യാക്കോബായ - ഓര്‍ത്തഡോക്‌സു ഭിന്നത : ചരിത്രവും ചില പരിഹാരമാര്‍ഗ്ഗങ്ങളും

യാക്കോബായ - ഓര്‍ത്തഡോക്‌സു ഭിന്നത : ചരിത്രവും ചില പരിഹാരമാര്‍ഗ്ഗങ്ങളും

 കേരളത്തിലെ ക്രൈസതവരെ റീത്തുകള്‍ക്കും സഭകള്‍ക്കും അതീതമായി സങ്കടപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ് യാക്കോബായ - ഓര്‍ത്തഡോക്‌സ് സംഘര്‍ഷം. ' എല്ലായിടത്തും പ്രശ്‌നങ്ങളുണ്ട്, സ്വന്തം കണ്ണിലെ തടിക്കഷണം എടുക്കൂ..' തുടങ്ങിയ ഉപരിപ്ലവ വാദങ്ങളിലൂടെ ഇതര സഭകളുടെ അനുരഞ്ജന ശ്രമങ്ങളെ ആക്ഷേപിക്കാനാണ് ഇരുകക്ഷികളും പലപ്പോഴും ശ്രമിക്കുന്നത്. അതിനാല്‍ തന്നെ അനുരജ്ഞനത്തിന് മുന്‍കൈ എടുക്കാന്‍ ആരും മുതിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഇരു സഭകളും തമ്മിലുള്ള അനുരജ്ഞനം പൊതു സമൂഹത്തിന്റെ ആവശ്യമായി മാറിക്കഴിഞ്ഞ സന്ദര്‍ഭത്തില്‍ അനുരജ്ഞനത്തെക്കുറിച്ച് ആത്മാര്‍ത്ഥമായ ചിന്തകള്‍ എല്ലാ തലങ്ങളിലും രൂപപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അല്പം ചരിത്രം

1653 ജനുവരി 3-ാം തിയതി മട്ടാഞ്ചേരി ദൈവമാതാവിന്റെ ദൈവാലയത്തില്‍ വെച്ചു നടന്ന കൂനന്‍കുരിശു സത്യം മാര്‍ത്തോമ്മാ നസ്രാണികളുടെ സഭയില്‍ വലിയ പിളര്‍പ്പിന് കാരണമായി. തങ്ങളുടെ പാരമ്പര്യങ്ങളെ അവഹേളിക്കുന്ന പാദ്രുവാദോ അധികാരം (പോര്‍ച്ചുഗീസ് രാജ്ഞിയുടെ അധികാര പത്രം) കൈയ്യാളുന്ന 'ഈശോ സഭക്കാരായ വൈദീകരെ തങ്ങളും തങ്ങളുടെ മക്കളും അനുസരിക്കില്ല ' എന്നതായിരുന്നു കൂനന്‍കുരിശു സത്യത്തിന്റെ ഉള്ളടക്കം. റോമാ മാര്‍പാപ്പായോടുള്ള അനുസരണക്കേടോ സ്വതന്ത്ര സഭയായി പിളരാനുള്ള മോഹമോ കൂനന്‍ കുരിശു സത്യം നടത്തിയ പിതാക്കന്മാരുടെ വിദൂര സ്വപ്‌നങ്ങളില്‍പ്പോലും ഇല്ലായിരുന്നു എന്നതാണ് സത്യം. റോമന്‍ ഭരണ ക്രമവും (പ്രൊപഗാന്ത) പോര്‍ച്ചുഗീസ് ഭരണക്രമവും (പദ്രുവാദോ) ചേര്‍ന്നു സൃഷ്ടിച്ച സങ്കീര്‍ണ്ണതയും ഇരു പക്ഷങ്ങളിലായി നിലയുറപ്പിച്ച സന്ന്യാസസഭകളിലെ വൈദികരുടെ അപക്വമായ സമീപനങ്ങളും മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ തനതു പാരമ്പര്യങ്ങളെക്കുറിച്ച് വിദേശ മിഷനറിമാര്‍ക്കുള്ള അജ്ഞതയും ചേര്‍ന്നു സൃഷ്ടിച്ച ഭിന്നതയായിരുന്നുകൂനന്‍ കുരിശു സത്യം.

