കോവിഡ് മൂന്നാംതരംഗം ഓഗസ്റ്റില്‍; രണ്ടാം തരംഗത്തേക്കാള്‍ തീവ്രത കുറയുമെന്ന് ഐസിഎംആര്‍

കോവിഡ് മൂന്നാംതരംഗം ഓഗസ്റ്റില്‍; രണ്ടാം തരംഗത്തേക്കാള്‍ തീവ്രത കുറയുമെന്ന് ഐസിഎംആര്‍

ന്യുഡല്‍ഹി: രാജ്യത്ത് ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം വ്യാപകമായേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). എന്നാല്‍ അതിന് രണ്ടാം തരംഗത്തേക്കാള്‍ ശക്തി കുറവായിരിക്കുമെന്നും ഐസിഎംആര്‍ പകര്‍ച്ചവ്യാധി പ്രതിരോധവിഭാഗം തലവന്‍ ഡോ. സമീരന്‍ പാണ്ഡ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യവ്യാപകമായി ഒരു മൂന്നാം തരംഗം ഉണ്ടാകും. അതിനര്‍ത്ഥം ഇത് രണ്ടാം തരംഗത്തേക്കാള്‍ ശക്തമായിരിക്കുമെന്നോ ഉയര്‍ന്നതായിരിക്കുമെന്നോ അല്ല. നാല് കാരണങ്ങളാണ് മൂന്നാം തരംഗത്തിലേക്ക് നയിക്കുകയെന്ന് ഡോ. പാണ്ഡ വിശദീകരിക്കുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തില്‍ ജനങ്ങളാര്‍ജിച്ച പ്രതിരോധശേഷി കുറഞ്ഞു വരുന്നതും ഒരു കാരണമാകാം. അങ്ങനെ പ്രതിരോധശേഷി കുറഞ്ഞാല്‍, മൂന്നാം തരംഗമുണ്ടായേക്കാം എന്ന് അദ്ദേഹം പറയുന്നു.
രണ്ടാമത്തേത്, ജനങ്ങളുടെ ആര്‍ജിത പ്രതിരോധ ശേഷിയെ മറികടക്കുന്ന ഏതെങ്കിലും വൈറസ് ജനിതകവകഭേദം പടര്‍ന്നു പിടിക്കുന്നതാകാം. മൂന്നാമത്തേത്, ഈ പുതിയ ജനിതക വകഭേദങ്ങളിലേതെങ്കിലും പ്രതിരോധശേഷിയെ മറികടന്നില്ലെങ്കിലും വ്യാപകമായി പടര്‍ന്നുപിടിക്കുന്ന തരം വ്യാപനശേഷിയുള്ളതാണെങ്കില്‍ മൂന്നാം തരംഗം സംഭവിക്കാം. നാലാമത്തേത്, സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ നേരത്തേ പിന്‍വലിക്കുകയാണെങ്കില്‍ വീണ്ടും രോഗവ്യാപനം സംഭവിക്കാമെന്നും ഡോ. പാണ്ഡ മുന്നറിയിപ്പ് നല്‍കുന്നു.
ഡെല്‍റ്റ വകഭേദമായിരിക്കുമോ ഈ വ്യാപനത്തിനും മൂന്നാം തരംഗത്തിന് വഴി വയ്ക്കുക എന്ന ചോദ്യത്തിന്, ഇപ്പോള്‍ത്തന്നെ ഡെല്‍റ്റ വകഭേദം രാജ്യത്ത് പടര്‍ന്നുപിടിച്ച് കഴിഞ്ഞുവെന്നും, ഇതില്‍ക്കൂടുതല്‍ വ്യാപനം ഡെല്‍റ്റ വകഭേദത്തിന് ഉണ്ടാക്കാനാകുമെന്ന് കരുതുന്നില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.