കർഷക സമരം: പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്; അതീവ ജാഗ്രതയില്‍ രാജ്യതലസ്ഥാനം

കർഷക സമരം: പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്; അതീവ ജാഗ്രതയില്‍ രാജ്യതലസ്ഥാനം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന് നടക്കും. മാര്‍ച്ചുമായി ബന്ധപ്പെട്ട് അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. ഇന്ന് മുതല്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും വരെ ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തുവാനാണ് കർഷകരുടെ തീരുമാനം.

ഡൽഹി അതിര്‍ത്തികളിലും പാര്‍ലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. ആ സാഹചര്യം തടയുവാന്‍ കിസാന്‍ സംയുക്ത മോര്‍ച്ചയും മുന്‍കരുതലിലാണ് ഉള്ളത്.


ഇരുന്നൂറ് കര്‍ഷകര്‍, അഞ്ച് കര്‍ഷക സംഘടനാ നേതാക്കള്‍ എന്നിവരാകും പ്രതിദിനം സമരത്തില്‍ പങ്കെടുക്കുക. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവരുടെ ലിസ്റ്റും തിരിച്ചറിയല്‍ രേഖയും സഹിതം പൊലീസിന് കൈമാറും. മാര്‍ച്ചില്‍ നുഴഞ്ഞുക്കയറി സമരം അട്ടിമറിക്കുന്നത് തടയാനാണ് ഈ നടപടികള്‍. മുന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമേ മാര്‍ച്ചില്‍ പങ്കെടുക്കുകയുള്ളു.

കഴിഞ്ഞ സെപ്റ്റംബറില്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ എട്ട് മാസത്തിലേറെയായി ഡൽഹി അതിര്‍ത്തിക്ക് സമീപം കർഷകരുടെ പ്രക്ഷോഭം തുടരുകയാണ്.  സര്‍ക്കാരുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മൂന്ന് നിയമങ്ങളും റദ്ദാക്കില്ലെന്ന പിടിവാശിയാണ് സര്‍ക്കാര്‍ പുറത്തെടുക്കുന്നത്. ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന് തന്നെയാണ് കര്‍ഷക സംഘടനകള്‍ ആഗ്രഹിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ ഇല്ലാതാക്കുന്നതുവരെ തങ്ങളുടെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കടുത്ത തീരുമാനത്തിലാണ് കർഷക സംഘടനകൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.