ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദമായതിന് പിന്നാലെ ഇതുസംബന്ധിച്ച് മാധ്യമ വാര്‍ത്തകള്‍ അന്താരാഷ്ട്ര ഗൂഢാലോചനയാണെന്ന വാദവുമായി ഇസ്രയേല്‍ സൈബര്‍ ടെക്‌നോളജി ഗ്രൂപ്പായ എന്‍എസ്ഒ. മാധ്യമങ്ങള്‍ പുറത്തുവിടുന്ന പട്ടികയിലുള്ളവരില്‍ പലരും തങ്ങളുടെ ഉപയോക്താക്കളല്ലെന്ന് എന്‍എസ്ഒ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
പെഗാസസ് നല്‍കിയിട്ടുള്ള രാജ്യങ്ങളുടെ പട്ടിക അതീവ രഹസ്യ സ്വഭാവമുള്ളതാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു രാജ്യത്തെക്കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ കഴിയില്ല. എന്നാല്‍ ഇപ്പോഴുള്ള മാധ്യമ വാര്‍ത്തിയിലുള്ള രാജ്യങ്ങളുടെ പട്ടികയിലുള്ളതില്‍ പലരും തങ്ങളുടെ സേവനം ഉപയോഗിക്കുന്നവരല്ലെന്ന് എന്‍എസ്ഒ വിശദമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഒരു ടെക്‌നോളജി കമ്പനിയായ തങ്ങളുടെ പക്കല്‍ ഫോണ്‍ നമ്പറുകളോ ഡാറ്റയോ ഇല്ല. അവ ഉണ്ടാവുക തങ്ങളുടെ സേവനം ലഭ്യമാക്കുന്നവരുടെ പക്കലാണ്. തങ്ങളുടെ ടെക്‌നോളജി നല്‍കുന്നവര്‍ക്ക് വിവര ശേഖരണത്തിനായി സെര്‍വറോ കംപ്യൂട്ടറോ നല്‍കാറില്ല.
ഇത്തരം ആരോപണങ്ങളുടെ തെളിവുകള്‍ എവിടെയാണെന്നും തെളിവുകള്‍ ഇല്ലാതെയുള്ള ഇത്തരം ആരോപണങ്ങള്‍ തങ്ങള്‍ സ്ഥിരം കേള്‍ക്കാറുള്ളതാണെന്നും എന്‍എസ്ഒ പ്രതികരിക്കുന്നു. അന്‍പതിനായിരം ആളുകളെ ലക്ഷ്യമിട്ടാണ് തങ്ങളെ സമീപിച്ചതെന്നാണ് നിലവിലെ ആരോപണം. ഇത് അടിസ്ഥാന രഹിതമാണ്. തങ്ങള്‍ പെഗാസസ് ഉപയോഗിക്കാനുള്ള ലൈസന്‍സ് മാത്രമാണ് വില്‍ക്കുന്നതെന്നും എന്‍എസ്ഒ വ്യക്തമാക്കുന്നു.
തങ്ങളുടെ സേവനം ഉപയോഗിക്കുന്നവരില്‍ ഏറിയ പങ്കും പാശ്ചാത്യ രാജ്യങ്ങളാണ്. ഭീകരവാദത്തിനും കുറ്റകൃത്യങ്ങള്‍ക്കും എതിരായുള്ള പ്രവര്‍ത്തനമാണ് പെഗാസസ് കൊണ്ട് പ്രാഥമികമായി ലക്ഷ്യമിടുന്നതെന്നും എന്‍എസ്ഒ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.