തലശേരി: ഭരണകൂടങ്ങളുടെ നീതി നിഷേധത്തിനെതിരെ പൊതുസമൂഹം പ്രതിഷേധിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് തലശേരി അതിരുപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി.
കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടേയും മുക്തിശ്രീയുടേയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട നീതി ദിനം, പൊതുപ്രവര്‍ത്തക സംരക്ഷണ വാരാചരണമായി ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തക സമിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മനസാക്ഷിയായി പ്രവര്‍ത്തിക്കുന്ന സംശുദ്ധരായ പൊതുപ്രവര്‍ത്തകരെ കൈയ്യാമം വച്ച് ജയിലിലടക്കുന്ന പ്രാകൃത രീതി ഇന്നും തുടരുന്നുവെന്നതിന്റെ നേര്‍ച്ചിത്രമാണ് ഫാ.സ്റ്റാന്‍ സ്വാമിയുടെ ദാരുണമായ അന്ത്യത്തിലൂടെ ഒരിക്കല്‍കൂടി പുറത്ത് വന്നിരിക്കുന്നത്.
എണ്‍പത്തിനാലുകാരനായ സ്വാമി കഴിഞ്ഞ 40 വര്‍ഷമായി ആദിവാസികളുടേയും കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും ഉന്നമനത്തിനാി ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഹോമിക്കുകയായിരുന്നു എന്നത് പകല്‍ പോലെ സത്യം. എന്നിട്ടും അധികാര വര്‍ഗത്തിന് സ്വാമിയുടെ നീതിബോധത്തോടൊപ്പം നില്‍ക്കുക എന്നതല്ല സ്വീകാര്യമായത്.
മറിച്ച് ചൂഷണം നടത്തുന്നവര്‍ നല്‍കുന്ന പാരിതോഷികങ്ങളിലായിരുന്നു കണ്ണുടക്കിയത് എന്നതും പരമാര്‍ത്ഥം മാത്രം. അതിനാല്‍ മാര്‍ഗമൊന്നേയുള്ളൂ സ്വാമിയെ കള്ളക്കേസില്‍ പെടുത്തുക. അങ്ങനെ ഭരണകൂട ഭീകരതയുടെ ഇരയാി സ്വാമി അക്ഷരാര്‍ത്ഥത്തില്‍ തീര്‍ന്നു. നമ്മുടെ മാതൃരാജ്യത്തില്‍ ഇനിയും ഇത്തരം തീരാദുരന്തങ്ങള്‍ ഉണ്ടാവാനിടയാവരുതെന്നും മാര്‍ പാംപ്ലാനി കുട്ടിച്ചേര്‍ത്തു.
ഭാരതത്തിലെ എളിയ ജീവിതങ്ങളെ നെഞ്ചോട് ചേര്‍ത്ത ഫാ.സ്റ്റാന്‍ സ്വാമിയോടുള്ള സ്മരണാഞ്ജലിയായി ഈ പൊതുപ്രവര്‍ത്തക സംരക്ഷണ വാരാചരണത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ ബോധവല്‍ക്കരണം, അഗതി ശുശ്രൂഷ, വസ്ത്ര-ഭക്ഷ്യ വസ്തുക്കളുടെ വിതരണം എന്നിവ ഉണ്ടാകും.
അതിരൂപതാ ഡയറക്ടര്‍ ഫാ.ചാക്കോ കുടിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രതീക്ഷാ മദ്യപാന ചികിത്സാ കേന്ദ്രം അഡ്മിനിട്രേറ്റര്‍ ഫാ.മാത്യു കാരിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
കെ.സി.ബി.സി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ആന്റണി മേല്‍വെട്ടം, മുക്തിശ്രീ പ്രസിഡന്റ് ഷിനോ പാറയ്ക്കല്‍, സെബാസ്റ്റ്യന്‍ കുന്നിനി, ജോസ് ചിറ്റേട്ട്, വിന്‍സെന്റ് മുണ്ടാട്ടുചുണ്ടയില്‍, ദേവസ്യ തൈപ്പറമ്പില്‍, ജോസ് ചാരിശേരി, മേരി ആലക്കാമറ്റത്തില്‍, സോളി രാമച്ചനാട്ട്, തങ്കമ്മ പാലമറ്റം, മേരി പാലയ്ക്കലോടി എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.