കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തിലും വരുമാനത്തിലുമുണ്ടായ അനധികൃത വര്‍ധനവിനെക്കുറിച്ചുള്ള ആരോപണം റിപ്പോര്‍ട്ട് ചെയ്തത മാധ്യമ പ്രവര്‍ത്തക രോഹിണി സിംഗിന്റെയും റഫാല്‍ കരാര്‍ സംബന്ധിച്ച് 2018 ല്‍ നിരന്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്സ്പ്രസിന്റെ സുശാന്ത് സിംഗിന്റെയും ഫോണ്‍ ചോര്‍ത്തപ്പെട്ടു.
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി തുടങ്ങിയവരുടെ ഫോണുകള്‍ സ്‌പൈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടിട്ടുണ്ട്. ഇനിയും ചില പ്രധാന വ്യക്തികളുടെ പേരുകള്‍ പുറത്തു വരാനുണ്ട് എന്നാണറിയുന്നത്.
രാഹുല്‍ഗാന്ധി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ ലക്ഷ്യം വെച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടന്ന് വരുന്ന സമയത്ത്, 2018-19 കാലഘട്ടത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയത്. രാഹുല്‍ ഗാന്ധി അന്ന് എഐസിസി അധ്യക്ഷനായിരുന്നു.
ഈ സമയത്ത് തന്നെയാണ് പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയത്. ആ സമയത്ത് പ്രിയങ്കാ ഗാന്ധിക്ക് ഫോണ്‍ ചോര്‍ത്തപ്പെട്ടുവെന്ന അലേര്‍ട്ട് മെസേജ് വന്നിരുന്നു. അന്നത് വിവാദമാവുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുമായിവ്യക്തിപരമായി ബന്ധമുള്ള അഞ്ച് പേരുടെ ഫോണും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.
രാഹുലിനും പ്രിയങ്കയ്ക്കും പുറമെ, അന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക ലവാസ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിങ് പട്ടേല്‍, വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി സഞ്ജയ് കച്ച്റൂ, പ്രവീണ്‍ തോഗാഡിയ എന്നിവരുടെയും ഫോണുകള്‍ ചോര്‍ത്തി. മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, രഞ്ജന്‍ ഗോഗോയ്ക്കെതിരെ ആരോപണമുന്നയിച്ച യുവതിയുടെ മൂന്ന് മൊബൈല്‍ ഫോണുകളും ചോര്‍ത്തി. ഇവരുടെ കുടുംബത്തിലെ 11 പേരുടെ മൊബൈലുകള്‍ ചോര്‍ത്തിയിട്ടുണ്ട്.
ഇന്നലെയാണ് ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. ഫോണ്‍ ചോര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ അറിവോടെ ആണെന്ന വാര്‍ത്ത ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. എന്നാല്‍ വാര്‍ത്ത തള്ളി കേന്ദ്രം രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തിലും വരുമാനത്തിലുമുണ്ടായ അനധികൃത വര്‍ധനവിനെക്കുറിച്ചുള്ള ആരോപണം റിപ്പോര്‍ട്ട് ചെയ്തത മാധ്യമ പ്രവര്‍ത്തക രോഹിണി സിംഗിന്റെ ഫോണും ചോര്‍ത്തിയിട്ടുണ്ട്. റഫാല്‍ കരാര്‍ സംബന്ധിച്ച് 2018 ല്‍ നിരന്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്സ്പ്രസിന്റെ സുശാന്ത് സിംഗിന്റെയും ഫോണ്‍ ചോര്‍ത്തപ്പെട്ടു.
ഫോണ്‍ ചോര്‍ത്തപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ പട്ടികയിലുള്ള മറ്റ് മാധ്യമ പ്രവര്‍ത്തകരും സര്‍ക്കാരിനെതിരായി സുപ്രധാന വാര്‍ത്തകള്‍ പുറത്തു വിട്ടവരാണ്. കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി 300ഓളം പേരുടെ ഫോണ്‍ ഇത്തരത്തില്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.