'കൊടകര കുഴല്‍പ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട്; പണം വന്ന വഴി സുരേന്ദ്രനറിയാം': കുറ്റപത്രം സമര്‍പ്പിച്ചു

'കൊടകര കുഴല്‍പ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട്; പണം വന്ന വഴി സുരേന്ദ്രനറിയാം': കുറ്റപത്രം സമര്‍പ്പിച്ചു

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ഏഴാം സാക്ഷിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.

കൊടകരയില്‍ പിടിച്ച മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണന്നും അത് വന്നത് സുരേന്ദ്രന്റെ അറിവോടെയാണെന്നും കുറ്റപത്രിലുണ്ടെന്നാണ് വിവരം. 625 പേജുള്ള കുറ്റപത്രത്തില്‍ 22 പ്രതികളും 219 സാക്ഷികളുമാണുള്ളത്. ഇരിങ്ങാലക്കുട കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്.

കുഴല്‍പ്പണ കവര്‍ച്ചാ കേസിലാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കിയിരിക്കുന്നത്. കള്ളപ്പണം കേരളത്തിലേക്ക് കൊണ്ടുവന്ന ധര്‍മരാജന്‍ സുരേന്ദ്രന്റേയും ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേശന്റേയും അടുപ്പക്കാരനാണെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കള്ളപ്പണം ബെംഗളൂരുവില്‍നിന്നാണ് എത്തിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

കര്‍ണാടകയിലേക്ക് പോയി പണം കൊണ്ടുവരാന്‍ ധര്‍മ്മരാജനെ ചുമതലപ്പെടുത്തിയത് ബിജെപിയുടെ സംഘടനാ സെക്രട്ടറിയും ഓഫീസ് സെക്രട്ടറിയും ചേര്‍ന്നാണ് എന്ന വിവരവും കുറ്റപത്രത്തിലുണ്ട്. കേസില്‍ ധര്‍മ്മരാജന്‍ രണ്ടാം സാക്ഷിയാണ്. കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനും കേസില്‍ സാക്ഷിപ്പട്ടികയിലുണ്ട്.

ആവശ്യമെങ്കില്‍ തുടരന്വേഷണത്തിനും അന്വേഷണ സംഘം ശുപാര്‍ശ ചെയ്യുന്നു. ഇതില്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കേണ്ടത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും ആദായ നികുതി വകുപ്പുമാണ്. അതുകൊണ്ട് തന്നെ കുറ്റപത്രത്തിന്റെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും കൈമാറുമെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയ പാതയില്‍ മൂന്നര കോടി രൂപ ക്രിമിനല്‍ സംഘം കവര്‍ന്നത്. ഒരു കോടി 45 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.