് വിശ്വാസികള്‍ മെഴുകുതിരി തെളിയിച്ച് പ്രതിഷേധം രേഖപ്പെടുത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

ദേവാലയം തകര്‍ത്ത സംഭവം ക്രൈസ്തവരെ വേദനിപ്പിച്ചെന്നും പ്രതിഷേധാര്‍ഹമാണെന്നും ഫരീദാബാദ് രൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.