റദ്ദാക്കിയ ഐ.ടി നിയമ പ്രകാരം കേസെടുക്കരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

റദ്ദാക്കിയ ഐ.ടി നിയമ പ്രകാരം കേസെടുക്കരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: റദ്ദാക്കിയ ഐ.ടി നിയമ പ്രകാരം പുതിയ കേസെടുക്കരുതെന്നും എടുത്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം ആഭ്യന്തര മന്ത്രാലയം. സുപ്രീംകോടതി ഭരണഘടനാവിരുദ്ധമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമെന്നും ചൂണ്ടിക്കാട്ടി 2015ല്‍ റദ്ദാക്കിയ ഐ. ടി നിയമത്തിലെ വിവാദ വ്യവസ്ഥയായ 66 എ പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഇലക്‌ട്രോണിക് മാധ്യമങ്ങൾ വഴി കുറ്റകരമായതോ സ്പര്‍ദ്ധ ഉളവാക്കുന്നതോ ആയ ഉള്ളടക്കം മനഃപൂര്‍വം സൃഷ്ടിച്ച്‌ കൈമാറുന്നത് തടയാനുള്ളതായിരുന്നു 66 എ. ഈ വ്യവസ്ഥ പ്രകാരം രാജ്യത്ത് ആയിരക്കണക്കിന് കേസുകള്‍ രജിസ്​റ്റര്‍ ചെയ്തതിലും ഇപ്പോഴും ഈ വകുപ്പ് പ്രയോഗിക്കുന്നതിലും സുപ്രീംകോടതി കഴിഞ്ഞ ദിവസം ഞെട്ടലും നിരാശയും രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കേന്ദ്ര നിര്‍ദ്ദേശം.

എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കണം. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി കുറ്റകരമായതോ സ്പര്‍ദ്ധ ഉളവാക്കുന്നതോ ആയ വിവരങ്ങള്‍ മനഃപൂര്‍വം സൃഷ്ടിക്കുന്നതും കൈമാ​റ്റം ചെയ്യുന്നതും മൂന്നു വര്‍ഷംവരെ തടവും പിഴയും ലഭിക്കുന്ന കു​റ്റമാക്കിയ 66 എ വ്യവസ്ഥ 2008ലാണ് ഐ.ടി നിയമത്തില്‍ ചേര്‍ത്തത്.

എന്നാൽ ശിവസേന തലവന്‍ ബാല്‍താക്കറെയുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഹര്‍ത്താലില്‍ മുംബയിലെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ച്‌ ഫേസ്ബുക്കില്‍ പോസ്​റ്റിട്ട ഷഹീന്‍ ദാദ എന്ന പെണ്‍കുട്ടിക്കും അത് ലൈക്ക് ചെയ്ത കോട്ടയം കുമരകം സ്വദേശി റിനു ശ്രീനിവാസിനുമെതിരെ 66 എ ചുമത്തിയത് ചോദ്യം ചെയ്ത് ശ്രേയാ സിംഗാള്‍ നല്‍കിയ ഹര്‍ജിയിലാണ് 2015ല്‍ ജസ്റ്റിസ് രോഹിന്റണ്‍ നരിമാന്റെ ബെഞ്ച് ഈ വകുപ്പ് റദ്ദാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.