തീരുമാനം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍.
സ്‌കോളര്‍ഷിപ്പിനായി 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനം.
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുക.
ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ലന്നു മന്ത്രിസഭായോഗം തിരുമാനിച്ചു. സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കിഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് മാറ്റിവെച്ച വിഹിതം തിരികെ നല്‍കി പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ പരിധിയില്‍ വരുന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും തിരികെ നല്‍കുന്ന മാറ്റിവെച്ച ശമ്പളത്തില്‍ നിന്ന് ജീവനക്കാരന്റെ ദേശീയ പെന്‍ഷന്‍ പദ്ധതി വിഹിതം കുറവു ചെയ്യേണ്ടതില്ല എന്ന് ഫെബ്രുവരി 26 ലെ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും.
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ 15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. 21 മുതല്‍ ചേരാനിരുന്ന സഭാ സമ്മേളനം ബക്രീദ് പ്രമാണിച്ച് മാറ്റുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.