കോണ്‍ഗ്രസ് തന്ത്രപ്രധാന സമിതി യോഗം ഇന്ന്: അധീറിനെ മാറ്റിയേക്കും; തരൂരിനോ തിവാരിക്കോ സാധ്യത

കോണ്‍ഗ്രസ് തന്ത്രപ്രധാന സമിതി യോഗം ഇന്ന്: അധീറിനെ മാറ്റിയേക്കും; തരൂരിനോ തിവാരിക്കോ സാധ്യത

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ തന്ത്രപ്രധാന സമിതി യോഗം ഇന്ന് ചേരും. ലോക്സഭാ കക്ഷി നേതൃസ്ഥാനത്തുനിന്ന് അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റുന്ന കാര്യം സോണിയ യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗൊഗോയി, രണ്‍വീത് ബിട്ടു തുടങ്ങിയവരുടെ പേരുകളാണിപ്പോള്‍ പകരം കേള്‍ക്കുന്നത്. ഇതില്‍ തരൂരിനോ തിവാരിക്കോ ആണ് കൂടുതല്‍ സാധ്യത.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കടുത്ത വിരോധിയായതിനാല്‍ അധീര്‍ രഞ്ജന്‍ ചൗധരിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തൃണമൂല്‍ അംഗങ്ങള്‍ മടിക്കുകയാണ്. ഇതു ലോക്സഭയിലെ പ്രതിപക്ഷ ഐക്യത്തേയും വരാനിരിക്കുന്ന ചില നീക്കു പോക്കുകളേയും പ്രതികൂലമായി ബാധിക്കുന്നതിനാലാണ് അധീറിനെ മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.

സോണിയയും രാഹുലും പങ്കെടുക്കുന്ന യോഗത്തില്‍ അധീറിനു പുറമേ രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ചീഫ് വിപ്പുമാരായ കൊടിക്കുന്നില്‍ സുരേഷ്, ജയറാം രമേഷ്, ഇരുസഭകളിലെയും ഉപനേതാക്കളായ ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയി തുടങ്ങിയവര്‍ പങ്കെടുക്കും.

പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ധന, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, വാക്‌സിനേഷന്‍ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, കര്‍ഷക സമരം തുടങ്ങിയ കാര്യങ്ങളില്‍ സ്വീകരിക്കേണ്ട പ്രതിഷേധ സമര രീതികളും ചര്‍ച്ചയാവും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.