ആര്‍ച്ചു ഡീക്കന്‍ തോമസിനെ 12 വൈദീകര്‍ ചേര്‍ന്ന് കൈവയ്പ്പിലൂടെ മാര്‍ത്തോമ്മാ ഒന്നാമന്‍ എന്നപേരില്‍ ' മെത്രാനായി' നിയമ വിരുദ്ധമായി പ്രഖ്യാപിച്ചു. മാര്‍പാപ്പായുടെ പ്രതിനിധിയായി 1657 ല്‍ എത്തിയ സെബസ്ത്യാനി മെത്രാന്‍ മാര്‍ത്തോമ്മാ ഒന്നാമന്റെ അഭിഷേകത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ബോധ്യപ്പെടുത്തിയതോടെ മനസ്സില്ലാമനസോടെയാണെങ്കിലും കൈവയ്പ്പിന് കൂട്ടുനിന്ന വൈദീകരടക്കം ഭിന്നത അവസാനിപ്പിക്കുകയും മാര്‍പാപ്പായുടെ നിര്‍ദ്ദേശമനുസരിച്ച് ഗാര്‍സ്യാ മെത്രാനെ അംഗീകരിക്കുകയും ചെയ്തൂ. നിയമവിരുദ്ധനായി അഭിഷേകം ചെയ്യപ്പെട്ട മാര്‍ത്തോമ്മാ ഒന്നാമന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഭിന്നതയില്‍ തന്നെ തുടര്‍ന്നു.

തന്നെ നിയമാനുസൃതം അഭിഷേകം ചെയ്യാന്‍ മാര്‍ത്തോമ്മാ ഒന്നാമന്‍ ക്ഷണിച്ചുവരുത്തിയ അന്ത്യോക്യന്‍ മെത്രാനായിരുന്നു മാര്‍ ഗ്രിഗോറിയോസ്. മാര്‍ ഗ്രിഗോറിയോസ് മാര്‍ത്തോമ്മാ ഒന്നാമനെ അഭിഷേകം ചെയ്‌തോ ഇല്ലയോ എന്നത് ഇന്നും തര്‍ക്ക വിഷയമാണ്. എന്നാല്‍ മാര്‍ ഗ്രിഗോറിയോസ് ഭിന്നിച്ചു നിന്ന മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ അന്ത്യോക്യന്‍-യാക്കോബായ ആചാരങ്ങളും പ്രാര്‍ത്ഥനകളും പഠിപ്പിച്ചു. അങ്ങനെ 'പുത്തന്‍കൂറുകാര്‍' എന്ന പുതിയ ക്രിസ്തീയ വിഭാഗം മാര്‍ത്തോമ്മാ നസ്രാണികളുടെ ഇടയില്‍ ആരംഭിച്ചു. 1704 ഡിസംബര്‍ 7-ാം തിയതി മാര്‍ത്തോമ്മാ നാലാമന്റെ കാലത്ത് മാര്‍പാപ്പായുമായി അനുരജ്ഞനപ്പെടാനുള്ള ആത്മാര്‍ത്ഥമായ ശ്രമം പുത്തന്‍കൂറുകാരുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും റോമില്‍ നിന്ന് അനുകൂലമായ മറുപടി ലഭിച്ചില്ല. അന്ത്യോക്യന്‍ മെത്രാന്‍മാരുടെ ഭരണം തുടരാന്‍ റോമിന്റെ വിപരീത സമീപനം കാരണമാക്കി. തുടര്‍ന്ന് ആറാം മാര്‍ത്തോമ്മായുടെ (ദിവന്യാസോസ് ഒന്നാമന്‍) കാലത്തും റോമുമായുള്ള പുനരൈക്യത്തിനു ശ്രമങ്ങള്‍ നടന്നു. പുത്തന്‍കൂറുകാരും പഴയകൂറുകാരും ചേര്‍ന്ന് മാര്‍ത്തോമ്മാ നസ്രാണികളുടെ ഐക്യം എന്ന സ്വപ്‌നം മുന്‍നിര്‍ത്തിയാണ് 1778-ല്‍ കരിയാറ്റില്‍ ജോസഫ് മല്‍പാനെയും പാറേമാക്കല്‍ തോമ്മാ കത്തനാരെയും റോമിലേക്ക് അയച്ചത്. കരിയാററിയുടെ ആകസ്മിക മരണം ഈ ഐക്യ ശ്രമത്തിന് തടസ്സമായി.

