കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളി അപകടത്തില്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി റമീസ് ആണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍ മരിച്ചത്. കസ്റ്റംസ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതിന് തൊട്ട് പിന്നാലെയാണ് റമീസ് സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ച് അപകടം ഉണ്ടായത്.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ ചോദ്യം ചെയ്യലിനായി ഇന്നലെ ഹാജരാകാനായിരുന്നു അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി റമീസിന് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ചില അസൗകര്യങ്ങള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും അറിയിച്ചിരുന്നു. ഇതിന് പിറകെ ഇന്നലെ ഉച്ചയോടെയാണ് കപ്പക്കടവിനടുത്ത് റമീസ് സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ച് അപകടമുണ്ടാകുന്നത്.
ഗുരുതരമായി പരുക്കേറ്റ റമീസ് ഇന്ന് പുലര്‍ച്ചെ ആശുപത്രിയിലാണ് മരിച്ചത്. കള്ളക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിറകെ നടന്ന അപകടത്തില്‍ ദുരൂഹത ഉള്ളതായി കസ്റ്റംസ് സംശയിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയപ്പോള്‍ കാറില്‍ അര്‍ജുനോപ്പം റമീസും ഉണ്ടായിരുന്നു. അര്‍ജുന്‍ നടത്തിയ കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച് നിര്‍ണ്ണായക വിവരം നല്‍കേണ്ട വ്യക്തിയായിരുന്നു റമീസ്. സഞ്ചരിച്ചിരുന്നത് അര്‍ജുന്‍ ആയങ്കിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ബൈക്കിലായിരുന്നു. അപകടമുണ്ടാക്കിയ കാര്‍ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റംസ് സംശയിക്കുന്ന ദുരൂഹത അപകടത്തില്‍ ഉണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. റമീസ് അമിത വേഗതയിലെത്തി കാറില്‍ ഇടിച്ചെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക മൊഴി.
അതേസമയം
സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയത്. അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കരുതെന്ന് കസ്റ്റംസ് കോടതിയില്‍ വാദിച്ചിരുന്നു. നിരവധി തവണ വിമാനത്താവളങ്ങളിലൂടെ അര്‍ജുന്‍ സ്വര്‍ണം കടത്തിയെന്ന് വ്യക്തമായതായും കസ്റ്റംസ് കോടതിയെ അറിയിച്ചു. അര്‍ജുനെതിരെ മൊഴി നല്‍കിയ സാക്ഷികളുടെ വിവരങ്ങളും മുദ്രവെച്ച കവറില്‍ കസ്റ്റംസ് കോടതിക്ക് കൈമാറിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.