ട്രിപ്പിള്‍ ലോക്ഡൗണുളള ഇടങ്ങളില്‍ തിങ്കളാഴ്ച കടകള്‍ തുറക്കാം; മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും സംസ്ഥാനം സ്വയം നിര്‍മ്മിക്കും

ട്രിപ്പിള്‍ ലോക്ഡൗണുളള ഇടങ്ങളില്‍ തിങ്കളാഴ്ച കടകള്‍ തുറക്കാം; മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും സംസ്ഥാനം സ്വയം നിര്‍മ്മിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ കോവിഡ് വ്യാപന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കേരളത്തില്‍ മരണനിരക്ക് തടയാന്‍ സാധിച്ചിട്ടുണ്ട്. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദേഹം ഇക്കാര്യമറിയിച്ചത്.

കേന്ദ്രം നല്‍കുന്ന വാക്സിന്‍ നഷ്ടപ്പെടാതെ സംസ്ഥാനം ഉപയോഗിച്ചു. 23 മാസങ്ങള്‍ കൊണ്ട് 70 ശതമാനം ആളുകള്‍ക്കും വാക്സിന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രിപ്പിള്‍ ലോക്ക്ഡൗണുളള പ്രദേശങ്ങളിലും പെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് വരെ പങ്കെടുക്കാം. പക്ഷേ, എത്തുന്നവര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എ, ബി വിഭാഗത്തില്‍ പെട്ട പ്രദേശങ്ങളില്‍ ഇലക്ട്രോണിക് ഷോപ്പുകളും മറ്റ് റിപ്പയര്‍ കടകളും അനുവദിക്കും. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം നല്‍കും. ആദ്യ ഘട്ട വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാകും ഇങ്ങനെ പ്രവേശനം അനുവദിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതിനിടെ കോവിഡ് മൂന്നാം തരംഗത്തിന് മുമ്പ് സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതു സംബന്ധിച്ചുളള പ്രാഥമിക ചര്‍ച്ചകള്‍ ഇന്ന് ആരോഗ്യ-വ്യവസായ വകുപ്പുകള്‍ തമ്മില്‍ നടന്നു.

കോവിഡ് മൂന്നാം തരംഗത്തില്‍ ഗ്ലൗസ്, മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയ സുരക്ഷാ സാമഗ്രികളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കാനാണ് ലക്ഷ്യം. മെഡിക്കല്‍ ഉപകരണങ്ങളുടെയും ഡിവൈസുകളുടെയും ലഭ്യതയ്ക്കായി വ്യവസായ വകുപ്പ് മെഡിക്കല്‍ എക്യുപ്മെന്റ് ആന്‍ഡ് ഡിവൈസസ് പാര്‍ക്ക് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രമാണ് കേരളത്തില്‍ നിര്‍മ്മിക്കുന്നത്. 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. കൂടുതല്‍ മരുന്നുകള്‍ ഇവിടെ ഉല്‍പാദിപ്പിക്കാനായാല്‍ ചെലവ് കുറയുകയും ആരോഗ്യ മേഖലയ്ക്ക് വലിയ ഗുണം ലഭിക്കുകയും ചെയ്യുമെന്നും ആരോഗ്യവകുപ്പ് കരുതുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.