ഇതിനോടകം ആംഗ്ലിക്കന്‍ മിഷനറിമാരുടെ അധിനിവേശം ശക്തമായപ്പോള്‍ പുത്തന്‍കൂറുകാര്‍ തങ്ങളുടെ പാരമ്പര്യങ്ങള്‍ സംരക്ഷിക്കാനും ആംഗ്ലിക്കരെ പ്രതിരോധിക്കാനുമായി 1836 ജനുവരി 1 ന് മാവേലിക്കരയില്‍വെച്ച് സൂനഹദോസ് ചേര്‍ന്നു. ആംഗ്ലിക്കന്‍ മിഷനറിമാരുടെ കടന്നുകയറ്റം പ്രതിരോധിക്കാന്‍ അന്ത്യോക്യാന്‍ പാത്രിയാര്‍ക്കീസിന്റെ സഹായം തേടാന്‍ തീരുമാനിച്ചത് ഈ സൂനഹദോസാണ്. ആംഗ്ലിക്കന്‍ സ്വാധീനത്തിലായ പുത്തന്‍ കൂറുകാരാണ് പിന്നീട് 'മാര്‍ത്തോമ്മാ സഭ' യായി രൂപംകൊണ്ടത്. അനൂകൂലമായ സാഹചര്യം മുതലെടുത്ത് അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസ് 1876 ജൂണ്‍ 27-29 തിയതികളില്‍ മുളന്തുരിത്തിയില്‍വെച്ച് ഒരു സൂനഹദോസ് വിളിച്ചു ചേര്‍ത്തു. ഈ സിനഡില്‍ വച്ചാണ് കൊല്ലം, തുമ്പമണ്‍, കോട്ടയം, അങ്കമാലി, കണ്ടനാട്, കൊച്ചി, നിരണം ഭദ്രാസനങ്ങള്‍ സ്ഥാപിതമായത്. ദിവന്ന്യസോസ് അഞ്ചാമന്റെ നേതൃത്വത്തില്‍ 6 മെത്രാന്മാരെയും അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസായിരുന്ന പത്രോസ് മൂന്നാമന്‍ ഈ സിനഡില്‍വച്ച് വാഴിച്ചു. പാത്രിയാര്‍ക്കീസിനു കീഴിലുള്ള യാക്കോബായ സഭയായി പുത്തന്‍കൂറുകാര്‍ മാറുന്നത് മുളന്തുരുത്തി സൂനഹദോസോടുകൂടിയാണ്. ഈ കാലഘട്ടത്തില്‍ത്തന്നെയാണ് നിധീരിക്കല്‍ മാണിക്കത്തനാരുടെ നേതൃത്വത്തില്‍ 'ജാതൈ്യക്യസംഘം' രൂപം കൊണ്ടതും മാര്‍ത്തോമ്മാ നസ്രാണികളുടെ പുനരൈക്യത്തിനായി പ്രവര്‍ത്തനം ആരംഭിച്ചതും.

ദിവന്ന്യാസോസ് ആറാമന്റെ കാലത്ത് അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസായിരുന്ന അബ്ദുള്ള പാത്രിയാര്‍ക്കീസ് പുത്തന്‍കൂറിലെ മുഴുവന്‍ പള്ളികളുടെയും ആത്മീയവും ഭൗതികവുമായ അധികാരം തന്നില്‍ നിക്ഷിപ്തമാണെന്നു പ്രഖ്യാപിക്കുകയും ഇത് ഉടമ്പടിയാക്കി ഒപ്പുവയ്പിക്കാന്‍ 1909-ല്‍ കേരളത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ ദിവന്ന്യസോസ് ആറാമന്റെ നേതൃത്വത്തിലുള്ള മെത്രാന്മാരും പള്ളികളും ഈ നീക്കത്തില്‍ തികച്ചും അസംതൃപ്തരായിരുന്നു. പാത്രിയാര്‍ക്കീസുമായി ഉടമ്പടിയില്‍ ഒപ്പുവച്ച രണ്ടുപേരെ (മാര്‍ കൂറിലോസ്, മാര്‍ സേവേരിയോസ്) പാത്രിയാര്‍ക്കീസ് മെത്രാന്മാരായി വാഴിച്ചു. 1910 സെപ്തംബര്‍ 20 ന് കോട്ടയത്ത് ദിവന്ന്യാസോസ് ആറാമന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനം പാത്രിയാര്‍ക്കീസിന്റെ അവകാശവാദങ്ങളെ നിരാകരിച്ചു. ഇതെ തുടര്‍ന്ന് ദിവന്ന്യാസോസ് ആറാമനെയും കൂട്ടരെയും പാത്രിയാര്‍ക്കീസ് സഭയില്‍നിന്ന് പുറത്താക്കി. പാത്രിയാര്‍ക്കീസിനെ അനുകൂലിക്കുന്ന പക്ഷവും (ബാവാകക്ഷി) ദിവന്ന്യസോസിനെ അനുകൂലിക്കുന്ന പക്ഷവും (മെത്രാന്‍കക്ഷി) എന്ന രണ്ടു വിഭാഗം കേരളസഭയില്‍ രൂപം കൊണ്ടത് ഇപ്രകാരമാണ്.

