തിരുവനന്തപുരം: നിയമസഭാ സമ്മേളനം തുടങ്ങിയ ദിവസം തന്നെ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. സ്ത്രീപീഡനം ഒത്തുതീര്‍ക്കാന്‍ മന്ത്രി ഇടപെട്ടത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് നല്‍കിയ അടിയന്ത്ര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മന്ത്രി എ.കെ ശശീന്ദ്രനെ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. മന്ത്രി ഒരു തരത്തിലും തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്നത്തിലാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പാര്‍ട്ടിക്കാരനെ വിളിക്കുക മാത്രമാണ് മന്ത്രി ചെയ്തത്. കേസില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ കേസെടുക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഡി.ജി.പി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതിക്കാരിക്ക് പൂര്‍ണ സംരക്ഷണം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി മന്ത്രിയെ ന്യായീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി സഭയില്‍ തലകുനിച്ചിരിക്കുകയാണ്. പരാതികളില്‍ മന്ത്രിമാര്‍ ഇടപെടുകയാണെന്നും ഇതോണോ സ്ത്രീപക്ഷമെന്നും സതീശന്‍ ചോദിച്ചു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഉപവാസമനുഷ്ഠിച്ച ഗവര്‍ണറുടെ സമരത്തെ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോള്‍, അത് ഗാന്ധിയന്‍ സമരമാണെന്നും അതിനെ സര്‍ക്കാരിനെതിരെയുള്ള നീക്കമായി ഉയര്‍ത്തിക്കാട്ടാന്‍ ചിലര്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നായിരുന്നു അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി.സി വിഷ്ണുനാഥിന്റെ ആരോപണം. എ.കെ ശശീന്ദ്രന്‍ രാജി വയ്ക്കണം. അതല്ലെങ്കില്‍ മുഖ്യമന്ത്രി ശശീന്ദ്രന്റെ രാജി എഴുതി വാങ്ങണം. പരാതികള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി ഓഫീസുകളെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ടോയെന്ന് ചോദിച്ച വിഷ്ണുനാഥ് പൊലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്ക് പൊലീസ് നല്‍കിയത് കളള റിപ്പോര്‍ട്ടാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. പെണ്‍കുട്ടിയുടെ മൊഴി പോലും പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. പീഡന പരാതി ഭ്രൂണാവസ്ഥയില്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച ആരാച്ചാരാണ് മന്ത്രിയെന്നും വിഷ്ണുനാഥ് സഭയില്‍ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.