ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക 23.51 കോടിയാക്കി ഉയര്‍ത്തി; ക്രൈസ്തവരുടെ വിഹിതം ഒന്നരയില്‍ നിന്ന് നാലര കോടിയായി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക 23.51 കോടിയാക്കി ഉയര്‍ത്തി; ക്രൈസ്തവരുടെ വിഹിതം ഒന്നരയില്‍ നിന്ന്  നാലര കോടിയായി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക സര്‍ക്കാര്‍ 23.51 കോടിയാക്കി ഉയര്‍ത്തി. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് നല്‍കുന്ന എട്ട് സ്‌കോളര്‍ഷിപ്പുകളുടെ തുകയാണ് 17.31 കോടിയില്‍ നിന്ന് 23.51 കോടിയായി ഉയര്‍ത്തിയത്. സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പാണ് ഇതില്‍ പ്രധാനം.

80:20 അനുപാതത്തില്‍ നല്‍കിയിരുന്നപ്പോള്‍ ആറരക്കോടിയോളം രൂപ മുസ്ലിം വിദ്യാര്‍ഥികള്‍ക്കും ഒന്നരക്കോടിയോളം ക്രൈസ്തവ വിഭാഗത്തിനുമാണ് ലഭിച്ചിരുന്നത്. മുസ്ലിം വിഭാഗത്തിനുള്ള ഈ വിഹിതം കുറയാതിരിക്കാനായി സി.എച്ച് സ്‌കോളര്‍ഷിപ്പ് എട്ടു കോടിയില്‍നിന്ന് പത്തുകോടിയായി സര്‍ക്കാര്‍ ഉയര്‍ത്തി. ഇതനുസരിച്ച് മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ആറരക്കോടി രൂപതന്നെ ലഭിക്കും. ക്രൈസ്തവ വിഭാഗത്തിനുള്ള വിഹിതം ഒന്നര കോടിയില്‍നിന്ന് നാലര കോടിയായി ഉയരും.

മുസ്ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ചു മാത്രമാണ് നിലവില്‍ പഠനം നടത്തിയിട്ടുള്ളത്. ക്രൈസ്തവ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജെ.ബി. കോശി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഇതേ രീതിയില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. റിപ്പോര്‍ട്ടിലെ ശുപാര്‍ശയ്ക്കനുസരിച്ചായിരിക്കാം മാറ്റം പരിഗണിക്കുക.

2011 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ ക്രിസ്ത്യന്‍ 18.38 ശതമാനം, മുസ്ലിം 26.56, ബുദ്ധര്‍ 0.01, ജൈനര്‍ 0.01, സിഖ് 0.01 ശതമാനം എന്നിങ്ങനെയാണ് ന്യൂനപക്ഷ ജനസംഖ്യാ അനുപാതം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.