അബ്ദൂള്ള പാത്രിയാര്‍ക്കീസിന്റെ മുന്‍ഗാമിയും സ്ഥാനഭ്രഷ്ടനാക്കപ്പെട്ടവനുമായിരുന്ന അബ്ദേദുമിശിഹാ പാത്രിയാര്‍ക്കിസിനെ മെത്രാന്‍കക്ഷി കേരളത്തിലേക്ക് ക്ഷണിച്ചു. കേരളത്തിലെത്തിയ അബ്ദേദു മിശിഹാ പാത്രിയാര്‍ക്കീസ് ദിവന്ന്യാസോസിനെതിരെയുള്ള അബ്ദുള്ള പാത്രിയാര്‍ക്കീസിന്റെ വിലക്ക് കാനന്‍ നിയമത്തിന് വിരുദ്ധമാണെന്നു പ്രഖ്യാപിച്ച് അസാധുവാക്കി. കൂടാതെ 1912 സെപ്തംബര്‍ 15 ന് കണ്ടനാട്ടു മെത്രാനായിരുന്ന മാര്‍ പൗലോസ് മുറിമറ്റത്തിനെ മെത്രാന്‍കക്ഷിയുടെ ആദ്യ ' കാതോലിക്ക' (മഫ്രിയാന്‍) യായി അഭിഷേകം ചെയ്തു. സഭയിലെ ആത്മീയകാര്യങ്ങളുടെ തലവനായാണ് കാതോലിക്കായെ വിഭാവനം ചെയ്തത്. ഫലത്തില്‍ അന്ത്യോക്യന്‍ സഭയിലെ രണ്ടു പാത്രിയാര്‍ക്കിസുമാര്‍ തമ്മിലുണ്ടായിരുന്ന ഭിന്നത കേരളത്തിലെ പുത്തന്‍കൂറുകാര്‍ക്കിടയിലും പ്രതിഫലിച്ചു.

കോടതി വ്യവഹാരങ്ങള്‍

യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള കോടതി വ്യവഹാരങ്ങള്‍ക്ക് 1887 മുതലുള്ള ചരിത്രമുണ്ട്. വ്യവഹാരങ്ങളില്‍ പ്രഥമ പരിഗണന ലഭിക്കുന്നത് വട്ടിപ്പണക്കേസിനായിരുന്നു. തച്ചില്‍ മാത്തൂതരകന് സര്‍ക്കാര്‍ തിരികെ നല്‍കാനുണ്ടായിരുന്ന 10500 രൂപ സമുദായത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍തന്നെ ബാങ്കില്‍ നിക്ഷേപിച്ച തുകയാണ് വട്ടിപ്പണം എന്ന പേരില്‍ പ്രസിദ്ധമായത്. ഈ കേസില്‍ മെത്രാന്‍കക്ഷിക്ക് അനുകൂലമായാണ ്1928-ല്‍ വിധിവന്നത്. തുടര്‍ന്ന് പള്ളികളുടെ അവകാശ തര്‍ക്കങ്ങള്‍ക്കുമേല്‍ നടന്ന വ്യവഹാര പരമ്പരകളില്‍ ഇരുകക്ഷികള്‍ക്കും അനുകൂലവും പ്രതികൂലവുമായ വിധികള്‍ വന്നുകൊണ്ടിരുന്നു. ഇതിനിടയില്‍ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടാന്‍ മെത്രാന്‍കക്ഷി താത്പര്യപ്പെടുകയും അതിനായി ബഥനി മെത്രാപ്പോലീത്തായായിരുന്ന മാര്‍ ഇവാനിയോസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ 1930 സെപ്തംബര്‍ 20 ന് മാര്‍ ഇവാനിയോസും മാര്‍ തെയൊഫിലോസും അവരോടൊപ്പമുള്ള വിശ്വാസികളും മാത്രം കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടുകയും സീറോ മലങ്കര കത്തോലിക്കാ സഭ രൂപം കൊള്ളുകയും ചെയ്തു.

