പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കൽ: ജോലിക്കായി തെരുവിലിറങ്ങി വനിതാ പൊലീസ് ഉദ്യോഗാര്‍ഥികള്‍

പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കൽ: ജോലിക്കായി തെരുവിലിറങ്ങി വനിതാ പൊലീസ് ഉദ്യോഗാര്‍ഥികള്‍

തിരുവനന്തപുരം∙ പി.എസ്.സി. റാങ്ക് ലിസ്റ്റിന്റെ കാലാവധി  അവസാനിക്കാനിരിക്കെ സര്‍ക്കാരിന്റെ കാരുണ്യം തേടി വനിത സിവിൽ പൊലീസ് ഉദ്യോഗാര്‍ഥികള്‍ വീണ്ടും സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തില്‍. പൊലീസിലെ വനിതാ പ്രതിനിധ്യം ഉയര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴായതോടെ പട്ടികയിലെ നിരവധി പേര്‍ക്കും ജോലി കിട്ടിയില്ല.

സംസ്ഥാനത്തെ വനിതാ പോലീസ് കോൺസ്റ്റബിൾ നിയമനത്തിനുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കും. നിയമനം നടക്കാത്തതിനാൽ, ലിസ്റ്റിലെ 1300-ൽപരം ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്. പട്ടിക റദ്ദാകുമ്പോഴും രാജ്യത്ത് തന്നെ ഏറ്റവും കുറവ് വനിതാ പൊലീസുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് റാങ്ക് പട്ടികയിലെ നിയമനം വൈകുന്നത്.

കോവിഡ് കാലമായതിനാൽ രോഗം പകരുമെന്ന പേടിയുണ്ട്. വീട്ടില്‍ ആശങ്കയോടെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളും പ്രായമുള്ള മാതാപിതാക്കളുമുണ്ട്. അതെല്ലാം മറന്നാണ് ഇവര്‍ക്കു വീണ്ടും സെക്രട്ടേറിയറ്റിന് മുന്നിലെ തെരുവിലേക്ക് ഇറങ്ങേണ്ടിവന്നത്.

നാലുവർഷം മുമ്പ് തുടങ്ങിയ നിയമന നടപടികളുടെ ഭാഗമായി 2020-ലാണ് റാങ്ക് പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചത്. ഇതിൽനിന്ന് 353 പേരെ നിയമിച്ചു. 300 പേർക്ക് അഡൈ്വസ് മെമ്മോ അയയ്ക്കുകയും ചെയ്തു. നിയമനം വൈകുന്നതിനാൽ റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യത്തിലും സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടില്ല.

സംസ്ഥാന പോലീസ് സേനയിൽ വനിതാ പോലീസിന്റെ സാന്നിധ്യം 15 ശതമാനമായി കൂട്ടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതാണ്. നിലവിൽ ഇത് ഒൻപത് ശതമാനത്തിൽത്താഴെയാണ്. ഇത് രാജ്യത്തെതന്നെ കുറഞ്ഞ നിരക്കാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2018-ൽ സംസ്ഥാനത്ത് വനിതാ പോലീസ് ബറ്റാലിയൻ രൂപവത്‌കരിച്ചെങ്കിലും എണ്ണം ഇപ്പോഴും അന്നത്തെ നിലിയിൽത്തന്നെയാണ്. എന്നാൽ അവസാന അഞ്ചു മാസത്തിനിടെ ഒരു ഒഴിവ് പോലും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ വാക്കും നടന്നില്ല. മൂന്ന് വര്‍ഷംകൊണ്ട് ഇടത് സര്‍ക്കാര്‍ ജോലി കൊടുത്തത് 533 പേര്‍ക്ക് മാത്രമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.