പ്രൈമറി സ്‌കൂള്‍ അധ്യാപകനായ കാസ്റ്റിലോയുടെ വിജയം
തര്‍ക്കത്താല്‍ ഒരു മാസം ദീര്‍ഘിച്ച വോട്ടെണ്ണലിനു ശേഷം
ലിമ: അവികസിത ഗ്രാമത്തിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ പെഡ്രോ കാസ്റ്റിലോ പെറുവിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക്. അസാധു വോട്ടുകളെച്ചൊല്ലിയുള്ള നിരന്തര തര്‍ക്കം മൂലം വോട്ടെണ്ണല്‍ പ്രക്രിയ ഒരു മാസം ദീര്‍ഘിച്ചു.
അവസാനം 50 ശതമാനത്തിലധികം വോട്ടു നേടി വലതുപക്ഷ രാഷ്ട്രീയക്കാരിയായ ഇപ്പോഴത്തെ പ്രസിഡന്റ് കെയ്‌കോ ഫുജിമോറിയെ കാസ്റ്റിലോ പരാജയപ്പെടുത്തിയതായി ലിമയിലെ ഇലക്ടറല്‍ ട്രൈബ്യൂണലില്‍ നിന്ന് ഔദ്യോഗിക ഫല പ്രഖ്യാപനം വന്നു. 40 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ വോട്ടെണ്ണല്‍ ആയിരുന്നു ഇത്തവണത്തേത്.
ഇടതു ലിബ്രെ പാര്‍ട്ടിയുടെ തെരഞ്ഞടുപ്പു ചിഹ്നമായ പെന്‍സിലിന്റെ മാതൃകയിലുള്ള ചെറുചൂരല്‍ ചുഴറ്റിയാണ് ഫുജിമോറിയുടെ അഴിമതി ഭരണത്തിനെതിരെ ജനകീയ വിധിയുണ്ടാകണമെന്ന അഭ്യര്‍ത്ഥനയുമായി ജനങ്ങള്‍ക്കിടയില്‍ ചുറ്റി സഞ്ചരിച്ച് കാസ്റ്റിലോ വോട്ട് തേടിയത്.'സമ്പന്ന രാജ്യത്ത് ഇനിയും ദരിദ്രര്‍ ഉണ്ടാകരുത് ' എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം ജനപ്രിയമായി. 'രാജ്യത്തെ കാറില്ലാത്തവര്‍ക്ക് കുറഞ്ഞത് ഒരു സൈക്കിളെങ്കിലും ഉണ്ടായിരിക്കണം' എന്ന വാചകവും ജനങ്ങള്‍ ഏറ്റെടുത്തു.
ലോകത്തിലെ രണ്ടാമത്തെ വലിയ ചെമ്പ് ഉല്‍പാദകരായ പെറുവിന്റെ സമ്പദ് വ്യവസ്ഥ കൊറോണ മൂലം തകര്‍ന്നു നില്‍ക്കവേയാണ് രാജ്യത്തെ സാധാരണ കര്‍ഷകരെപ്പോലെ റബര്‍ ചെരുപ്പിട്ട് വട്ടത്തൊപ്പി വച്ച് സ്‌കൂളില്‍ പോവുകയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും ചെയ്തുപോന്ന ജനകീയ നേതാവ് പ്രഥമ പൗരനാകുന്നത്. ഭരണ നേതാക്കളുടെ അഴിമതി ഭ്രമത്താല്‍ പെട്ടെന്ന് അധോഗതിയിലായ ദുര്യോഗമാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ മുമ്പന്തിയിലായിരുന്ന പെറുവിന്റേത്. ലാറ്റിനമേരിക്കയുടെ സാമ്പത്തിക നക്ഷത്രം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന സ്ഥാനത്ത് ഇപ്പോഴത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് തികച്ചും ദരിദ്രാവസ്ഥയിലാണ്.