1934-ല്‍ മാര്‍ ദിവന്ന്യാസോസ് മെത്രാപ്പോലീത്ത കാലം ചെയ്തപ്പോള്‍ കാതോലിക്കോസ് മെത്രാന്‍ കക്ഷിയുടെ ആത്മീയ-ഭൗതിക അധികാരകേന്ദ്രമായിത്തീര്‍ന്നു. ഇതോടെ പാത്രിയാര്‍ക്കീസുമായുള്ള എല്ലാ ബന്ധങ്ങളും മെത്രാന്‍ കക്ഷി വിച്ഛേദിക്കുകയും സ്വന്തമായ ഭരണഘടനയ്ക്ക് രൂപം കോടുക്കുകയും ചെയ്തു. 1958 സെപ്തംബര്‍ 12 ന് സുപ്രീംകോടതി നല്‍കിയ വിധി മെത്രാന്‍കക്ഷിക്ക് അനുകൂലമായിരുന്നു. ഈ വിധിയെ തുടര്‍ന്ന് ഇരു കക്ഷികളും അനുരജ്ഞനത്തില്‍ പോകാന്‍ ധാരണയായി. 1958 ഡിസംബര്‍ 16 ന് പാത്രിയാര്‍ക്കീസിന്റെ പ്രതിനിധി മാര്‍ ജൂലിയോസിന്റെ സാന്നിധ്യത്തില്‍ അനുരജ്ഞന ഉടമ്പടി നടപ്പിലായി.

1964-ല്‍ കാതോലിക്കോസ് ബസേലിയോസ് ഗീവര്‍ഗീസ് തൃതീയന്‍ കാലം ചെയ്തപ്പോള്‍ പുതിയ കാതോലിക്കായെ വാഴിക്കാന്‍ അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസായിരുന്ന ഇഗ്നാത്തിയൂസ് യാക്കോബ് മൂന്നാമനെയാണ് ക്ഷണിച്ചത്. 1964 മെയ് 23ന് പാത്രിയാര്‍ക്കീസ് ബാവാ കോട്ടയത്തുവച്ച് ബസേലിയോസ് മാര്‍ ഔഗന്‍ പ്രഥമനെ പുതിയ കാതോലിക്കോസ് ആയി വാഴിച്ചു. പാത്രിയാര്‍ക്കീസ് ബാവായുടെ കീഴില്‍ പുത്തന്‍കൂറുകാര്‍ ഒരുമിച്ചു എന്ന പ്രതീതി ഉളവായെങ്കിലും ഈ അനുരജ്ഞനവും അധികകാലം നീണ്ടുനിന്നില്ല. പാത്രിയാര്‍ക്കിസിന് ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയിലുള്ള അധികാരം 1934 ലെ ഭരണഘടന പ്രകാരം മാത്രമാണെന്നവാദവും കാതോലിക്കോസ് പാത്രിയാര്‍ക്കീസിനു തുല്യമായ പദവിയാണെന്നവാദവും പാത്രിയാര്‍ക്കീസ് പക്ഷത്തെ പ്രകോപിപ്പിച്ചു. കൂടാതെ, കാതോലിക്കോസ് സ്ഥാനത്തിന് 'മാര്‍ത്തോമ്മായുടെ സിംഹാസനം' എന്ന പുതിയ അഭിധാനം നല്‍കിയതും പാത്രിയാര്‍ക്കീസ് പക്ഷം തള്ളിക്കളഞ്ഞു. 1972 ല്‍ മാര്‍ തിമോത്തിയോസ് യഹൂദിയെ പാത്രിയാര്‍ക്കീസ് തന്റെ പ്രതിനിധിയായി മലങ്കരയിലേക്ക് അയച്ചെങ്കിലും പ്രതിസന്ധികള്‍ കൂടുതല്‍ വഷളാക്കാനേ ഈ നിയമനം ഉപകരിച്ചുള്ളു. പാത്രിയാര്‍ക്കീസ് പ്രതിനിധിക്ക് വിസ നിഷേധിക്കപ്പെട്ട് തിരിച്ചുപോകേണ്ടിവന്നതും പാത്രിയാര്‍ക്കീസ് ഏകപക്ഷീയമായി മലങ്കരയില്‍ മെത്രാന്മാരെ വാഴിച്ചതും ഇരുപക്ഷവും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കി. 1975 സെപ്തംബര്‍ 7-ാം തിയതി പാത്രിയാര്‍ക്കീസ് വിഭാഗം തങ്ങളുടെ കാതോലിക്കോസായി ബസേലിയോസ് മാര്‍ പൗലോസ് ദ്വിദീയനെ വാഴിച്ചു. അങ്ങനെ ബാവാകക്ഷിക്കും മെത്രാന്‍ കക്ഷിക്കും കാതോലിക്കോസുമാരായി.

