ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചോയെന്ന് വിചാരണ ക്കോടതിക്ക് പരിശോധിക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ഇ.ഡി) സുപ്രീം കോടതിയെ സമീപിച്ചു.
ഹൈക്കോടതി റദ്ദാക്കിയ കേസിലെ തെളിവുകളും, രേഖകളും വിചാരണക്കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ലെന്ന വാദമുയര്‍ത്തിയാണ് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും ഭീഷണിപ്പെടുത്തിയെന്ന പേരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.
കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമമുണ്ടായാല്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 340-ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തേണ്ടതെന്ന് വ്യക്തമാക്കിയാണ് ക്രൈം ബ്രാഞ്ച് എഫ്.ഐ.ആറുകള്‍ ഹൈക്കോടതി റദ്ദാക്കിയത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം തെറ്റാണെന്നും ഇ.ഡി ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരെ പരിശോധന നടത്താന്‍ വിചാരണക്കോടതിക്ക് അനുമതി നല്‍കുന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകരില്‍നിന്ന് നിയമോപദേശം ലഭിച്ച ശേഷമാണ് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിചാരണക്കോടതി ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ പരാതിയില്‍ പരിശോധന ആരംഭിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.