ബൂത്തു പിടിത്തവും കള്ളവോട്ടും ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് സുപ്രീം കോടതി

ബൂത്തു പിടിത്തവും കള്ളവോട്ടും ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് സുപ്രീം കോടതി

തിരഞ്ഞെടുപ്പില്‍ ഭയരഹിതമായും രഹസ്യ സ്വഭാവത്തോടെയും വോട്ടുചെയ്യാന്‍ സാധിക്കണം.
ജനാധിപത്യവും സ്വതന്ത്ര തിരഞ്ഞെടുപ്പും ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളാണ്.

ന്യൂഡല്‍ഹി: ബൂത്തുപിടിത്തവും കള്ളവോട്ടും ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പിന്റെ കാതല്‍ സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമായതിനാല്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ജനാധിപത്യം ശക്തിപ്പെടുത്താന്‍ രഹസ്യവോട്ട് അനിവാര്യമാണ്. ലോക്സഭയിലേക്കും സംസ്ഥാന നിയമ സഭകളിലേക്കുമുള്ള നേരിട്ടുള്ള തിരഞ്ഞെടുപ്പില്‍ ഭയരഹിതമായും രഹസ്യ സ്വഭാവത്തോടെയും വോട്ടുചെയ്യാന്‍ സാധിക്കണം. ജനാധിപത്യവും സ്വതന്ത്ര തിരഞ്ഞെടുപ്പും ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളാണ്. ആത്യന്തികമായി ജനങ്ങളുടെ താല്‍പര്യം അറിയാനുള്ള സംവിധാനമാണ് തിരഞ്ഞെടുപ്പെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

1989 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ പോളിങ് ബൂത്തിനുസമീപം സ്ലിപ് നല്‍കാന്‍ നിന്ന ബിജെപി പ്രവര്‍ത്തകനെ മര്‍ദിച്ച കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ശിക്ഷ വെറും ആറു മാസമാക്കി ചുരുക്കിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതില്‍ സുപ്രീം കോടതി അതൃപ്തിയുമറിയിച്ചു.

വോട്ടര്‍പട്ടിക പിടിച്ചുവാങ്ങി കള്ളവോട്ട് ചെയ്യാനുള്ള ലക്ഷ്യത്തോടെ പ്രതികളെല്ലാവരും നിയമവിരുദ്ധമായി സംഘം ചേര്‍ന്നുവെന്ന് തെളിഞ്ഞതായി സുപ്രീംകോടതി പറഞ്ഞു. ശിക്ഷ ശരിവെച്ച സുപ്രീം കോടതി പ്രതികളോട് ഉടന്‍ കീഴടങ്ങി ശിക്ഷയേറ്റുവാങ്ങാനും ആവശ്യപ്പെട്ടു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.