ഓക്‌സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി; കര്‍ണാടകയില്‍ 36 പേര്‍ മരിച്ചതായി ഹൈക്കോടതി പാനലിന്റെ റിപ്പോര്‍ട്ട്

ഓക്‌സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി; കര്‍ണാടകയില്‍ 36 പേര്‍ മരിച്ചതായി ഹൈക്കോടതി പാനലിന്റെ റിപ്പോര്‍ട്ട്

ബെംഗളൂരു: ഓക്സിജന്റെ അഭാവം മൂലം കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ 36 രോഗികള്‍ മരിച്ചതായി കര്‍ണാടക ഹൈക്കോടതി നിയമിച്ച പ്രത്യേക സമിതി കണ്ടെത്തി. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് ഈ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മെയ് നാലിനും പത്തിനും ഇടയില്‍ ജില്ലാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത 62 മരണങ്ങളില്‍ 36 പേര്‍ മരണമടഞ്ഞത് ഓക്സിജന്റെ അഭാവം മൂലമാണെന്നാണ് ഹൈക്കോടതി രൂപീകരിച്ച കര്‍ണാടക സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സംസ്ഥാനതല സമിതി കണ്ടെത്തിയത്. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എ. വേണുഗോപാല ഗൗഡയായിരുന്നു സമിതിയുടെ തലവന്‍. മുന്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് കെ എന്‍ കേശവനാരായണ, എസ്. ടി രമേശ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരുന്നു.

രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഒരിടത്തും മെഡിക്കല്‍ ഓക്സിജന്റെ അഭാവം മൂലം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായി രാജ്യസഭയില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് എംപി കെ.സി വേണുഗോപാലിന്റെ ചോദ്യത്തിന് രേഖാമൂലമായിരുന്നു മന്ത്രിയുടെ മറുപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.