പെന്‍ഷന്‍ തുക ഉപയോഗിക്കുന്നത് റോഡിലെ കുഴികളടയ്ക്കാന്‍; കാറിലെത്തി റോഡ് നന്നാക്കുന്ന ദമ്പതികള്‍ വൈറല്‍

പെന്‍ഷന്‍ തുക ഉപയോഗിക്കുന്നത് റോഡിലെ കുഴികളടയ്ക്കാന്‍; കാറിലെത്തി റോഡ് നന്നാക്കുന്ന ദമ്പതികള്‍ വൈറല്‍

ഹൈദരാബാദ്: പെന്‍ഷന്‍ കിട്ടുന്ന പണം ഒന്നിനും തികയില്ലെന്നു പരാതിപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍ അതില്‍നിന്നു മിച്ചം വച്ച് വ്യത്യസ്തമായ രീതിയില്‍ ചെലവഴിക്കുന്നവരും നമുക്കിടയിലുണ്ട്. ഹൈദരാബാദ് സ്വദേശികളായ ദമ്പതികള്‍ 11 വര്‍ഷമായി കിട്ടിയ പെന്‍ഷന്‍ തുക വിനിയോഗിക്കുന്നത് എങ്ങനെയെന്ന് അറിയുമ്പോള്‍ അത്ഭുതപ്പെടും. 73 കാരനായ ഗംഗാധര്‍ തിലക് കാട്‌നം, ഭാര്യ വെങ്കിടേശ്വരി കാട്‌നം എന്നിവരാണ് പെന്‍ഷന്‍ തുക ഉപയോഗിച്ച് ഒരു ദശാബ്ദത്തോളമായി റോഡിലെ കുഴികള്‍ അടയ്ക്കുന്നത്.



നിരവധി തവണ പരാതിപ്പെട്ടതിന് ശേഷവും പരിഹാരമുണ്ടാകാതെ വന്നതോടെയാണ് ഈ വൃദ്ധ ദമ്പതികള്‍ വേറിട്ട ഉദ്യമവുമായി ഇറങ്ങിയത്. ഹൈദരാബാദ് നഗരത്തിലും പരിസരത്തുമായി കാറില്‍ സഞ്ചരിച്ചാണ് ദമ്പതികളുടെ കുഴികള്‍ അടയ്ക്കുന്നത്. ഗട്ടറുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ സമീപത്തായി വാഹനമൊതുക്കിയ ശേഷം കാറിനുള്ളില്‍ സൂക്ഷിച്ച ഉപകരണങ്ങളുമായി ഇരുവരും റോഡിലേക്ക് ഇറങ്ങും.

ഗട്ടറുകളുടെ ആംബുലന്‍സ് എന്നാണ് ഈ കാറിനെ ഇപ്പോള്‍ നാട്ടുകാര്‍ വിളിക്കുന്നത്. ഗംഗാധര്‍ തിലകിന് റോഡ് ഡോക്ടര്‍ എന്നും ഇതിനോടകം വിളിപ്പേര് വീണിട്ടുണ്ട്. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായിരുന്നു ഗംഗാധര്‍ തിലക്. റോഡ് അപകടങ്ങളുടെ കാരണം റോഡിലെ കുഴികള്‍ ആണെന്ന നിരീക്ഷണത്തിലാണ് ഇവരുടെ നിസ്വാര്‍ഥ സേവനം.

ഹൈദരാബാദിലും പരിസരത്തുമായി രണ്ടായിരത്തിലേറെ ഗട്ടറുകളാണ് ഇതിനോടകം ഇവര്‍ നന്നാക്കിയത്. പെന്‍ഷനായി ലഭിച്ച പണത്തില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ ഇതിനോടകം റോഡിലെ കുഴികള്‍ അടയ്ക്കാനായി ചിലവാക്കിയെന്നും ദമ്പതികള്‍ പറയുന്നു. തുടക്കത്തില്‍ ദമ്പതികളെ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഇവരെ തിരിച്ചറിഞ്ഞതോടെയാണ് ദമ്പതികള്‍ വൈറലാവുന്നത്. റോഡിലെ കുഴികള്‍ പരിഹരിക്കാനായി ശ്രമദാന്‍ എന്ന പേരില്‍ ഒരു ട്രസ്റ്റും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.