സോണിയ തുടരും; ചെന്നിത്തല, സച്ചിന്‍ പൈലറ്റ്, ഗുലാം നബി ആസാദ്, ഷെല്‍ജ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരായേക്കും

സോണിയ തുടരും; ചെന്നിത്തല, സച്ചിന്‍ പൈലറ്റ്, ഗുലാം നബി ആസാദ്, ഷെല്‍ജ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരായേക്കും

പാര്‍ട്ടി  അധ്യക്ഷയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക്
മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് എത്തിയേക്കും.
മുകുള്‍ വാസ്നിക്കും നിര്‍ണായക റോളിലേക്ക്.

ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കും. സോണിയ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് പാര്‍ട്ടി അദ്ധ്യക്ഷയെ സഹായിക്കാന്‍ നാല് വര്‍ക്കിംഗ് പ്രസിഡിന്റുമാരെ നിയമിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.

രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ്, ഗുലാം നബി ആസാദ് എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. ദളിത് പ്രാതിനിധ്യം കണക്കിലെടുത്ത് മുകുള്‍ വാസ്നിക്, ഷെല്‍ജ എന്നിവരില്‍ ഒരാളും ഉപാദ്ധ്യക്ഷ പദവിയിലെത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു. പരേതനായ അഹമ്മദ് പട്ടേല്‍ മുമ്പ് വഹിച്ച പാര്‍ട്ടി അദ്ധ്യക്ഷയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് എത്തിയേക്കുമെന്നും സൂചനയുണ്ട്.

പാര്‍ട്ടിയുടെ ദിവസേനയുളള കാര്യങ്ങളില്‍ സോണിയഗാന്ധി ഇപ്പോള്‍ ഇടപെടാറില്ല. അടിയന്തര യോഗങ്ങളില്‍ മാത്രമാണ് സോണിയ പങ്കെടുക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാന്‍ ആലോചന നടക്കുന്നത്. മേഖലകളായി തിരിച്ചായിരിക്കും വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്ക് ചുമതല നല്‍കുക.

വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതില്‍ അസംതൃപ്തി അറിയിച്ച ചെന്നിത്തലയ്ക്ക് ദേശീയ തലത്തില്‍ പദവി നല്‍കുമെന്ന സൂചനകളുണ്ടായിരുന്നു. പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ ചുമതലയുള്ള ജനറല്‍ സ്‌ക്രട്ടറി പദം അദ്ദേഹത്തിന് നല്‍കുമെന്നായിരുന്നു അഭ്യൂഹം. ഷെല്‍ജയെ ഹരിയാന പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഭൂപീന്ദര്‍ സിംഗ് ഹുഡ അനുകൂലികള്‍ ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു.

വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുക്കുമ്പോള്‍ ഷെല്‍ജയ്ക്ക് എഐസിസി വര്‍ക്കിംഗ് പ്രസിഡന്റ് പദവി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഗാന്ധി കുടുംബവുമായുളള മുകുള്‍ വാസ്നിക്കിന്റെ അടുപ്പമാണ് ഷെല്‍ജയ്ക്ക് വെല്ലുവിളിയാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.