1977 ജനുവരിയില്‍ ഇരുസഭകളും തമ്മില്‍ കോടതികളില്‍ നിലനിന്നിരുന്ന 336 കേസുകള്‍ സ്‌പെഷ്യല്‍ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും സംയുക്ത വിചാരണ നടത്തി. 1980 ജൂണ്‍ 6-ാം തിയതി ജസ്റ്റിസ് ചന്ദ്രശേഖര മേനോന്‍ പറഞ്ഞ വിധി പ്രകാരം ഇരു സഭകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്രം അനുവദിക്കുകയും ശാശ്വത സമാധാനം കോടതി വിധിയിലൂടെയല്ല 'സുവിശേഷാധിഷ്ഠിത അനുരജ്ഞന' ത്തിലൂടെയാണ് നേടിയെടുക്കേണ്ടത് എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. പാത്രിയാര്‍ക്കീസ് പക്ഷത്തിന് അനുകൂലമായി വ്യഖ്യാനിക്കപ്പെട്ട ഈ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീലില്‍ 1990 ജൂണ്‍ 1 ന് പുറപ്പെടുവിച്ച വിധിയില്‍ രണ്ടു സഭകളും ഒരു സഭയുടെ ഭഗമാണെന്ന് ഊന്നിപ്പറയുകയുണ്ടായി. 1934 ലെ ഭരണഘടനയ്ക്ക് വിധേയമായി ഇരു സഭകളുടെയുംമേല്‍ അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസിന് ആത്മീയാധികാരമുണ്ടെന്ന് കോടതി വിധിച്ചു. ഇതിനെതിരായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ 1995 ജൂണ്‍ 20 ന് വിധി പ്രസ്താവിക്കുകയുണ്ടായി. ഈ വിധിയിലും അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസിന് മലങ്കരസഭകളുടെ മേലുള്ള ആത്മീയ അധികാരം എടുത്തു പറഞ്ഞിട്ടുണ്ട്. 1934 ലെ ഭരണഘടന ഇരുപക്ഷവും പാലിക്കണമെന്നും പാത്രിയാര്‍ക്കിസിന് മലങ്കര സഭകളില്‍ യാതൊരു വിധ ഭൗതിക അധികാരവുമില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. 1997 ഫെബ്രുവരി 5 ലെ സുപ്രീംകോടതി ഉത്തരവും 1934 ലെ ഭരണഘടനയുടെ സാധുത അംഗീകരിക്കുന്നുണ്ട്.

അനന്തമായി നീണ്ട സഭാ കേസുകള്‍ക്ക് തീര്‍പ്പുകല്പിച്ചുകൊണ്ട് 2017 ജൂലൈ 3 ന് സുപ്രീംകോടതി പ്രഖ്യാപിച്ച വിധിയാണ് നിലവിലെ പള്ളി പിടിച്ചെടുക്കലുകളിലേക്ക് നയിച്ചത്. മുന്‍ വിധിന്യായങ്ങളുടെ ചുവടുപിടിച്ച് 1934 ലെ ഭരണഘടനയുടെ സാധുത ഇത്തവണയും കോടതി ഊന്നിപ്പറഞ്ഞു. പ്രസ്തുത ഭരണഘടനപ്രകാരം മലങ്കരസഭയ്ക്ക് ഒരു ട്രസ്റ്റിന്റെ ഘടനയാണ് ഉള്ളതെന്നും അതിനാല്‍ത്തന്നെ പാത്രിയാര്‍ക്കീസിനു കീഴിലുള്ള ബാവാ കകഷിയിലെ മെത്രാന്‍മാര്‍ക്ക് മലങ്കരയിലെ പള്ളികളുടെ ഭരണത്തില്‍ അധികാരമില്ലെന്നും പരമോന്നത നീതിപീഠം വിധിച്ചു. ബാവാ കക്ഷിയില്‍ നി്ന്ന് കേസു നടത്താന്‍ നിയോഗിക്കപ്പെട്ടവര്‍ കൂറുമാറിയതും കേസുനടത്തിപ്പില്‍ വന്ന പാകപ്പിഴകളുമാണ് ഇപ്രകാരം ഏകപക്ഷീയമെന്നു തോന്നാവുന്ന വിധിക്ക് കാരണമായത്.

