സംസ്ഥാനത്ത് പുതിയ ഇളവുകളില്ല; വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും: തീരുമാനം സുപ്രീം കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍

സംസ്ഥാനത്ത് പുതിയ ഇളവുകളില്ല; വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും: തീരുമാനം സുപ്രീം കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളില്ല. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും. വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാം എന്ന തീരുമാനത്തിലേക്ക് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ എത്തിയിരുന്നു. എന്നാല്‍ ബക്രീദുമായി ബന്ധപ്പെട്ടു നല്‍കിയ ഇളവുകളെ സുപ്രീം കോടതി വിമര്‍ശിച്ച പശ്ചാത്തലത്തില്‍ വാരാന്ത്യ  ലോക്ക്ഡൗണ്‍  പിന്‍വലിക്കേണ്ട  എന്ന് ഇന്നു ചേര്‍ന്ന അവലോകന യോഗം തീരുമാനമെടുക്കുകയായിരുന്നു.

നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി അതേപടി തുടരാനാണ് തീരുമാനം. നേരത്തെ ബക്രീദുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന മൂന്ന് ദിവസത്തെ ഇളവുകള്‍ ഇന്ന് അവസാനിക്കും. നാളെ മുതല്‍ നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരാനാണ് അവലോകന യോഗത്തിലുണ്ടായ തീരുമാനം.

ബക്രീദ് കാലത്ത് മുഴുവന്‍ കടകളും തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വൈകിയ വേളയിലായതിനാല്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴിപ്പെടരുതായിരുന്നുവെന്ന് അഭിപ്രായപ്പെട്ട സുപ്രീം കോടതി കാറ്റഗറി ഡിയില്‍ കടകള്‍ തുറക്കാന്‍ അനുവദിച്ചത് ഗുരുതര വിഷയമാണെന്നും നിരീക്ഷിച്ചിരുന്നു.

ഇതിനിടെ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തോടടുത്തു. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് കൂടുതല്‍. ടി.പി.ആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തില്‍ ഊര്‍ജിതമായി ഇടപെടണം. ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം.

മൈക്രോ കണ്ടൈന്‍മെന്റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതത് സ്ഥലങ്ങളില്‍ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണം. വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.