കോവിഡ് : വാക്‌സിന്‍ അനുവദിക്കുന്നില്ലെന്ന് കേരളം; 10 ലക്ഷം ഡോസ് ഉപയോഗിച്ചില്ലെന്ന് കേന്ദ്രം

കോവിഡ് : വാക്‌സിന്‍ അനുവദിക്കുന്നില്ലെന്ന് കേരളം; 10 ലക്ഷം ഡോസ് ഉപയോഗിച്ചില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കോവിഡ്‌ പ്രതിരോധത്തിനായി കേന്ദ്രം അനുവദിച്ച 10 ലക്ഷം ഡോസ്‌ വാക്‌സിന്‍ കേരളം ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ്‌ മാണ്ഡവ്യ. വാക്‌സിന്‍ ദൗര്‍ലഭ്യം മൂലം സംസ്ഥാനത്ത് വാക്‌സിനേഷന്‍ പ്രക്രിയ താളം തെറ്റുമെന്ന ആശങ്ക പങ്കുവച്ച എം.പിമാരായ ടി.എന്‍ പ്രതാപനോടും ഹൈബി ഈഡനോടുമാണ്‌ മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌.

രണ്ടാം കുത്തിവയ്പിനാവശ്യമായ 25 ലക്ഷം ഡോസ് ഉൾപ്പെടെ ഈ മാസം 60 ലക്ഷം ഡോസ് കൂടി വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. കൈവശമുള്ള വാക്‌സിന്‍ ഡോസുകള്‍ ഉപയോഗിച്ചുകഴിയുന്ന മുറയ്‌ക്ക്‌ കൂടുതല്‍ ഡോസ്‌ നല്‍കാന്‍ കേന്ദ്രം സന്നദ്ധമാണെന്നും ആരോഗ്യ മന്ത്രി മന്‍സൂഖ്‌ മാണ്ഡവ്യ പറഞ്ഞു.

കേരളത്തിലെ കോവിഡ് നിയന്ത്രണ രീതികളെ ആരോഗ്യ മന്ത്രി വിമർശിച്ചു. ശക്തമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുണ്ടായിട്ടും രോഗവ്യാപനം കുറയാത്തത് പ്രതിരോധ മാർഗങ്ങൾ ദുർബലമാണെന്നതിന്റെ തെളിവല്ലേ എന്നും മന്ത്രി ചോദിച്ചു. വാക്‌സിനേഷന്‍ കൃത്യമായി നടത്തിയാല്‍ വൈറസ്‌ വ്യാപനത്തോത്‌ ഉയരുന്നതിനു തടയിടാനാകും. പൊതുജനാരോഗ്യ സേവനങ്ങളില്‍ മുന്‍പന്തിയിലുള്ള കേരളത്തിലെ നിലവിലെ കോവിഡ്‌ സ്ഥിതി ആശങ്കാജനകമാണ്‌.
മെച്ചപ്പെട്ട ആരോഗ്യപരിരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും സംസ്ഥാനത്ത് രോഗവ്യാപനം കുറയാത്തതിനു കാരണവും അദ്ദേഹം ആരാഞ്ഞു. സംസ്ഥാനത്തിന്റെ കോവിഡ്‌ പ്രതിരോധത്തിലെ ദൗര്‍ബല്യത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണ്‌ രോഗവ്യാപനത്തോതെന്നും മാണ്ഡവ്യ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.