സമരം ചെയ്യുന്ന കർഷകരെ തെമ്മാടികളെന്ന് വിളിച്ച് ആക്ഷേപിച്ച് കേന്ദ്ര മന്ത്രി; വിമര്‍ശവുമായി രാകേഷ് ടിക്കായത്ത്

സമരം ചെയ്യുന്ന കർഷകരെ തെമ്മാടികളെന്ന് വിളിച്ച് ആക്ഷേപിച്ച് കേന്ദ്ര മന്ത്രി; വിമര്‍ശവുമായി രാകേഷ് ടിക്കായത്ത്

ന്യൂഡല്‍ഹി:  കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിക്കുന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി. സമരം നടത്തുന്നത് തെമ്മാടികളാണെന്ന് അവര്‍ അധിക്ഷേപിച്ചു.

കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷമാണ് അവയ്ക്ക് പ്രചാരണം നല്‍കുന്നതെന്നും കേന്ദ്ര സാംസ്‌കാരിക - വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി കുറ്റപ്പെടുത്തി. ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകനു നേരെ ആക്രമണമുണ്ടായ സംഭവത്തിലാണ് പ്രതികരണം.

അവര്‍ കര്‍ഷകരല്ല, തെമ്മാടികളാണ്. ജനുവരി 26ന് എന്താണ് സംഭവിച്ചതെന്ന് കണ്ടതാണ്. സമാനമായ നാണംകെട്ട നടപടികളാണ് ഇവിടെയും കാണുന്നത്. കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്യുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പ്രചാരണം നല്‍കുന്നു - മീനാക്ഷി ലേഖി ആരോപിച്ചു.

എന്നാൽ സമരത്തിനിടെ, നാഗേന്ദ്ര എന്ന മാധ്യമ പ്രവര്‍ത്തകനെ ഒരു സ്ത്രീ വടി കൊണ്ട് ആക്രമിച്ചുവെന്നാണ് പരാതി. ഇതിന്റെ പിന്നാലെയാണ് മീനാക്ഷി ലേഖിയുടെ ആരോപണം.

അതേസമയം മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. കര്‍ഷകര്‍ അന്നദാതാക്കളാണെന്നും തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ഇന്നലെ ജന്തര്‍ മന്തറില്‍ 'കര്‍ഷക പാര്‍ലമെന്റി'ന് തുടക്കം കുറിച്ചിരുന്നു. പാര്‍ലമെന്റിന് സമീപത്തുള്ള ജന്തര്‍ മന്തറില്‍ പരമാവധി 200 പേരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രക്ഷോഭം നടത്താന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ കര്‍ഷക സംഘടനകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഓഗസ്റ്റ് ഒന്‍പതുവരെ പ്രക്ഷോഭം നടത്താനാണ് അനുമതി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടെയാണ് പ്രക്ഷോഭം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.