ഇന്ത്യയിലെ കോവിഡ് മരണക്കണക്കുകള്‍ ഞെട്ടിക്കുന്നത്: 4.18 ലക്ഷമെന്ന് ഔദ്യോഗിക രേഖ; 49 ലക്ഷത്തോളം വരുമെന്ന് പഠന റിപ്പോര്‍ട്ട്

ഇന്ത്യയിലെ കോവിഡ് മരണക്കണക്കുകള്‍ ഞെട്ടിക്കുന്നത്:  4.18 ലക്ഷമെന്ന് ഔദ്യോഗിക രേഖ; 49 ലക്ഷത്തോളം വരുമെന്ന് പഠന റിപ്പോര്‍ട്ട്

2020 ല്‍ ശക്തമായ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ വലിയ തോതില്‍
മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
മെയ് മാസത്തില്‍ മാത്രം 1,70,000 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

ന്യൂഡല്‍ഹി: കോവിഡ് മരണം സംബന്ധിച്ച ഇന്ത്യയിലെ യഥാര്‍ഥ കണക്കുകള്‍ ഞെട്ടിക്കുന്നതെന്ന് പഠനം. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 49 ലക്ഷത്തോളം വരുമെന്നാണ് അമേരിക്ക ആസ്ഥാനമായുള്ള ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡവലപ്‌മെന്റ് എന്ന ഏജന്‍സിയാണ് പഠനം നടത്തിയത്. ഇന്ത്യയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍, ഗവേഷകരായ അഭിഷേക് ആനന്ദ്, ജസ്റ്റിന്‍ സാന്‍ഡേഫര്‍ എന്നിവര്‍ ചേര്‍ന്നാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

രാജ്യത്ത് ഇതുവരെ 4.18 ലക്ഷം പേര്‍ കോവിഡ് മൂലം മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയിലെ മരണസംഖ്യ. എന്നാല്‍ ഇതിന്റെ പത്തിരട്ടിയോളമാണ് യഥാര്‍ഥ മരണസംഖ്യയെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ യഥാര്‍ഥ മരണ സംഖ്യ 34 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയിലായിരിക്കുമെന്നാണ് പഠനം പറയുന്നത്.

2020 ല്‍ ശക്തമായ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ വലിയതോതില്‍ മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍, മേയ് മാസങ്ങളില്‍ ഡെല്‍റ്റ വകഭേദം വ്യാപകമായതോടെ രാജ്യത്തിന്റെ ചികിത്സാ സംവിധാനം മതിയാകാതെ വന്നു. മെയ് മാസത്തില്‍ മാത്രം 1,70,000 പേര്‍ മരിച്ചതായി ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു.

ഇന്ത്യയിലെ മരണനിരക്ക് സംബന്ധിച്ച് മൂന്ന് വ്യത്യസ്ത തരത്തിലുള്ള ഡാറ്റയാണ് പഠനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന് മുന്‍പ് രാജ്യത്തെ മരണ നിരക്കുമായി താരതമ്യം ചെയ്താണ് കോവിഡ് മരണങ്ങള്‍ കണക്കാക്കിയിരിക്കുന്നത്. നിലവില്‍ വിലയിരുത്തപ്പെടുന്നതിനേക്കാള്‍ രൂക്ഷമാണ് കോവിഡിന്റെ ആദ്യ തരംഗത്തിലെ മരണ നിരക്കെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.