സോണിയയും രാഹുലും പ്രിയങ്കയുമായി കൂടിക്കാഴ്ച; തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക്

സോണിയയും രാഹുലും പ്രിയങ്കയുമായി കൂടിക്കാഴ്ച; തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. പാര്‍ട്ടിയില്‍ നിര്‍ണായക സ്ഥാനം പ്രശാന്തിന് ലഭിച്ചേക്കും.

ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവയടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യംകൂടി പ്രശാന്ത് കിഷോറിനെ ക്ഷണിച്ചതിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്.

പഞ്ചാബില്‍ അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തി എന്ന സൂചനയാണ് ഗാന്ധി കുടംബവുമായുള്ള പ്രശാന്ത് കിഷോറിന്റെ കൂടിക്കാഴ്ചയെക്കുറിച്ച് പ്രധാനമായും പുറത്ത് കേട്ടത്. രാഹുലും പ്രിയങ്കയും സോണിയ ഗാന്ധിയും പ്രശാന്ത് കിഷോറുമായി പ്രത്യേകം കൂടുക്കാഴ്ച നടത്തിയിരുന്നു.

തിരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ എന്നപേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ലെന്ന് പ്രശാന്ത് തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പശ്ചിമ ബംഗാള്‍, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രശാന്ത് കിഷോര്‍ തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. അതിനു ശേഷമാണ് തിരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ എന്ന നിലയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

പ്രശാന്ത് കിഷോറിന്റെ വരവോടെ സംഘടനാ രംഗത്ത് വന്‍ അഴിച്ചുപണി ഉണ്ടാകുമെന്നാണ് പാര്‍ട്ടിയോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അഴിച്ചുപണി കഴിയുമ്പോള്‍ വലിയൊരു പദവിയായിരിക്കും പ്രശാന്തിന് ലഭിക്കുന്നത് എന്ന സൂചനയും അവര്‍ നല്‍കുന്നുണ്ട്. തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്നതിന് മുമ്പ് പാര്‍ട്ടിയില്‍ സമൂലമായ അഴിച്ചുപണിവേണമെന്ന് പ്രശാന്ത് കിഷാേര്‍ നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസുമായുള്ള കിഷോറിന്റെ ബന്ധം അത്ര തൃപ്തികരമല്ല. 2017 ല്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയെങ്കിലും അത് പരാജയപ്പെട്ടു. കോണ്‍ഗ്രസ് തന്ത്രത്തിന് രൂപം നല്‍കിയ പ്രശാന്തിന് പഞ്ചാബില്‍ പാര്‍ട്ടി നേടിയ വിജയം മാത്രമാണ് അല്‍പമെങ്കിലും ആശ്വാസം സമ്മാനിച്ചത്. അതിനുശേഷം കോണ്‍ഗ്രസിനെയും അതിന്റെ പ്രവര്‍ത്തന രീതിയെയും അദ്ദേഹം പലപ്പോഴും വിമര്‍ശിച്ചിരുന്നു.

എന്നാല്‍ കോണ്‍ഗ്രസില്‍ ചേക്കേറുന്നു എന്ന വാര്‍ത്തയോട് പ്രശാന്ത് കിഷോര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി പ്രശാന്ത് കിഷോര്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. നേരത്തെ നിതീഷ് കുമാറിന്റെ ജെഡിയുവില്‍ പ്രശാന്ത് കിഷോര്‍ ചേര്‍ന്നിരുന്നെങ്കിലും പിന്നീട് അദ്ദേഹവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.