'പിറന്നു വീണ മണ്ണില്‍ അന്തസോടെ ജീവിക്കാനാണ് കര്‍ഷകര്‍ പോരാടുന്നത്': മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

'പിറന്നു വീണ മണ്ണില്‍ അന്തസോടെ ജീവിക്കാനാണ് കര്‍ഷകര്‍ പോരാടുന്നത്': മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

കണ്ണൂര്‍: ചിങ്ങം ഒന്ന് കേരളത്തില്‍ കര്‍ഷകദിനമായി ആചരിക്കാൻ ഒരുങ്ങുമ്പോൾ കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ പരിഹാരമില്ലാതെ തുടരുകയാണ്. ആരെയും എതിര്‍ത്തു തോല്‍പ്പിക്കാനല്ല, പിറന്നു വീണ മണ്ണില്‍ അന്തസോടെ ജീവിക്കാനാണ് കര്‍ഷകര്‍ പോരാടുന്നതെന്ന് ഇന്‍ഫാം ദേശീയ സമിതി ഉദ്ഘാടനം ചെയ്ത് ഇന്‍ഫാം രക്ഷാധികാരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. 

ചിങ്ങം ഒന്നിന് കേരള കര്‍ഷകസമൂഹം കര്‍ഷക അവകാശദിനമായി പ്രതിഷേധിക്കുമെന്ന് ഇന്‍ഫാം ദേശീയ സമിതി പ്രഖ്യാപിച്ചു. കാർഷിക മേഖലകളിൽ മേഖലയിൽ തരണം ചെയ്യുന്ന പ്രതിസന്ധികൾക്കെതിരെ കർഷക സംഘടിത മുന്നേറ്റം അനിവാര്യമാണ്.

കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവ്, കാര്‍ഷിക കടബാധ്യത, വന്യമൃഗ ആക്രമണങ്ങള്‍, ഭൂപ്രശ്നങ്ങള്‍, പരിസ്ഥിതിലോല പ്രദേശം, എന്നിവ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികള്‍ പരിഹാര നടപടികളില്ലാതെ തുടരുന്നത് ശക്തമായി എതിര്‍ക്കേണ്ടിവരുമെന്നും ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. 

കര്‍ഷകരുടെ നിലനില്‍പ്പിനായുള്ള ഈ പോരാട്ടത്തില്‍ പൊതുസമൂഹമൊന്നാകെ പങ്കുചേരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചടങ്ങിൽ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി.

ചിങ്ങം ഒന്നിന് 1,000 കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവകാശദിന പ്രതിഷേധ സദസുകള്‍ ചേരും. ഇതിനു മുന്നോടിയായി ജില്ലാതല സമ്മേളനങ്ങള്‍ വിളിച്ചു ചേർക്കുമെന്നും ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.