പരിഹാരമാര്‍ഗ്ഗങ്ങള്‍

കോടതിയുടെ ഉത്തരവുകളൊന്നും അന്തിമമല്ലെന്ന് നാളിതുവരെയുള്ള വ്യവഹാരചരിത്രം തെളിയിക്കുന്നുണ്ട്. അതിനാല്‍ 1958 ല്‍ നടപ്പില്‍വരുത്തിയതിനു സമാനമായ ഒരു അനുരജ്ഞനത്തിന് ഇരു പക്ഷവും തയ്യാറാകണം. ഇതിനായി ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഇരുപക്ഷത്തിനു മുന്നിലും സമര്‍പ്പിക്കുകയാണ്:

1. മാര്‍ത്തോമ്മാ നസ്രാണികളുടെ സാമൂദായിക ഐക്യം എന്ന യാഥാര്‍ത്ഥ്യത്തിലൂടെയേ പ്രശ്‌നം ശാശ്വതമായി പരിഹിരിക്കാന്‍ സാധിക്കുകയുള്ളൂ. മാര്‍ത്തോമ്മാശ്ലീഹായില്‍നിന്ന് വിശ്വാസം സ്വീകരിച്ചവരുടെ - സീറോ മലബാര്‍, യാക്കോബായ, ഓര്‍ത്തഡോക്‌സ്, സീറോ മലങ്കര,മാര്‍ത്തോമ്മാ സഭകളുടെ - കൂട്ടായ്മയെക്കുറിച്ച് സഭകളൊന്നാകെ ചിന്തിക്കണം. പലകാരണങ്ങളാല്‍ അകന്നു പോയവര്‍ ഒരുകുടക്കീഴില്‍ അണിനിരക്കേണ്ടത് കാലഘട്ടത്തിന്റെ മാത്രമല്ല, ഭാരത ക്രൈസ്തവരുടെ നിലനില്പിന്റെ കൂടി ആവശ്യമാണ്.

2. ബാവാകക്ഷിയും മെത്രാന്‍ കക്ഷിയും ഒരു സഭയുടെ ഭാഗങ്ങളാണെന്ന കോടതി വിധി അംഗീകരിക്കണം. പരസ്പരം കൂദാശകള്‍ മുടക്കുന്ന അവിവേകപരവും അപക്വവുമായ നടപടികള്‍ പിന്‍വലിക്കണം.

3. പള്ളികളുടെ ഭരണ നിര്‍വ്വഹണം 1934 ലെ ഭരണഘടനയനുസരിച്ച് നിര്‍വ്വഹിക്കണം എന്ന വിധി ഇരുപക്ഷവും മാനിക്കണം. എന്നാല്‍, ഇതിനര്‍ത്ഥം പള്ളികള്‍ ബലമായി പിടിച്ചെടുക്കാനും ഭൂരിപക്ഷത്തെ വഴിയാധാരമാക്കാനുമല്ല. പള്ളി പണിയിച്ച ഇടവകയിലെ ദൈവജനത്തിന്റെ വികാരത്തിന് യാതൊരുവിലയും കല്പിക്കാതെ ഒരു വിഭാഗം മെത്രാന്മാര്‍ പള്ളിക്കെട്ടിടങ്ങള്‍മാത്രം കണ്ടുകെട്ടി സ്വന്തമാക്കുന്ന ഭൗതിക ചിന്തയ്ക്കു പകരം ഇടവകയിലെ ദൈവജനത്തിന്റെ മനസ്സും വിശ്വസവുംകൂടി സ്വന്തമാക്കുന്ന നടപടികള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. മെത്രാന്മാര്‍ കോടതി വിധിമാത്രം മറയാക്കി ദൈവജനത്തെ പുറത്താക്കി പിടിച്ചെടുക്കുന്ന പള്ളികള്‍ കേവലം പുരാവസ്തുക്കള്‍ മാത്രമായിരിക്കും. ഓരോ ഇടവകയിലെയും ജനഹിതം പരിശോധിച്ച് ഭൂരിപക്ഷത്തിന് നിലവിലുള്ള പള്ളിയും ന്യൂനപക്ഷത്തിന് തത്തുല്ല്യമായ മൂല്യമുള്ള പള്ളി ഇടവകയുടെ പൊതുചിലവില്‍ നിര്‍മ്മിച്ചു നല്‍കിയും പ്രശ്‌നം രമ്യമായി പരിഹരിക്കാം. മലബാറിലെ ഭദ്രാസനങ്ങളില്‍ സമാനമായ രീതിയില്‍ പള്ളിത്തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ചിരിക്കുന്നത് ഇതര ഭദ്രാസനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്.

