വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വിലക്കയറ്റം, കോവിഡ്, കര്‍ഷക സമരം, ഫോണ്‍ ചോര്‍ത്തല്‍ എന്നിവ പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കും

വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വിലക്കയറ്റം, കോവിഡ്, കര്‍ഷക സമരം, ഫോണ്‍ ചോര്‍ത്തല്‍ എന്നിവ പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കും

ന്യൂഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ് വെയറുപയോഗിച്ച്  കേന്ദ്ര മന്ത്രിമാര്‍, ജഡ്ജിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇന്ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പ്രക്ഷുബ്ധമാകും. കര്‍ഷക സമരം, വിലക്കയറ്റം, കോവിഡിന്റെ രണ്ടാം വ്യാപനം നേരിടുന്നതിലെ വീഴ്ചകള്‍ തുടങ്ങിയ വിഷയങ്ങളുമുയര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാന്‍ തയ്യാറായിരിക്കുമ്പോഴാണ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവുംകൂടി വന്നത്.

കര്‍ഷകസമരം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആദ്യ ദിവസം തന്നെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കും. ഏതുവിഷയവും ചര്‍ച്ചചെയ്യാന്‍ ഒരുക്കമാണെന്നും ചര്‍ച്ചകളില്‍നിന്ന് ഓടിയൊളിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും അത് തീരുമാനമെടുക്കല്‍ നടപടികളെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വിളിച്ചുചേര്‍ത്ത ഇരുസഭകളിലെയും കക്ഷി നേതാക്കളുടെ യോഗത്തില്‍ 33 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ കാര്യപരിപാടികള്‍ നടപ്പാക്കാന്‍ മാത്രമുള്ള വേദിയാക്കി പാര്‍ലമെന്റിനെ മാറ്റരുതെന്നും അംഗങ്ങള്‍ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള അവസരങ്ങള്‍ ലഭിക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍, പെട്രോള്‍-ഡീസല്‍ വിലക്കയറ്റം, കോവിഡ് വാക്‌സിനേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കഴിയണമെന്ന് കോണ്‍ഗ്രസിന്റെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

കര്‍ഷകസമരം ചര്‍ച്ചചെയ്യാന്‍ അവസരമുണ്ടാകണമെന്ന് പ്രതിപക്ഷ നേതാക്കളായ ടി.ആര്‍. ബാലു, സുദീപ് ബന്ദോപാധ്യായ, ഡെറിക് ഒബ്രയാന്‍, തിരുച്ചി ശിവ, രാം ഗോപാല്‍ യാദവ്, സതീഷ് മിശ്ര, ഹര്‍സിമ്രത് കൗര്‍ തുടങ്ങിയവരും ആവശ്യപ്പെട്ടു. ലോക്സഭയില്‍ ഡെപ്യൂട്ടി സ്പീക്കറെ നിയോഗിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

കേരളത്തില്‍നിന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, തോമസ് ചാഴികാടന്‍, എളമരം കരീം, ബിനോയ് വിശ്വം, എം.വി. ശ്രേയാംസ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സൗഹൃദപരമായ രീതിയില്‍ ഉന്നയിക്കപ്പെടണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം ചര്‍ച്ചകളോട് പ്രതികരിക്കാന്‍ ഭരണകൂടത്തിന് അവസരം നല്‍കേണ്ടതുണ്ട്. ഇത്തരത്തില്‍ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, പീയൂഷ് ഗോയല്‍, പ്രള്‍ഹാദ് ജോഷി, വി. മുരളീധരന്‍, അര്‍ജുന്‍ മേഘ്വാള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.