മാര്‍ത്തോമ്മാ സഭയ്ക്ക് രണ്ട് പുതിയ സഫ്രഗന്‍ മെത്രാപ്പൊലീത്തമാര്‍; സ്ഥാനാരോഹണം നാളെ

മാര്‍ത്തോമ്മാ സഭയ്ക്ക് രണ്ട് പുതിയ  സഫ്രഗന്‍ മെത്രാപ്പൊലീത്തമാര്‍; സ്ഥാനാരോഹണം നാളെ

തിരുവല്ല: മാർത്തോമ്മാ സഭയ്ക്ക് പുതിയ രണ്ടു സഫ്രഗൻ മെത്രാപ്പൊലീത്തമാർ. സഭയിലെ സീനിയർ ബിഷപ്പുമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ് എന്നിവർ സഫ്രഗൻ മെത്രാപ്പൊലീത്തമാരാകും. ഡോ. തിയഡോഷ്യസ്‍ മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ തിരുവല്ലയിൽ ചേർന്ന സഭാ സിനഡാണ് തീരുമാനം പ്രഖ്യാപിച്ചത്.

സ്ഥാനാരോഹണം നാളെ രാവിലെ ഒൻപതിന് തിരുവല്ല പുലാത്തീൻ അരമന ചാപ്പലിൽ തിയഡോഷ്യസ്‍ മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. കുര്‍ബാന മധ്യേ തോമസ്‌ മാര്‍ തിമോഥെയോസ്‌ വചനശുശ്രൂഷ നിര്‍വഹിക്കും. സഭയിലെ മറ്റ്‌ എപ്പിസ്‌കോപ്പമാര്‍ സഹകാര്‍മ്മികരായിരിക്കും

ചെന്നൈ ചെട്പെട്ട് മാർത്തോമ്മാ പള്ളി വികാരി റവ. ജോർജ് മാത്യുവിനെ വികാരി ജനറൽ ആക്കി. അദ്ദേഹത്തിന്റെ സ്ഥാനാരോഹണവും നാളെ നടക്കും.

ഡോ. യുയാക്കിം മാര്‍ കൂറിലോസ്‌ നിലവില്‍ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന അധ്യക്ഷനും കുന്നംകുളം ആര്‍ത്താറ്റ്‌ മാര്‍ത്തോമ്മ പള്ളി ഇടവകാംഗവുമാണ്‌. , 1951 നവംബര്‍ 25ന് അദ്ദേഹത്തിന്റെ ജനനം. കുന്നംകുളം ആര്‍ത്താറ്റ് ഇടവകയിലെ ചീരന്‍ കുടുംബാംഗമാണ്. 1978 മെയ്‌ 16ന് വൈദിക പട്ടം സ്വീകരിച്ചു. 1989 ഡിസംബര്‍ ഒൻപതിന് എപ്പിസ്‌കോപ്പയുമായി. സമൂഹത്തിൽ പിൻതള്ളപ്പെട്ടവരുടെയും അശരണരുടേയും പക്ഷം ചേരുന്ന ക്രിസ്തുശൈലിയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് മാർ കൂറിലോസ് എപ്പോഴും നടപ്പാക്കുന്നത്. ഓരോ വ്യക്തിയോടും ദൈവ സ്നേഹത്തിന്റെയും കരുതലിന്റേയും സ്പർശനം നൽകി ഇടപെടുവാനുള്ള നൈസർഗ്ഗികമായ കഴിവിന്റെ ഉടമയാണ് അദ്ദേഹം. 

അപരനുവേണ്ടി തന്റെ ജീവിതം മാറ്റിവെച്ച്, ദൈവത്തിന്റെ മുഖം മറ്റുള്ളവരിൽ കണ്ട വ്യക്തിത്വത്തിനുടമയായിരുന്നു
ജോസഫ്‌ മാര്‍ ബര്‍ണബാസ്‌. തിരുവനന്തപുരം-കൊല്ലം ഭദ്രാസന അധ്യക്ഷനും കോട്ടയം അഞ്ചേരില്‍ ക്രിസ്‌തോസ്‌ മാര്‍ത്തോമ്മ പള്ളി ഇടവകാംഗവുമാണ്‌ അദ്ദേഹം. 1949 സെപ്റ്റംബര്‍ എട്ടിനാണ് അദ്ദേഹത്തിന്റെ ജനനം. ഇലയ്ക്കാട്ടുക്കടുപ്പില്‍ കുടുംബാംഗമാണ്. 1973 ജൂണ്‍ 12 ന് വൈദിക പട്ടം സ്വീകരിച്ചു. 1993 ഓഗസ്റ്റ് 31ന് എപ്പിസ്‌കോപ്പയുമായി. ദൈവത്തില്‍ വിശ്വസിക്കുന്ന ഏവരിലും ദൈവിക പ്രതിച്ഛായ പ്രതിഫലിക്കാൻ അദ്ദേഹത്തിന് സാധിച്ചു. നിന്നെ കണ്ടവന്‍ ദൈവത്തെ കണ്ടിരിക്കുന്നുവെന്ന സന്ദേശമാണ് അദ്ദേഹം സമൂഹത്തിന് നൽകിയത്. 

സ്ഥാനാരോഹണം ശുശ്രൂഷകള്‍ കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കുമെന്നു സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ്‌ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.