4. ' എല്ലാം നിയമാനുസൃതമാണ്. എന്നാല്‍ എല്ലാം പ്രയോജനകരമല്ല. എല്ലാം നിയമാനുസൃതമാണ് എന്നാല്‍ എല്ലാം പടുത്തുയര്‍ത്തുന്നില്ല' (1കോറി 10:23) എന്ന ശ്ലീഹായുടെ ദര്‍ശനം ഇരുസഭകള്‍ക്കും വെളിച്ചം നല്‍കണം. കോടതി വിധികളല്ല വിട്ടുവീഴച്ചകളും സാമൂഹിക അനുരജ്ഞനവുമാണ് ആവശ്യം. കോടതിയില്‍ വിജയിച്ച സഭ അനുരജ്ഞനത്തിനു മുതിരുമ്പോള്‍ അതു സുവിശേഷത്തിന്റെ വിജയമാകുന്നു. സഹോദരി സഭയ്ക്ക് ഇപ്രകാരം അനുരജ്ഞനത്തിന്റെ കരം നീട്ടിക്കൊടുക്കാനുള്ള വിശാല ഹൃദയം മെത്രാന്‍കക്ഷിയിലെ പിതാക്കന്മാര്‍ കാണിക്കണം. ഇതിന് പ്രതിനന്ദിയായി മെത്രാന്‍കക്ഷിയിലെ കാതോലിക്കോസിനെ തങ്ങളുടെ തലവനായി അംഗീകരിക്കാന്‍ ബാവാ കക്ഷിയിലെ പിതാക്കന്മാരും ദൈവജനവും തയ്യാറാകണം. ' ഒരു സഭ' എന്ന യാഥാര്‍ത്ഥ്യം നിലവില്‍ വരുത്താന്‍ ഇതുമാത്രമാണ് പരിഹാരം.

5. അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസ് ബാവായുടെ ആത്മീയ നേതൃത്വത്തെ മലങ്കരസഭ ഒന്നാകെ അംഗീകരിക്കണം. അന്ത്യോക്യന്‍ ആരാധനാക്രമത്തിന്റെ പൈതൃകം കൈയ്യാളുന്ന പിതാവ് എന്ന നിലയിലും പുത്തന്‍കൂറുകാര്‍ക്ക് സഭാപരമായ അസ്തിത്വവും അംഗീകാരവും നല്‍കിയ സഭാനേതാവ് എന്നനിലയിലും അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസിനെ അവഗണിക്കുന്നത് തികച്ചും നന്ദികേടാണ്. മലങ്കരസഭകളുടെ ശ്ലൈഹിക പാരമ്പര്യം കൂടുതല്‍ വ്യക്തവും അഖണ്ഡവുമായി നിലനില്‍ക്കാന്‍ പാത്രിയാര്‍ക്കീസ് ബാവായുടെ ആത്മീയ നേതൃത്വം അനുഗ്രഹപ്രദമാണ്. പാത്രിയാര്‍ക്കീസ് ബാവായുടെ തിരഞ്ഞെടുപ്പില്‍ മലങ്കരയിലെ ഇരു സഭകളുടെയും പ്രതിനിധികള്‍ക്ക് പ്രാതിനിധ്യവും വോട്ടവകാശവും വ്യവസ്ഥ ചെയ്യപ്പെടണം.

6. അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസ് ഉള്‍പ്പെടെ യാക്കോബായ സഭകള്‍ ഒന്നാകെ കത്തോലിക്കാ സഭയോട് ഐക്യപ്പെടുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തണം. ദൈവശാസ്ത്ര വിഷയങ്ങളിലെ അന്തരങ്ങളൊക്കെ ഇതിനോടകം പരിഹരിക്കപ്പെട്ടുകഴിഞ്ഞതിനാല്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ്-കത്തോലിക്കാ ഐക്യം എന്നത് സാധ്യമാക്കാവുന്ന സ്വപ്‌നം തന്നെയാണ്. ഇരു സഭകളുടെയും തലവന്മാര്‍ക്കും പാത്രിയാര്‍ക്കീസ് ബാവായ്ക്കും ഫ്രാന്‍സിസ് മാര്‍പാപ്പായോടുള്ള ഹൃദ്യമായ ബന്ധം സഭൈക്യത്തിന് സഹായകമാണ്.

7. വര്‍ഗ്ഗീയവും ജാതി പരവുമായ ധ്രുവീകരണത്തിലേക്ക് രാജ്യം ബോധപൂര്‍വ്വം വലിച്ചിഴക്കപ്പെടുമ്പോള്‍ സാമുദായികമായും രാഷ്ട്രീയമായും വിശ്വാസപരമായും ഐക്യപ്പെടാന്‍ ദൈവം ഒരുക്കിയ അവസരമായി ഈ കോടതി വിധിയെ മനസ്സിലാക്കണം. വളഞ്ഞവഴികളിലൂടെ നേര്‍വരയിലെഴുതുന്ന ദൈവത്തിന്റെ അത്ഭുത കരം തിരിച്ചറിയാനും അവിടുത്തെ വിധിവാചകത്തിന്റെ തിരുവെഴുത്തു വായിക്കാനും എല്ലാ സഭകള്‍ക്കും കഴിയട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.