പെറുവില്‍ പ്രസിഡന്റാകുന്ന ആദ്യത്തെ കര്‍ഷക കുടുംബാംഗമാണ് കാസ്റ്റിലോ. ജന്മിയില്‍ നിന്ന് കുടുംബം നേരിട്ടുപോന്ന തിക്താനുഭവങ്ങള്‍ അനുഭവിച്ചായിരുന്നു കുട്ടിക്കാലം. പ്രൊഫഷണല്‍, സൈനിക, സാമ്പത്തിക പ്രമാണിമാരുമായി ബന്ധമില്ലാത്ത ഒരു വ്യക്തിയും ഇവിടെ മുമ്പു ഭരണാധികാരിയായിട്ടില്ല - പെറുവിയന്‍ ചരിത്രകാരിയും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സാന്താ ബാര്‍ബറയില്‍ പ്രൊഫസറുമായ സിസിലിയ മെന്‍ഡെസ് പറഞ്ഞു.
അഴിമതിക്കേസിലായി ജയിലില്‍ കിടന്ന മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോയുടെ മകളായ ഫുജിമോറി മൂന്നാം തവണയും മത്സരിച്ചത് ബിസിനസ് പ്രമാണിമാരുടെ പിന്തുണയോടെയായിരുന്നു.'പെറുവിലെ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും തിരിച്ചുവരവിനെ കാസ്റ്റിലോ പ്രതിനിധീകരിക്കുന്നു'വെന്ന് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയിട്ടുള്ള എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് ലോസ പറഞ്ഞു. അതേസമയം, കാസ്റ്റിലോയുടെ വിജയത്തെ മാനിക്കരുതെന്ന് ആവശ്യപ്പെട്ട് വിരമിച്ച സൈനികരുടെ കൂട്ടായ്മ സായുധ സേനയുടെ കമാന്‍ഡറിന് കത്ത് അയച്ചു.
മികച്ച ശമ്പളം തേടി 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അധ്യാപക സമരത്തിന് 2017 ല്‍ നേതൃത്വം നല്‍കിയാണ് കാസ്റ്റിലോ ആദ്യം ദേശീയ ശ്രദ്ധ നേടിയത്. 1985 മുതല്‍ ഭരിച്ച മുന്‍ പെറുവിയന്‍ പ്രസിഡന്റുമാരെല്ലാം അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി. ചിലരെ ജയിലില്‍ അടച്ചു. പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനുമുമ്പ് ഒരാള്‍ ആത്മഹത്യ ചെയ്തു.ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്റിസ്റ്റായ സ്റ്റീവന്‍ ലെവിറ്റ്സ്‌കിയുടെ നിരീക്ഷണത്തില്‍ കാസ്റ്റിലോ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത് ഏറ്റവും വിഷമം പിടിച്ച സമയത്താണ്. 1970 ല്‍ ചിലിയില്‍ അധികാരത്തില്‍ വന്ന സാല്‍വഡോര്‍ അലന്‍ഡെയെപ്പോലെ.
ഭരണത്തിലെ സൈനിക ഇടപെടല്‍ ഒഴിവാക്കാന്‍ അദ്ദേഹത്തിന് അതീവ ശ്രദ്ധ വേണ്ടിവരുമെന്ന് ലെവിറ്റ്സ്‌കി കരുതുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയ നീതിയുക്തമായിരുന്നുവെന്ന് നിരാക്ഷിച്ചതോടെ നേരത്തെ തിരഞ്ഞെടുപ്പ് തട്ടിപ്പിന് കേസെടുത്ത ഫുജിമോറി പരാജയം അംഗീകരിക്കുകയായിരുന്നു.
'ഈ രാജ്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് തടസങ്ങള്‍ സൃഷ്ടിക്കരുത്,'-ലിമയിലെ നൂറുകണക്കിന് അനുയായികള്‍ക്ക് മുന്നില്‍ സംസാരിക്കവേ കാസ്റ്റിലോ ഫുജിമോറിയോട് അഭ്യര്‍ത്ഥിച്ചു.ബഹുരാഷ്ട്ര ഖനന, പ്രകൃതിവാതക കമ്പനികളെ ദേശസാല്‍ക്കരിക്കാനുള്ള തന്റെ ആദ്യ നിര്‍ദേശങ്ങള്‍ കാസ്റ്റിലോ മയപ്പെടുത്തിയത് ഇതിനിടെ ചര്‍ച്ചാവിഷയമായിട്ടുണ്ട്. പകരം, ചെമ്പിനു വില മാനം മുട്ടെ ഉയര്‍ന്നതു കാരണം ലാഭത്തിന്മേലുള്ള നികുതി കൂട്ടാന്‍ ആലോചിക്കുന്നതായാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.