ന്യുഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഒന്നും ഒളിക്കാനില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്നും, കാര്യങ്ങളുടെ സത്യാവസ്ഥ കണ്ടെത്തണമെന്നും വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശനം ഉന്നയിച്ചത്.
പദ്ധതിക്ക് പണം നല്‍കിയത് ഉള്‍പ്പെടെ ആരെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. പെഗസസ് വിഷയം പുറത്തുവന്നതു മുതല്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തുവന്നിരുന്നു. 'സംഭവത്തില്‍ കൈകള്‍ ശുദ്ധമാക്കി കേന്ദ്രം രംഗത്തുവരണം. സാമ്പത്തിക കരാറുകള്‍ക്ക് അനുസരിച്ച് പണിയെടുക്കുന്ന സ്ഥാപനമാണ് പെഗസസ്. അവരുടെ ഇന്ത്യന്‍ ദൗത്യത്തിന് പണം നല്‍കിയത് ആരെന്ന ചോദ്യമാണ് ഒഴിവാക്കാന്‍ പറ്റാത്തത്. കേന്ദ്രസര്‍ക്കാരല്ലെങ്കില്‍ പിന്നെയാര്. അതു ഇന്ത്യയിലെ ജനങ്ങളോടു പറയേണ്ട ബാധ്യത മോദി സര്‍ക്കാരിന്റേതാണ്' സ്വാമി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.
അതേസമയം, പെഗാസസ് ഫോണ്‍ചോര്‍ത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നും പുറത്തു വന്നേക്കും. ഇന്ത്യയില്‍ സുപ്രീം കോടതി സിറ്റിങ് ജഡ്ജിയും ആര്‍.എസ്.എസ് നേതാക്കളും ഫോണ്‍ ചോര്‍ത്തലിന് വിധേയമായെങ്കിലും ഇവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തതയുണ്ടാകുമെന്നാണ് വിവരം. സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയം നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍, ചോര്‍ത്തല്‍ നടന്ന കാലയളവില്‍ ജഡ്ജി തന്നെയാണോ ഈ നമ്പര്‍ ഉപയോഗിച്ചിരുന്നത് എന്ന കാര്യത്തില്‍ സ്ഥിരീകരണമാകുന്നതോടെ ജഡ്ജിയുടെ പേരും പുറത്തുവരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.