മോണ്‍സിഞ്ഞോണ്‍ ജോണ്‍ സി. ഇഫര്‍ട്ട് അമേരിക്കയിലെ കോവിംഗ്ടണ്‍ രൂപതയുടെ പുതിയ ബിഷപ്പ്

മോണ്‍സിഞ്ഞോണ്‍ ജോണ്‍ സി. ഇഫര്‍ട്ട് അമേരിക്കയിലെ കോവിംഗ്ടണ്‍ രൂപതയുടെ പുതിയ ബിഷപ്പ്

ഫ്രാങ്ക്ഫര്‍ട്ട്: മോണ്‍സിഞ്ഞോണ്‍ ജോണ്‍ സി. ഇഫര്‍ട്ടിനെ അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തെ കോവിംഗ്ടണ്‍ രൂപതയുടെ പുതിയ ബിഷപ്പായി വത്തിക്കാന്‍ നിയമിച്ചു. ഇല്ലിനോയിസിലെ വൈദികനാണ് മോണ്‍സിഞ്ഞോണ്‍ ജോണ്‍ സി. ഇഫര്‍ട്ട്.

53 കാരനായ ഇദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഫ്രാന്‍സിസ് പാപ്പയുടെ അനുമതിയോടെ വത്തിക്കാന്‍ പുറത്തിറക്കിയത്. ഈ മാസം വിരമിക്കുന്ന ബിഷപ്പ് റോജര്‍ ജെ ഫോയ്‌സിന്റെ പിന്‍ഗാമിയായിട്ടാണ് മോണ്‍സിഞ്ഞോണ്‍ ജോണ്‍ സി. ഇഫര്‍ട്ടിന്റെ നിയമനം. 76 കാരനായ ബിഷപ്പ് റോജര്‍ വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. 2020 ഒക്‌ടോബര്‍ ഒന്നു മുതല്‍ തെക്കന്‍ ഇല്ലിേനായിസിലെ ബെല്ലിവില്ലി രൂപതയില്‍ വികാരി ജനറാളും ക്യൂരിയ മോഡറേറ്ററുമാണ് നിയുക്ത ബിഷപ്പ്.

മോണ്‍സിഞ്ഞോണ്‍ ജോണ്‍ സി. ഇഫര്‍ട്ടിന്റെ നിയമനത്തെ കെന്റക്കിയിലെ ലൂയിസ്വില്ലിയിലെ ആര്‍ച്ച് ബിഷപ്പ് ജോസഫ് ഇ. കുര്‍ട്സ് സ്വാഗതം ചെയ്തു. വൈദികനായിരുന്ന കാലത്തുതന്നെ അധ്യാത്മിക കാര്യങ്ങളിലും വിശ്വാസികളുടെ കാര്യങ്ങളിലും സഭാ കാര്യങ്ങളിലും നല്ല ശ്രദ്ധ പുലര്‍ത്തിയ വ്യക്തിയാണ് നിയുക്ത ബിഷപ്പെന്നു ആര്‍ച്ച് ബിഷപ്പ് ജോസഫ് ഇ. കുര്‍ട്സ് പറഞ്ഞു. രണ്ടു ദശാബ്ദക്കാലത്തെ അധ്യാത്മിക പ്രവര്‍ത്തനം പുതിയ ചുമതലയിലും അദ്ദേഹത്തെ തുണയ്ക്കുമെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. പുതിയ ബിഷപ്പിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും പാണ്ഡിത്യമുള്ളയാളാണ് മോണ്‍സിഞ്ഞോണ്‍ ജോണ്‍. രണ്ടു മൂത്ത സഹോദരിമാര്‍ക്കൊപ്പമായിരുന്നു ഇല്ലിനോയിസിലെ ബാല്യകാലം. ഇല്ലിനോയിസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദപഠനത്തിനുശേഷം ഇല്ലിനോയിസ് ബ്യൂറോ ഓഫ് ബജറ്റ് വിഭാഗത്തില്‍ അനലിസ്റ്റായി പ്രവര്‍ത്തിച്ചു. 1992-ലാണ് ദൈവവിളി ഏറ്റെടുത്ത് സെമിനായിരിലെത്തിയത്. 97-ല്‍ ബെല്ലിവില്ലി രൂപതയില്‍ വൈദികനായി അഭിഷിക്തനായി. മൗണ്ട് വെര്‍ണനില്‍ ലൈഫ് ബോട്ട് അലയന്‍സ് ഫാമിലി ഷെല്‍ട്ടര്‍ എന്ന പേരില്‍ എക്യുമെനിക്കല്‍ മിനിസ്ട്രി സ്ഥാപിച്ചപ്പോള്‍ നിയുക്ത ബിഷപ്പും അതിന്റെ ഭാഗമായിരുന്നു. ഈ മേഖലയിലെ പ്രാദേശിക ജനവിഭാഗങ്ങള്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണേഴ്‌സ് കപ്പ് അവാര്‍ഡും ഈ കൂട്ടായ്മക്കു കിട്ടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.