തൃശൂര്‍: തൃശൂര്‍ കരുവന്നൂര്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗമായിരുന്ന ടി എം മുകുന്ദന്‍ ആണ് മരിച്ചത്. 59 വയസായിരുന്നു.
80 ലക്ഷം രൂപ വായ്പ അടയ്ക്കാത്തതിന് മുകുന്ദന് ജപ്തി നോട്ടീസ് അയച്ചിരുന്നു. അതിന് പിന്നാലെയാണ് മുന്‍ പഞ്ചായത്ത് അംഗം ജീവനൊടുക്കിയത്. ഇന്ന് പുലര്‍ച്ചെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ മുകുന്ദന്റെ മൃതദേഹം കണ്ടെത്തിയത്. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് നിരന്തരം സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതോടെ മുകുന്ദന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
കോടികളുടെ വായ്പാ തട്ടിപ്പാണ് കരവന്നൂര്‍ സഹകരണ ബാങ്കില്‍ കണ്ടെത്തിയത്. ബാങ്കിലെ തട്ടിപ്പില്‍ ആറ് മുന്‍ ജീവനക്കാര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ ഭരണ തലപ്പത്തുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ ഉള്‍പ്പെടുന്ന 13 അംഗഭരണസമിതി പിരിച്ചു വിട്ടിരുന്നു. സിപിഎം ഉന്നത നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു. ബാങ്ക് തട്ടിപ്പിനെതിരെ ഇഡിക്കും ആദായനികുതി വകുപ്പിനും ബിജെപി നേതാക്കള്‍ പരാതി നല്‍കി.
ബാങ്കിനു കീഴിലെ വ്യാപാര സ്ഥാപനങ്ങളിലും കോടികളുടെ തട്ടിപ്പു നടന്നതിന്റെ രേഖകളും പുറത്തുവന്നു. ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലേക്കു സാധനങ്ങള്‍ വാങ്ങിയതില്‍ ഒരു വര്‍ഷത്തെ കണക്കില്‍ മാത്രം ഒന്നരക്കോടിയുടെ തിരിമറിയാണു കണ്ടെത്തിയത്. കുറി നടത്തിപ്പിലും 50 കോടിയുടെ തിരിമറിയുണ്ടെന്നാണു പുറത്ത് വരുന്ന വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.